2016-08-06 11:03:00

ഏവരും പൊറുക്കലിന്‍റെ അനുഗ്രഹത്താല്‍ സ്പര്‍ശിതരാകട്ടെ


      ജപ്പാനിലെ ഹിരോഷിമ-നാഗസാക്കി നഗരങ്ങളില്‍ അണുബോംബു വര്‍ഷിക്കപ്പെട്ടതിന്‍റെ വാര്‍ഷികാനുസ്മര​ണവേളയില്‍ വ്യക്തികളും വിശ്വാസസമൂഹങ്ങളും പൗരസമൂഹങ്ങളും പൊറുക്കലിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രത്യാശയുടെയും അനുഗ്രഹങ്ങളാല്‍ സ്പര്‍ശിതരാകട്ടെയെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി ആശംസിക്കുന്നു.

     1945 ആഗസ്റ്റ് 6,9 തീയതികളില്‍ യഥാക്രമം ഹിരോഷിമ നാഗസാക്കി നഗരങ്ങളെ തകര്‍ത്ത അണുബോബാക്രമണമുണ്ടായതിന്‍റെ എഴുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച (06/08/16) ഈ സമിതി പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

     ഈ വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച (06/08/16)  ഹിരോഷിമരൂപതയുടെ കത്തീദ്രലില്‍ അര്‍പ്പിക്കപ്പെട്ട സമൂഹദിവ്യബലിയുടെ അവസാനം നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രതിനിധി ഈശോസഭാവൈദികനും കാനഡസ്വദേശിയുമായ മൈക്കിള്‍ ത്സേര്‍ണി ഈ സന്ദേശം വായിച്ചു.             

     തകര്‍ന്നുപോകാനും നിരാശയിലമരാനുമല്ല പ്രത്യുത ദൈവത്തിന്‍റെ   സ്നേഹാനുഗ്രങ്ങള്‍ പൊറുക്കലും സൗഖ്യപ്പെടുത്തലുമായി നമ്മിലേക്ക് കടന്നുവരുന്നതിനായി നമ്മുടെ പാപകരങ്ങളും വേദനാജനകങ്ങളുമായ നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ അവസരമേകുന്ന കരുണയുടെ അസാധാരണ ജൂബിലിവേളയിലും രൂപാന്തരീകരണത്തിരുന്നാള്‍ ദിനത്തിലും ഈ വാര്‍ഷികാനുസ്മരണം നടക്കുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്ന ഈ സന്ദേശം, ഈ ജൂബിലിയും തിരുന്നാളും, സ്വര്‍ഗ്ഗസ്ഥാനായ പിതാവ് നമ്മുടെ ഹൃദയം നിറഞ്ഞുകവിയത്തക്കവിധം ചൊരിയാന്‍ അഭിലഷിക്കുന്ന കാരുണ്യത്തിന് നമ്മെ തുറന്നുകൊടുക്കട്ടെയെന്ന് ആശംസിക്കുന്നു.

     ഒരുവന്‍ അപരനെതിരെ ഇനിയൊരിക്കലും തിരിയരുത്, ഇനിയൊരിക്കലും യുദ്ധം അരുത് എന്ന് 1965 ഒക്ടോബര്‍ 4 ന് ന്യുയോര്‍ക്കില്‍ വച്ച് ഐക്യരാഷ്ട്രസഭയെ സംബോധനചെയ്യവെ പറഞ്ഞ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചരമദിനം കൂടിയാണ് ആഗസ്റ്റ് 6 എന്നതും ഈ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

     38 വര്‍ഷം മുമ്പ്, അതായത്, 1978 ആഗസ്റ്റ് 6 നായിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ കാലം ചെയ്തത്.

     അമേരിക്കന്‍ ഐക്യനാടുകളുടെ അണുബോബാക്രമണം ഹിരോഷിമയില്‍ 166000 ത്തോളവും നാഗസാക്കിയില്‍ 80000 ത്തോളവും പേരു‌ടെ ജീവനപഹരിച്ചു.








All the contents on this site are copyrighted ©.