2016-08-06 14:11:00

ജാഗരൂകരായിരിക്കുവിന്‍! ‘ശവക്കച്ചയ്ക്ക് പോക്കറ്റില്ല!!’


വിശുദ്ധ ലൂക്കായുടെ സുവിശേഷം 12, 32-48.

പാപ്പാ ഫ്രാന്‍സിസ് തന്‍റെ ബാല്യകാലം ഓര്‍ക്കുന്ന അവസരത്തില്‍, ജീവിതത്തില്‍ ഉടനീളം എടുത്തു പറയുന്നൊരു കാര്യമുണ്ട്. ചെറുപ്പകാലത്ത് തന്‍റെ ജീവിതത്തില്‍ മാതൃകയും ആദര്‍ശവും, തന്നെ വളര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ചിരുന്ന മുത്തശ്ശി – അപ്പന്‍റെ അമ്മ. പറഞ്ഞൊരു വാചകം പാപ്പാ പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. ആ വാചകം ഇതാണ് – ‘ശവക്കച്ചയ്ക്ക് പോക്കറ്റില്ല!’ വളരെ അര്‍ത്ഥഗര്‍ഭമായ വാക്കാണ്. വളരെ ചെറുപ്രായത്തില്‍ ഈ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള വാക്കാണിത്. ശവക്കച്ചയ്ക്ക് പോക്കറ്റില്ല. മരിച്ചയാള്‍ ഇട്ടുകൊണ്ടുപോകുന്ന കുപ്പായത്തിന് കീശയില്ല,  പോക്കറ്റില്ല. പോക്കറ്റില്ല എന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്? മരിച്ചയാള്‍ക്ക് ഒന്നും എടുത്തു കൊണ്ടുപോകാനോ, കൂടെക്കൊണ്ടുപോകാനോ ആവില്ല. പണസഞ്ചി ഇടാന്‍ പറ്റില്ല, കാശിടാന്‍ ഒന്നും പറ്റില്ല, സാധനങ്ങള്‍ ഇടാന്‍ പറ്റില്ല, സ്വന്തമാക്കിയ ആധാരമോ... ഒന്നും പറ്റില്ല. അതായത്, മരിച്ചു കഴിഞ്ഞ് ഇട്ടിരിക്കുന്ന ഉടുപ്പില്‍ ഒന്നും കൊണ്ടുപോകാന്‍ പറ്റില്ല എന്നാണ്. കാരണം ശവക്കച്ചയ്ക്ക് പോക്കറ്റില്ല. ഇത് വളരെ മനോഹരമായ പറച്ചിലാണ്.

 

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്നൊരു വാചകമുണ്ട്. അതായത്, നിങ്ങള്‍ക്കുള്ളവ വിറ്റ് നിങ്ങള്‍ ധര്‍മ്മം കൊടുക്കുവിന്‍. ഈശോ പറയുന്നു നിങ്ങളുടെ സമ്പത്ത് വിറ്റ് നിങ്ങള്‍ ധര്‍മ്മംചെയ്യുവിന്‍ എന്ന്. നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍! എന്തിനാണ്...? പഴകിപ്പോകാത്ത പണസഞ്ചികള്‍ നിങ്ങള്‍ കരുതിവയ്ക്കുവിന്‍. കൂടാതെ, ഒടുങ്ങാത്ത നിക്ഷേപം അതില്‍ സംഭരിച്ചുവയ്ക്കുവിന്‍. ഇതാണ് ഈശോ ശിഷ്യരോടു പറയുന്നത്. അതായത് ഈശോ നമ്മോടു പറയുന്നത്, നമ്മുടെ സമ്പത്ത് ധര്‍മ്മമായിട്ട്, ദാനമായിട്ട് കൊടുക്കുവിന്‍ എന്നാണ്. കൊടുക്ക് എന്നാണ്. ഇവിടെയുള്ളതു കൊടുക്ക്... എന്തിന്? ഭാവിയില്‍ നമുക്ക് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടാന്‍ വേണ്ടീട്ട്. ഇത് ജീവിതത്തിന്‍റെ ഒരു ഭാഗമായിട്ട് ക്രിസ്തുശിഷ്യന്‍, അല്ലെങ്കില്‍ ശിഷ്യ ഉള്‍ക്കൊള്ളേണ്ടതാണ്. അതായത്, എന്താണ്... ഏതാണ് നിനക്ക് പ്രധാനപ്പെട്ടത്, എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നിന്‍റെ ജീവനാണോ, സമ്പത്താണോ? ഇത് സുവിശേഷത്തില്‍ ഈശോ പല ആവര്‍ത്തി പറയുന്ന കാര്യമാണ്. ഏതാണ് പ്രധാനപ്പെട്ട കാര്യം?

