2016-08-13 16:14:00

വിഭിന്നത ഉണര്‍ത്തുന്ന ക്രിസ്തുവിന്‍റെ മൗലികത


വിശുദ്ധ ലൂക്കാ 12, 49-53. ആണ്ടുവട്ടം 20-ാം വാരം ഞായറാഴ്ച

ഒരു വീട്, രണ്ടു സഹോദരന്മാര്‍! അവര്‍ ഒരുമിച്ച് വളര്‍ന്നു വന്നു. വളര്‍ന്നു വലുതായി ഇപ്പോള്‍ വഴിയുടെ ഇരുവശത്തുമായി രണ്ടു വീടുവച്ച് അവര്‍ അയല്‍പക്കക്കാരായി താമസിക്കുകയാണ്. മക്കളായി, മക്കള്‍ വളര്‍ന്ന് ഉദ്യോഗസ്ഥരായി. അടുത്ത കാലത്തുണ്ടായ സംഭവങ്ങളുടെ  വെളിച്ചത്തില്‍ രണ്ടുപേരും തമ്മില്‍ പിണക്കമായി ശത്രുതയായി. വൈരാഗ്യമായി. ഒരാള്‍ മറ്റൊരാളുടെ കുറ്റം കൂട്ടുകാരോടും നാട്ടുകാരോടും മുഴുവന്‍ പറഞ്ഞു പരത്തി. ഒരാളെ മോശക്കാരനാക്കി. അതുതന്നെ മറ്റേയാളും ചെയ്തു. രൂക്ഷത മൂത്തിട്ട്, തൊട്ടടുത്ത് എതിര്‍വശത്ത് ആയതുകൊണ്ട് എപ്പോഴും വഴക്കും അലോഹ്യവുമാണ്. ഒരാള്‍ മറ്റെയാള്‍ക്ക് എതിരായി ചീത്തവിളിക്കുന്ന അവസ്ഥ! അതിനുപരിയായിട്ട് ഒരാള്‍ പുറത്തേയ്ക്ക് ഇറങ്ങിയാല്‍ മറ്റെയാള്‍ മുറ്റത്ത് ഇറങ്ങിനിന്ന് തെറിവിളിക്കുന്ന അവസ്ഥ! അതിനും ഉപരിയായിട്ട്, മറ്റെയാളുടെ വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയുന്നതിന് സ്വന്തം വീട്ടില്‍ മറുഭാഗത്തേയ്ക്കു തിരിച്ച് ഒരു ക്യാമറ (Surveillance Camera) വച്ചു. ഭിന്നത, ശത്രുത, വ്യക്തി ബന്ധങ്ങളിലെ വൈരാഗ്യം ഇത് സാധാരണ മനുഷ്യന്‍റെ ജീവിതത്തിന്‍റെ അനുഭവമാണ്. വഴക്കില്ലാത്ത വീട് ഏതാണുള്ളത്? കണ്ടെന്നിരിക്കാം! എന്നാല്‍ ജീവിതത്തിന്‍റെ ഏതെങ്കിലും സന്ദര്‍ഭങ്ങളിലൊക്കെ, വ്യക്തി ബന്ധങ്ങളിലും സഹോദരബന്ധങ്ങളിലും വഴക്ക് ഉണ്ടാക്കാത്തവരുണ്ട്. അതുപോലെ തന്നെ വ്യക്തി ബന്ധത്തില്‍ സുഹൃദ്ബന്ധത്തില്‍ പോലും വഴക്കും പിണക്കവും ഉണ്ടാകാത്തത് ആരാണുള്ളത്?

