2016-08-13 11:37:00

പരസ്പരാദരവ് ഭിന്നമതസ്ഥരുടെ സഹജീവനത്തിന് അനിവാര്യം


     ഒരുമയോടെ ജീവിക്കണമെങ്കില്‍ അപരനെ ആദരവോടെ നോക്കുന്ന ഒരു മനോഭാവം അനിവാര്യമെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ .

     ഭിന്നമതാനുയായികള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട ധാരണ, മതിപ്പ്, തുറവ്, സംഭാഷണം തുടങ്ങിയവയെക്കുറിച്ച് വത്തിക്കാന്‍റെ ദിനപ്പത്രമായ ലൊസ്സെര്‍വത്തോരെ റൊമാനൊയില്‍ പ്രസിദ്ധീകരിച്ച തന്‍റെ ഒരു വിചിന്തനത്തിലാണ് അദ്ദേഹം പരസ്പരാദരവിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

     ഫ്രാന്‍സില്‍ വയോധികനായ വൈദികന്‍ ഷാക് ഹമെല്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിഷ്ഠൂര സംഭവം അനുസ്മരിക്കുന്ന അദ്ദേഹം ഇത്തരം ക്രൂരകൃത്യങ്ങള്‍ മതാന്തരസംവാദത്തിന്‍റെ വിശ്വാസ്യതയ്ക്ക് ഭീഷണിയാണെന്നും പറയുന്നു. മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും സമാധനപരമായി സഹജീവിക്കാന്‍ ആവില്ല എന്ന തെറ്റിദ്ധാരണ പരത്തുകയെന്ന നിഗൂഢലക്ഷ്യവും ഈ ക്രൂരകൃത്യത്തിന്‍റെ  കര്‍ത്താക്കള്‍ക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

    സംഘര്‍ഷഭരിതമായ ഇന്നത്തെ ലോകത്തില്‍ മതാന്തരസംവാദത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ  ആപേക്ഷികവാദത്തെ ചെറുക്കുന്ന മറുമരുന്നാണ് മതാന്തരസംഭാഷണം എന്ന് ഉദ്ബോധിപ്പിക്കുന്നു. മതാന്തരസംവാദം എന്നത് മതങ്ങളുടെ ലയനമല്ല എന്ന് വ്യക്തമാക്കുന്ന അദ്ദേഹം വാസ്തവത്തില്‍ മതാന്തരസംവാദത്തില്‍ പ്രഥമതഃ സംഭവിക്കുന്നത് സ്വന്തം വിശ്വാസം പ്രഖ്യാപിക്കലാണെന്ന് വിശദീകരിക്കുന്നു.








All the contents on this site are copyrighted ©.