Which is more important for you.  Your life or your possession? ജീവിതമാണോ, നിന്‍റെ സമ്പത്താണോ പ്രധാനപ്പെട്ടത്, ഒന്നാമത് വരേണ്ടത്? സംശയമില്ല. ദൈവമാണ്... ദൈവമാണ്!

ഉദാഹരണത്തിന് ബാങ്കില്‍ കോടികള്‍ കിടന്നിട്ടും, ഉടമസ്ഥന്‍ ഇന്നു രാത്രി മരിച്ചു പോകുകയാണെങ്കില്‍....! എന്തു ഫലം? ഏതാണു പ്രധാനപ്പെട്ടത്. നിന്‍റെ ജീവനാണോ നിന്‍റെ സമ്പത്താണോ? അതുകൊണ്ട് ഈശോ പറയുന്നത്, നിന്‍റെ സമ്പത്തു വിറ്റുവിറ്റ് നീ എന്തുചെയ്യണം? ജീവന്‍, നിത്യജീവന്‍... മരിച്ചു കഴിഞ്ഞാലും നീണ്ടുനിലക്കുന്ന ജീവന്‍, നിത്യജീവന്‍ പ്രാപിക്കാന്‍ ഒരുങ്ങണമെന്നാണ്. അതാണ് സ്വര്‍ഗ്ഗരാജ്യം! അതാണ് സ്വര്‍ഗ്ഗ രാജ്യത്തിനായുള്ള നിക്ഷേപം!! ഇതു നേടാനാണ് ഈശോ പറയുന്നത് പഠിപ്പിക്കുന്നത്.

 

യൂറോപ്പില്‍ ഒരു മലയാളിക്കുടുംബം, ഞാ‍ന്‍ അവിടെ സന്ദര്‍ശിക്കവെ, അവരുടെ കൂടെ ഒരുദിവസം താമസിച്ചു. പിറ്റെദിവസം രാവിലെ അവര്‍ എന്നെ പ്രഭാതഭക്ഷണത്തിനു വിളിച്ചു.  വിളിച്ചു കൊണ്ടുപോയി പ്രാതലിന് ഇരുത്തി. ഭക്ഷണമെല്ലാം കഴിച്ചുകഴിഞ്ഞപ്പോള്‍ ആ കുടുംബത്തിന്‍റെ നാഥന്‍, ഗൃഹനാഥന്‍ എന്നെ വിളിച്ചുകൊണ്ടുപോയി. താഴത്തെ നിലയിലേയ്ക്കായിരുന്നു. അവിടെ ചുറ്റിനും ഗ്ലാസ്സാണ്. അവിടെ കൊണ്ടുപോയിട്ടു ചോദിച്ചു, അച്ചോ അപ്പുറത്തേയ്ക്കു നോക്കുമ്പോള്‍ എന്തു കാണുന്നു? അവിടെ ഒരു പുല്‍ത്തകിടി കാണുന്നു പുല്‍ത്തകിടി കഴിഞ്ഞോ? ഒരു റോ‍ഡുകാണുന്നു. റോ‍ഡു കഴിഞ്ഞോ...? റോഡു കഴിഞ്ഞിട്ട്... ഇതുപോലൊരു വീട്. അതും കഴിഞ്ഞിട്ടോ...? ഞാന്‍ പറഞ്ഞു അതു കഴിഞ്ഞ്, ഇതുപോലൊരു പുല്‍ത്തകിടി. അതും എന്‍റെ വീടാ! ആ ചേട്ടന്‍ പറഞ്ഞു. അപ്പോ, ഈ വീടുപോരേ? ഞാന്‍ ചോദിച്ചു. എന്‍റെച്ചോ... ഒത്തുകിട്ടിയപ്പോള്‍ അതങ്ങനെ വാങ്ങിച്ചതാണ്. അങ്ങനെ നേരേ... നേരേ... രണ്ടു വീടുകള്‍ ഒത്തുകിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ ഒരു സാഹചര്യം വന്നു. അതു വില്പനയ്ക്കു വന്നു. അതു ഒത്തുകിട്ടി. ഞാന്‍ അതങ്ങു വാങ്ങിച്ചു. എന്നി‌‌ട്ടു പറഞ്ഞു, ഇതുപോലെ വേറൊരു വീടുകൂടെ എനിക്ക് ഈ ടൗണില്‍ ഉണ്ട്. യൂറോപ്പില്‍ ഒരു പട്ടണത്തിലാണെന്ന് ഓര്‍ക്കണം. തീര്‍ന്നില്ല. കൂടാതെ നാട്ടില്‍ ഈയിടെ നാലുകോടി രൂപാമുടക്കി മറ്റൊരു വീടുകൂടെ വാങ്ങിയിട്ടുണ്ടത്രേ! ഞാന്‍ പറഞ്ഞു, അതും കൊള്ളാമല്ലോ!

