2016-08-10 12:42:00

ഹൃദയത്തില്‍ നിന്നു തുടങ്ങി കരങ്ങളിലേക്കു പടരുന്ന കാരുണ്യം


പതിവുപോലെ  ഈ ബുധനാഴ്ചയും (10/08/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുദര്‍ശനം അനുവദിച്ചു.   വേദി  കഴിഞ്ഞയാഴ്ചയിലെന്നതു പോലെ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു.  പൊതുദര്‍ശനം അനുവദിക്കുന്നതിനായി ശാലയിലെത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്ന മലയാളികളുള്‍പ്പടെയുള്ള വിവിധരാജ്യക്കാരടങ്ങിയ ജനസഞ്ചയം ആനന്ദാരവങ്ങളോടെ വരവേററു.    അവരെ അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയിലുടെ പ്രസംഗവേദിയിലേക്കു നടന്നു നീങ്ങിയ പാപ്പാ കുഞ്ഞുങ്ങളെ മുത്തമിടുകയും ആശിര്‍വ്വദിക്കുകയും പലര്‍ക്കും   ഹസ്തദാനമേകുകയും കുശലം പറയുകയും ചിലര്‍ വച്ചുനീട്ടിയ ചെറു സ്നേഹോപഹാരങ്ങള്‍ സ്വീകരിക്കുകുയും ചെയ്തു.  റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായ​ണം ചെയ്യപ്പെട്ടു. നായിനിലെ വിധവയുടെ മകനെ യേശു പുനരുജ്ജീവിപ്പിക്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം ഏഴാം അദ്ധ്യായം 11 മുതല്‍ 17 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു വായിക്കപ്പെട്ടത്

    “ അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരും വലിയൊരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍. പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പമുണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.” 

      ഈ ദൈവവചനപാരായണം അവസാനിച്ചതിനെ തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധന ചെയ്ത പാപ്പാ നായിന്‍ നകരകാവാടത്തിനടുത്തുവച്ച് ഒരമ്മയ്ക്ക് ദൈവികകാരുണ്യത്തിന്‍റെ സാന്ത്വനസ്പര്‍ശമേല്‍ക്കുന്നതിനെപ്പറ്റി വിവരിക്കുകയും ജീവനിലേക്കു നയിക്കുന്ന യേശുവാകുന്ന വാതിലിനടുത്തേക്ക് നാം നടക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തു .

പാപ്പായുടെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു :                   

      നാം ശ്രവിച്ച ലൂക്കായുടെ സുവിശേഷഭാഗം (7,11-17) യേശു പ്രവര്‍ത്തിച്ച ഒരു യഥാര്‍ത്ഥ മഹാത്ഭുതത്തെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു, അതായത്, ഒരു യുവാവിന്‍റെ പുനരുത്ഥാനം. എങ്കില്‍ത്തന്നെയും ഈ സുവിശേഷഭാഗത്തിന്‍റെ കാതല്‍ അത്ഭുതമല്ല, മറിച്ച് ആ യുവാവിന്‍റെ അമ്മയോടുള്ള യേശുവിന്‍റെ ആര്‍ദ്രതയാണ്. ഇവിടെ കാരുണ്യം, ഭര്‍ത്താവ് നഷ്ടപ്പെട്ടവളും ഇപ്പോള്‍ ശവക്കല്ലറയിലേക്ക് കൊണ്ടുപോകപ്പെടുന്ന സ്വപുത്രനെ അനുഗമിക്കുന്നവളുമായ ഒരു സ്ത്രീയോടുള്ള വലിയ സഹാനുഭൂതി എന്ന പേരിലാണ് ആവിഷ്കൃതമാകുന്നത്. ഒരമ്മയുടെ കടുത്ത വേദന യേശുവിന്‍റ മനസ്സലിയിക്കുകയും പുനരുജ്ജീവിപ്പിക്കല്‍ എന്ന അത്ഭുതം പ്രവര്‍ത്തിക്കാന്‍ അവിടത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

