2016-08-12 12:52:00

യുവത; ഭാവിയിലേക്കുള്ള സരണി തുറക്കാന്‍ കെല്പുറ്റവര്‍


     കാലഹരണപ്പെട്ട ശൈലികളെ തൂത്തെറിഞ്ഞ് കൂടുതല്‍ ശോഭനമായ ഭാവിയിലേക്കുള്ള പാതയൊരുക്കാന്‍ യുവജനത്തിനാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ – യു എന്‍ ഓയുടെ മേധാവി ബാന്‍ കി മൂണ്‍.

     അനുവര്‍ഷം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 12 നാചരിക്കപ്പെടുന്ന അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച്, “ 2030 ലേക്കുള്ള സരണി: ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ഉല്‍പ്പാദനോപഭോഗങ്ങളുടെ സന്തുലിതാവസ്ഥ കൈവരിക്കലും " എന്ന ആദര്‍ശപ്രമേയത്തോടുകൂടിയ ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹം യുവജനങ്ങളിലുള്ള തന്‍റെ   ഈ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.

     കൊടുദാരിദ്ര്യവും ആഢംബരജീവിതവും, കാര്‍ന്നു തിന്നുന്ന പട്ടിണിയും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കലും, സമ്പന്നമായ പ്രകൃതിവിഭവങ്ങളും മാലിന്യജനകങ്ങളായ വ്യവസായ ശാലകളും തുടങ്ങിയ ദുരന്തപൂര്‍ണ്ണമായ വൈരുദ്ധ്യങ്ങള്‍ യുവതയെ നേരിട്ടു ബാധിക്കുന്നുവെന്നു പറയുന്ന യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, സ്ഥായിയായ വികസന അജണ്ട 2030 എന്ന യുഎന്‍ പരിപാടി ഗൗരവമായി പരിഗണിക്കുന്ന  ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ യുവജനത്തിനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

     കൂടുതല്‍ ആരോഗ്യപൂര്‍ണ്ണവും സുരക്ഷിതവും നീതിവാഴുന്നതുമായ ഒരു ഭാവിക്കായുള്ള ഈ 15 വത്സരപദ്ധതിയുടെ ഈ ആദ്യവര്‍ഷത്തില്‍ യുവജനത്തിന്‍റെ  വളരെ കര്‍മ്മനിരതമായ ഒരു ഭാഗഭാഗിത്വം, ലോകത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധം വസ്തുക്കളുടെ ഉത്പാദനോപഭോഗങ്ങളെയും സേവനങ്ങളെയും രൂപപ്പെടുത്തുന്നതിനായി, ഉണ്ടാകുമെന്ന പ്രത്യാശയും അദ്ദേഹം തന്‍റെ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.








All the contents on this site are copyrighted ©.