അത്തരം അനുഭവങ്ങളിലൂടെ സ്ഥിരമായിട്ട് കടന്നുപോകുന്നതാണ് മനുഷ്യ ജീവിതം. ഇന്ന് ഈശോ സുവിശേഷത്തില്‍ പറയുന്ന വചനമുണ്ട്. അതായത്, “ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കില്‍....” (49). എന്നിട്ട് ഈശോ തുടര്‍ന്നു പറയുന്ന വചനമുണ്ട്. “ഭൂമിയില്‍ സമാധാനം നല്കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ, അല്ല...  ഭിന്നത, എന്നു ഞാന്‍ നിങ്ങളോടു പറയും!” (51). ഇതെന്നും ക്രിസ്തു ശിഷ്യരെ അലോസരപ്പെടുത്തിയിട്ടുള്ളൊരു ക്രിസ്തു വചനമാണ്. ഈശോ പറയുന്നത്, “ഞാന്‍ വന്നിരിക്കുന്നത് സമാധാനം തരാനല്ല. മറിച്ച് ഭിന്നത ഉളവാക്കാനാണ്.” എന്നിട്ടു തുടര്‍ന്നു പറയുന്നു. “ഭിന്നിച്ചിരിക്കുന്ന  അഞ്ചുപേര്‍ ഒരു വീട്ടില്‍ ഉണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും, മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും ഭിന്നിച്ചിരിക്കും” (52). ഒരു വീട്ടില്‍തന്നെ ഭിന്നത. ഇതും നമ്മുടെ അനുഭവമാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നത. എന്നിട്ട് ഈശോ തുടര്‍ന്നു പറയുന്നു. പിതാവ് പുത്രനും, പുത്രന്‍ പിതാവിനും എതിരായും, അമ്മ മകള്‍ക്കും എതിരായും, അമ്മായിയമ്മ മരുമകള്‍ക്കും, മരുമകള്‍ അമ്മായിയമ്മയ്ക്കും എതിരായി ഭിന്നിക്കും.

ഭിന്നതയുടെ ഈ മാനുഷികമായ അനുഭവത്തില്‍ എന്തു ചെയ്യണം? എന്‍റെ ജീവിതത്തില്‍, എന്‍റെ വ്യക്തി ജീവിതത്തില്‍, വ്യക്തി ബന്ധത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ വഴക്കുണ്ടാകുമ്പോള്‍, ബന്ധം തകരാന്‍ പോകുമ്പോള്‍ ഞാന്‍ എന്തു നിലപാട് എടുക്കണം? അതാണ് ഇന്നത്തെ സുവിശേഷത്തിലൂടെയും എന്‍റെ ജീവിതത്തിലൂടെയും ഈശോ പറഞ്ഞു തരുന്നത്. നമ്മുടെ ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടും ക്ലേശവും ഏറ്റവും ദുര്‍ഘടവുമായ അവസ്ഥയാണ് ഏറ്റവും അടുത്തു നില്ക്കുന്ന സഹോദരനാകാം, പ്രിയപ്പെട്ടവനാകാം, പ്രിയപ്പെട്ടവളാകാം സുഹൃത്താകാം.  ആ ബന്ധത്തില്‍ വലിയ സംഘര്‍ഷമുണ്ടാകുമ്പോള്‍, പ്രതിസന്ധിയുണ്ടാകുമ്പോള്‍ വഴക്കുണ്ടാമ്പോള്‍, ഏറ്റവും സ്നേഹിച്ചിരുന്നവര്‍ നമ്മെ ചതിക്കുമ്പോള്‍ നമ്മെ തിരസ്ക്കരിക്കുമ്പോഴും നമ്മെ ഒറ്റിക്കൊടുക്കുമ്പോഴും, നമുക്കു വേണ്ടപ്പെട്ടവര്‍ നമ്മെ വേദനിപ്പിക്കുമ്പോളുണ്ടാകുന്ന വലിയ മനസ്സിന്‍റെ നൊമ്പരം പേറിനില്ക്കുമ്പോള്‍...! അത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണം? അതാണ് ഈശോ സുവിശേഷത്തില്‍ നമുക്കു പറഞ്ഞുതരുന്നത്.