      ഈ സംഭവം അവതരിപ്പിക്കുമ്പോള്‍ സുവിശേഷകന്‍ അനേകം കാര്യങ്ങള്‍ പ്രത്യേകമായി എടുത്തുകാട്ടുന്നുണ്ട്. നായിന്‍ എന്ന ചെറുപട്ടണത്തിന്‍റെ, ഗ്രാമത്തിന്‍റെ വാതിലിനടുത്തേക്ക് എതിര്‍ ദിശകളില്‍ നിന്നു വരുന്ന തീര്‍ത്തും വ്യത്യസ്തരായ രണ്ടു വലിയ സംഘങ്ങള്‍. ശിഷ്യന്മാരാലും വലിയൊരു ജനക്കൂട്ടത്താലും അനുഗതനായി നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന യേശു. ആ സമയത്ത് ആ നഗരത്തില്‍ നിന്ന് പരേതനെയും വഹിച്ചുകൊണ്ടു വിലാപയാത്രായി വരുന്നത് വിധവയായ അമ്മയും വലിയൊരുകൂട്ടം ജനങ്ങളും. വാതിലിനടുത്തുവച്ച് ഇരുവിഭാഗവും അവരവരുടെ വഴിക്കുപോകാന്‍ തുടങ്ങുന്നു. എന്നാല്‍ അവിടെയാണ് ലൂക്കാ സുവിശേഷകന്‍ യേശുവിന്‍റെ  മനോവികാരത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. അവളെക്കണ്ട് മനസ്സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു.(വാക്യങ്ങള്‍ 13,14) അപ്പോള്‍ വലിയ സഹാനുഭൂതിയാണ്, അവിടെ, യേശുവിന്‍റെ പ്രവര്‍ത്തികളെ നയിക്കുന്നത്: ശവമഞ്ചത്തിന്മേല്‍ തൊട്ടുകൊണ്ട് യേശു വിലാപയാത്രയെ നിറുത്തുകുയും ആ അമ്മയോടുള്ള അത്യഗാധമായ കാരുണ്യത്താല്‍ അവിടന്ന് മരണത്തെ നേര്‍ക്കുനേര്‍ എന്നു പറയാം, നേരിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അവിടന്ന് മരണത്തെ നിയതമായി നേരിടുക കുരിശിലാണ്.

       ഈ ജൂബിലിവേളയില്‍, നല്ലൊരു കാര്യമായിരിക്കും, വിശുദ്ധവാതില്‍, കാരുണ്യത്തിന്‍റെ വാതില്‍ കടക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ നായിനിലെ വാതിലിനടുത്തുവച്ചു നടന്ന ഈ സംഭവം ഓര്‍ക്കുന്നത്. യേശു കരയുന്ന അമ്മയെ കണ്ടനേരം അവള്‍ അവിടത്തെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചു. സന്തോഷസന്താപങ്ങളും പദ്ധതികളും പരാജയങ്ങളും സന്ദേഹങ്ങളും ഭീതികളും അടങ്ങിയ സ്വന്തം ജീവിതവും പേറി അത് കര്‍ത്താവിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കാനാണ് ഒരോരുത്തരും വിശുദ്ധവാതിലിനടുത്തെത്തുക. കരയരുത് എന്ന അവിടത്തെ ശക്തമായ സാന്ത്വനവചനം നമുക്കേകാന്‍, വിശുദ്ധകവാടത്തിനരികെ, കര്‍ത്താവ് നമ്മുടെ അടുത്തേക്കുവരുമെന്ന ഉറപ്പ് നമുക്കുണ്ട്. നരകുലത്തിന്‍റെ വേദനയും ദെവത്തിന്‍റെ കാരുണ്യവും തമ്മിലുള്ള സമാഗമത്തിന്‍റെ കവാടമാണിത്. വിശുദ്ധവാതില്‍ കടക്കുകവഴി നമ്മള്‍ ദൈവത്തിന്‍റെ  കാരുണ്യത്തിനുള്ളില്‍ നമ്മുടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുകയാണ്. ആ കാരുണ്യം, മൃതനായ ആ യുവാവിനോടെന്ന പോലെ, നമെല്ലാവരോടും ആവര്‍ത്തിക്കുന്നു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക (വാക്യം 14). നമ്മള്‍ എഴുന്നേറ്റ് നില്ക്കണമെന്ന് അവിടന്നാഗ്രഹിക്കുന്നു. എന്നാല്‍ പിതാവേ, ഞങ്ങള്‍ പലവുരു വീണുപോകുന്നവല്ലൊ എന്ന് നിങ്ങള്‍ പറയുമായിരിക്കും. എഴുന്നേറ്റ് മുന്നേറുക. ഇതാണ് സദാ യേശുവിന്‍റെ വാക്കുകള്‍.

      യേശുവിന്‍റെ വാക്സ്പര്‍മേറ്റപ്പോള്‍ “മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു.(വാക്യം 15). യേശുവില്‍ നിന്ന് അവനെ സ്വീകരിക്കുക വഴി അവള്‍ രണ്ടാമതും അമ്മയാകുകയാണ്, എന്നാല്‍ ഇപ്പോള്‍ ആ അമ്മയില്‍ നിന്നല്ല ആ പുത്രന്‍ ജീവന്‍ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ യേശുവിന്‍റെ ശക്തമായ വാക്കിനാലും സ്നേഹമസൃണമായ പ്രവൃത്തിയാലും അമ്മയ്ക്കും മകനും തനതായ തനിമ കൈവന്നിരിക്കുന്നു. അപ്രകാരം തന്നെ, ജൂബിലിവേളയില്‍ സഭാംബ, സ്വന്തം മക്കളെ സ്വീകരിക്കുന്നത് ദൈവത്തിന്‍റെ വരപ്രസാദം പകര്‍ന്ന ജീവന്‍ അവരിലുണ്ട് എന്ന തിരിച്ചറിവോടെയാണ്. പ്രദേശികസഭകളിലും, അതായത്, റോമില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ സഭകളിലും ഈ ജൂബിലി ആചരിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അത് ലോകമഖിലം ചിതറിക്കിടക്കുന്ന സഭ കര്‍ത്താവിനുള്ള സ്തുതിഗീതത്തില്‍ ഒന്നു ചേരുന്നതുപോലെയാണ്.

     യേശുവിലും നമ്മിലുമുള്ള കാരുണ്യം ഹൃദയത്തില്‍ നിന്നു തുടങ്ങി കരങ്ങളിലേക്കു പടരുന്ന ഒരു യാത്രയാണ്. എന്താണ് ഇതിനര്‍ത്ഥം? യേശു നിന്നെ നോക്കുന്നു, അവിടത്തെ കാരുണ്യത്താല്‍ അവിടന്ന് നിന്നെ സുഖപ്പെടുത്തുന്നു. നിന്നോ‌ടു പറയുന്നു: എഴുന്നേല്ക്കൂ. നിന്‍റെ ഹൃദയം പുതിയതാണ്. ഇതാണ് ഹൃദയത്തില്‍ നിന്ന് കരങ്ങളിലേക്കുള്ള യാത്ര. നവമായ ഒരു ഹൃദയത്തോടുകൂടി, യേശു സൗഖ്യമാക്കിയ ഒരു ഹൃദയത്തോടുകൂടി ഞാന്‍ കാരുണ്യപ്രവര്‍ത്തികള്‍ എന്‍റെ കരങ്ങളാ‍ല്‍ ചെയ്യും. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാനും പരിചരിക്കാനും ഞാന്‍ ശ്രമിക്കും. അതെ, കാരുണ്യം ഹൃദയത്തില്‍ നിന്നു തുടങ്ങി കരങ്ങളിലെത്തുന്നു, അതായത് കാരുണ്യപ്രവര്‍ത്തികളിലെത്തുന്നു.  നന്ദി.

      പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന  ഈ മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളി‍ല്‍ വായിക്കപ്പെട്ടു.  പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തിനെ തുടര്‍ന്ന് കര്‍ത്ത‍ൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.