ഒരു സംഭവം - മാരിയോ പല്‍മാരോ എന്നു പറയുന്ന മദ്ധ്യവയസ്കനായ ഒരു മനുഷ്യന്‍... 44 വയസ്സുകാരന്‍. റോമിലെ ഒരു സര്‍വ്വകലാശാലയിലെ പ്രഫസര്‍. അദ്ദേഹം ഒരു ലേഖനം എഴുതി. അത് രണ്ടായിരത്തി പതിമൂന്നില്‍! പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമായിരുന്നു. അതിന്‍റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ ഈ പാപ്പായെ ഇഷ്ടപ്പെടുന്നില്ല എന്തുകൊണ്ട്?   മാരിയോയും കൂട്ടുകാരനും ചേര്‍ന്നാണ് ലേഖനം എഴുതിയത്. പാപ്പാ ഫ്രാന്‍സിസിന് അതുവരെയ്ക്കും ഉണ്ടായതില്‍ ഏറ്റവും രൂക്ഷമായ കുറ്റപ്പെടുത്തലും വിമര്‍ശനവുമായിരുന്നു  അത്. സഭയ്ക്ക് അകത്തും പുറത്തുമുള്ള യാഥാസ്ഥിതീകരും,  പാപ്പായെ ഇഷ്ടപ്പെടാത്ത ചിലരും  ആ ലേഖനത്തെ വാനോളം പുകഴ്ത്തി. ആ വിമര്‍ശനങ്ങളെ അവര്‍ പിന്‍താങ്ങി. അതിനുശേഷം മാരിയോയും കൂട്ടുകാരും കൂടി വീണ്ടും ഒരു ലേഖനം എഴുതി പ്രസിദ്ധപ്പെടുത്തി. യുദ്ധമേഖലയിലെ ആശുപത്രിയാണ് സഭയെന്ന വിമര്‍ശനത്തെ തലനാരിഴ കീറി വിമര്‍ശിച്ചുകൊണ്ടായിരുന്നു, രണ്ടാമത്തെ ലേഖനം. അതിനും വലിയ ജനകീയ പിന്തുണ കിട്ടി. അങ്ങനെ ഇരിക്കെയാണ് മാരിയോ രോഗബാധിതനാകുന്നത്. അതും വളരെ അപൂര്‍വ്വമായ ക്യാന്‍സര്‍. മരുന്നും ചികിത്സയുമായി മാരിയോ ദിവസങ്ങള്‍ തള്ളി നീക്കുന്നൊരു കാലം.

ഒരു ദിവസം ഉച്ചകഴിഞ്ഞ നേരം. ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു. മാരിയോ ഉറക്കത്തില്‍നിന്നും കണ്ണു ചിമ്മി ഉണര്‍ന്നു. പെട്ടന്നു ഫോണടി നിന്നു. ഭാര്യ ഫോണ്‍ എടുത്തു കാണണം. അവളുടെ മറുപടികളില്‍നിന്നും അയാള്‍ക്കു മനസ്സിലായി വിളിക്കുന്നയാള്‍ തന്‍റെ സുഹൃത്തുക്കള്‍ ആരുമല്ലെന്ന്. മറിച്ച് അപരിചിതനാണെന്ന്.   ഇത് മാരിയോയുടെ വീടല്ലേ. ഫോണ്‍ എടുത്തിരിക്കുന്നത് ഭാര്യായിരുന്നല്ലോ. എന്നൊക്കെയായിരുന്നു ചോദ്യം. അവസാനം ഫോണ്‍ ഒന്നു കൊടുക്കാമോ? ഒന്നു സംസാരിക്കണം എന്ന അഭ്യര്‍ത്ഥനയായി. ഫോണുമായി കട്ടിലിന് അടുത്തെത്തിയ ഭാര്യ ആകെ പതറിയിരുന്നു. മുഖമാകെ അമ്പരപ്പ്. അരുതാത്തതെന്തോ കേട്ട മട്ടില്‍. മാരിയോയുടെ കൈയ്യിലേയ്ക്ക് ഭാര്യ ഫോണ്‍ കൊടുത്തു. എന്നിട്ടവള്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു. പാപ്പാ ഫ്രാന്‍സിസാണ്. മാരിയോ പറഞ്ഞു,  എനിക്ക് വിശ്വസിക്കാനായില്ല. പെട്ടന്നുള്ള എന്‍റെ അമ്പരപ്പ് മാറുന്നതിനു മുന്‍പ് ഫോണിന്‍റെ മറ്റേ തലയ്ക്കല്‍നിന്നും പാപ്പാ സംസാരിച്ചു. അദ്ദേഹം മാരിയോയുടെ രോഗവിവരം അന്വേഷിച്ചു. അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നു പറഞ്ഞു. പിന്നെ അധികം കാര്യങ്ങളൊന്നും അയാള്‍ക്കു സംസാരിക്കാനായില്ല.

കാരണം പാപ്പായുടെ ഫോണ്‍ വിളി കിട്ടിയതിന്‍റെ അമ്പരപ്പിലായിരുന്നു അയാള്‍. അല്ലെങ്കിലും സഭാദ്ധ്യക്ഷനായ പാപ്പായുടെ ഫോണ്‍കോള്‍ കിട്ടുകയെന്നത് ഒരു കത്തോലിക്കനെ സംബന്ധിച്ച് അവിശ്വസനീയം തന്നെയല്ലേ. സംഭാഷണത്തിന്‍റെ തുടക്കം മുതല്‍ പറയാനുള്ളത് മാരിയോ എവിടെയോ ഇതിനിടയില്‍ പറഞ്ഞൊപ്പിച്ചു. പാപ്പായെ വിമര്‍ശിച്ച ലേഖനത്തെക്കുറിച്ചുള്ള  മാപ്പ്! അസാധാരണമാം വിധം പാപ്പാ ശാന്തമായി പ്രതികരിച്ചു. സാരമില്ല, എന്നോടുള്ള സ്നേഹം കൊണ്ടല്ലേ, എന്നെ വിമര്‍ശിച്ചതും, തെറ്റെന്നു തോന്നിയത് ചൂണ്ടിക്കാട്ടിയതും. വേണം, നല്ലതു തന്നെ! ഇതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ മറുപടി. ഇതു പറഞ്ഞിട്ടും, പാപ്പായുടെ ശുഷ്ക്കാന്തി അയാളുടെ ആരോഗ്യത്തെക്കുറിച്ചും ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആരായാനായിരുന്നു പാപ്പായുടെ താല്പര്യം. അവസാനം ഫോണ്‍ വയ്ക്കുമ്പോള്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. മാത്രമല്ല, മാരിയോയ്ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കാമെന്ന ഉറപ്പു നല്കിക്കൊണ്ടാണ് പാപ്പാ ഫോണ്‍ സംസാരം അവസാനിപ്പിച്ചത്.

ശത്രുതയുണ്ടാകുമ്പോള്‍... ഭിന്നതയുണ്ടാകുമ്പോള്‍, ജീവിത ബന്ധങ്ങളില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍... മനസ്സിലേയ്ക്ക് വൈരാഗ്യവും പകയും കടന്നുവരുമ്പോള്‍... ശത്രുപക്ഷത്തു നല്കുന്നയാളോട് എന്തുചെയ്യണം? കൃത്യമായിട്ടും ഈശോ തരുന്ന മാതൃക, ജീവിതമാതൃക, ഇന്ന് പാപ്പാ ഫ്രാന്‍സിസ് കാണിച്ചു തരുന്ന മാതൃക ഇതാണ്... ശത്രുതയും കലഹവും ഉണ്ടാകുമ്പോള്‍ നീ സ്വയം ഉറപ്പാക്കേണ്ടത്, ക്രിസ്തു പക്ഷത്താണു നീ നില്ക്കുന്നത് എന്ന് ഉറപ്പു തരിക! ക്രിസ്തു പക്ഷത്താണ് നീ നില്ക്കേണ്ടത്. ക്രിസ്തുവിന്‍റെ മനോഭാവമാണ് നിനക്കുള്ളതെന്ന് ഉറപ്പാക്കുക. ക്രിസ്തുവിന്‍റെ രീതിയിലാണ് നീ പ്രതികരിക്കേണ്ടതെന്ന് ഉറപ്പാക്കുക. ക്രിസ്തുവിന്‍റെ ശൈലിയിലാണ് നിന്‍റെ സഹോദരനോട്, നിന്‍റെ സഹോദരിയോട് പ്രതികരിക്കേണ്ടതെന്ന് ഉറപ്പാക്കുക. ഇതാണ് ഒരു സംഘര്‍ഷത്തില്‍ ക്രിസ്തു ശിഷ്യന്‍, ക്രിസ്തു ശിഷ്യ സ്വീകരിക്കേണ്ട പാത. “സമാധാനമല്ല ഭിന്നതയാണ് ഉളവാക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്!” അങ്ങനെ വരുമ്പോള്‍ നീ എന്തു ചെയ്യണം? ക്രിസ്തു പക്ഷത്ത് ആയിരിക്കുക. അതൊടൊപ്പം നമുക്കെതിരെ ശത്രുതയും എതിര്‍പ്പും ശക്തമായി വരുമ്പോള്‍, നാം ക്രിസ്തു പക്ഷത്താണെന്ന് സ്വയം ഉറപ്പാക്കുന്നു, അതേ രീതിയില്‍ പ്രതികരിക്കുന്നു.

ഈ ഒരു പ്രതിസന്ധിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റ പ്രതികരണം നാം ശ്രദ്ധിക്കണം. തന്‍റെ തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന യാഥാസ്ഥിതികരുടെ എതിര്‍പ്പിനെകുറിച്ച് പറഞ്ഞുവന്നപ്പോള്‍… ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍… പാപ്പാ മറുപടി പറഞ്ഞു. “അവര്‍ അവരുടെ ജോലി ചെയ്യുന്നു, ഞാന്‍ എന്‍റെതും…! മുറവേറ്റ കുടുംബങ്ങളുടെ നൊമ്പരം മനസ്സിലാക്കി, അവരെ അനുധാവനംചെയ്യുന്ന തുറവുള്ള സഭയാണ് നമുക്ക് ആവശ്യം. ” ഏറ്റവും അവസാനത്തെ അപ്പസ്തോലിക ലേഖനത്തില്‍ Amoris Laetitia കുടുംബങ്ങളോട് പാപ്പാ ഫ്രാന്‍സിസ് എടുത്ത സമീപനത്തില്‍ അദ്ദേഹത്തിനെതിരെ പ്രതികരിക്കുന്ന യാഥാസ്ഥിതിക പക്ഷത്തിന്‍റെ പ്രതികരണത്തെക്കുറിച്ചായിരുന്നു പാപ്പാ പറഞ്ഞത്. അദ്ദേഹം തുടര്‍ന്നും, അവര്‍ എല്ലാറ്റിനെയും എതിര്‍ക്കുകയാണു ചെയ്യുന്നത്. ഞാന്‍ എന്‍റെ വഴിയേ മുന്നോട്ടു പോകുന്നു, എടതും വലതും നോക്കാതെ! ഞാന്‍ ആരുടെയും തല അറുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതൊരിക്കലും എന്‍റെ രീതിയല്ല, സംഘര്‍ഷത്തെ ഞാന്‍ ഒരിക്കലും പിന്‍തുണയ്ക്കില്ല. ശത്രുവിനോട്, എതിര്‍ പക്ഷത്തു നില്ക്കുന്നവനോട്, അഭിപ്രായം പറയുന്നവനോട് നിഹനിക്കേണ്ട...   അത് ഒരു തരം അഹിംസയാണ്. പോര ക്രിസ്തുവിന്‍റെ സ്നേഹമാണ്. ക്രൂശിതന്‍ കാണിച്ചു തരുന്ന മാതൃകയാണ്. അതായത്, സംഘര്‍ഷമുണ്ടാകുമ്പോള്‍ നീ ക്രിസ്തു പക്ഷെത്താണെന്ന്, ക്രൂശിതന്‍റെ പക്ഷത്താണെന്ന്, ക്രൂശിതന്‍റെ മനോഭാവമാണ് നിനക്കുള്ളതെന്ന് ഉറപ്പുവരുത്തുക. നിന്‍റെ മനസ്സിനെ ശുദ്ധീകരിക്കുക. എന്നിട്ട് ചെയ്യേണ്ട ധര്‍മ്മം ചെയ്ത്. ക്രിസ്തു കടന്നുപോയതുപോലെ കടന്നു പോകുക. ഒരു കാര്യം ഉറപ്പ് നമുക്ക് മാറ്റാവുന്നത് നമ്മുടെ മനോഭാവത്തെയാണ്.

എതിര്‍ പക്ഷത്തു നില്ക്കുന്നവന്‍റെ മനസ്സിനെയും പ്രവൃത്തികളെയും അധികം സ്വാധീനിക്കുവാനും മാറ്റാനും പറ്റിയെന്നു വരില്ല. ഏറ്റവും ആദ്യം മാറ്റാവുന്നതും ഏറ്റവും ആദ്യം സ്വാധീനിക്കാവുന്നതും എനിക്ക് എന്‍റെ മനസ്സിനെയും, എന്‍റെ നിലപാടുകളെയും എന്‍റെ പ്രവൃത്തികളെയുമാണ്. അതിനെ ക്രിസ്തു പക്ഷത്താക്കി വയ്ക്കുക. ഒപ്പം അത് ക്രിസ്തുവിന്‍റെ സ്നേഹം, ക്രിസ്തുവിന്‍റെ കുരുണ, ക്രിസ്തുവിന്‍റെ അഹിംസ എന്നിവ നിറയ്ക്കുക. ഇതാണ് ജീവിതത്തില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു ക്രിസ്തു ശിഷ്യന്‍ ചെയ്യാനായി അവിടുന്നു ജീവിതം വഴിയും തന്‍റെ പ്രബോധനങ്ങള്‍ വഴിയും പറഞ്ഞു തരുന്നത്.

നമുക്ക് പ്രാര്‍ത്ഥിക്കാം. ഈശോയേ, നീ പറയുന്നു. നീ സമാധാനമല്ല, ഭിന്നത ഉളവാക്കാനാണ് വന്നതെന്ന്. നിന്‍റെ നാമത്തെപ്രതിയും നിന്‍റെ നിലപാടുകളെ പ്രതിയും ഞാന്‍ ഭിന്നതയിലും സംഘര്‍ഷത്തിലും പെട്ടുപോകുമ്പോള്‍ ഈശോയേ, അവിടെയെല്ലാം നിന്‍റെ മനോഭാവം ഉള്‍ക്കൊള്ളാന്‍, നിന്‍റെ രീതികള്‍ സ്വാന്തമാക്കാന്‍ നിന്‍റെ പക്ഷത്തും നിന്‍റെ നിലപാടിനും കൂടെയായിരിക്കാന്‍ ഉള്ള വലിയ അനുഗ്രഹം, വലിയ കൃപ തരേണമേ...! എപ്പോഴും നിന്‍റെ മനസ്സിനെ എന്‍റെ മനസ്സിന് അനുരൂപപ്പെടുത്താനുള്ള വലിയ അനുഗ്രഹം എനിക്കു നീ തരിക. അതിനുള്ള ശ്രദ്ധ ജീവിതത്തിന്‍റെ ഏറ്റവും വലിയ നൊമ്പരങ്ങളിലും ഏറ്റവും വലിയ ഒറ്റപ്പെടലുകളിലും, ഏറ്റവും വലിയ വേദനകളിലും മനസ്സിന്‍റെ ഏറ്റവും വലിയ സംഘര്‍ഷത്തിലും, അതു മറ്റുള്ളവര്‍ ചതിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ ക്രിസ്തുവേ, അങ്ങേ മനോഭാവം സ്വീകരിക്കാനുള്ള കൃപ തരേണമേ! അതിനുള്ള മനസ്സിന്‍റെ ശ്രദ്ധയും സാന്നദ്ധ്യവും എനിക്കു തരണമേ! ആമേന്‍!  








All the contents on this site are copyrighted ©.