 

ചോദ്യം ഏതാണ് ഏതാണ് പ്രധാനപ്പെട്ടത്? ഒന്നാമത്തത്. നിന്‍റെ ജീവനാണോ നിന്‍റെ സമ്പത്താണോ? എന്നിട്ട് ഈശോ ഇതു പറഞ്ഞു മുന്നോട്ടു പോകുമ്പോള്‍ പറഞ്ഞു വയ്ക്കുന്ന ഒരു സൂത്രവാക്യമുണ്ട്. “നിന്‍റെ നിക്ഷേപം എവിടെയായിരിക്കുന്നുവോ, അവിടെയായിരിക്കും നിന്‍റെ ഹൃദയവും” (ലൂക്ക 12, 34). ക്രിസ്തു എന്നോടും നിങ്ങളോടും ചോദിക്കുന്നുണ്ട്, നിന്‍റെ ഹൃദയം എവിടെയാണ്? നിന്‍റെ സമ്പത്തിലാണോ? നിന്‍റെ ഭൂമിയിലാണോ, ബാങ്ക് ബാലന്‍സിലാണോ.. സമ്പത്തിലാണോ? എവിടെയാണ്. അതോ, നിന്‍റെ സോഷ്യല്‍ സ്റ്റാറ്റസിലാണോ, നിന്‍റെ പ്രശസ്തിയിലാണോ? ഏതിലാണു നിന്‍റെ ഹൃദയം? ഏതിനെയാണ് നിന്‍റെ ഹൃദയത്തില്‍ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്? നിന്‍റെ ഹൃദയം എവിടെ ആയിരിക്കുന്നുവോ, അവിടെയായിരിക്കും നിന്‍റെ നിക്ഷേപം! ഈ ഭൗതികമായ സമ്പത്തുകള്‍ വെറുതെ കൊടുക്കാനാണു ഈശോ പറയുന്നത്. തിരിച്ചു കിട്ടാത്തവിധം കൊടുക്കാനാണ് പറയുന്നത്. ധര്‍മ്മം കൊടുക്കാനാണ് പറയുന്നത്. അങ്ങനെ കൊടുക്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കുമ്പോള്‍ ജീവന്‍ നിത്യതയിലേയ്ക്കു വളരുന്നു.

 

ഒരിക്കല്‍ കിഡ്ണി ഫെഡറേഷന്‍റെ (Kidney Federation) ചെയര്‍മാന്‍, ഫാദര്‍ ഡേവിസ് ചിറമ്മേല്‍ പറഞ്ഞൊരു കാര്യമുണ്ട്. നാം പുറത്തേയ്ക്കിറങ്ങുമ്പോള്‍ കയ്യില്‍ രണ്ടായിരം രൂപ ഉണ്ടെന്നിരിക്കട്ടെ. രാവിലെ വഴിയിലേയ്ക്കു ചെല്ലുമ്പോള്‍ ആദ്യം കാണുന്ന പാവപ്പെട്ട മനുഷ്യന് ഒരായിരും രൂപകൊടുത്താലോ? അയാള്‍ അന്തിച്ചു നില്ക്കും. എന്തു പറ്റി ഇയാള്‍ക്ക്? അബദ്ധം പറ്റിയോ, എന്നു വിചാരിക്കും. എന്നാല്‍... ആ മനുഷ്യന്‍റെ മുഖത്തു കാണുന്ന സന്തോഷം കണ്ടിട്ട് പറയുന്നു, ഇല്ല... ഇത് നിനക്കുള്ളതാണ്... ഇരിക്കട്ടെ! എന്നു പറയുമ്പോള്‍ അയാളുടെ മുഖത്തെ സന്തോഷം വര്‍ദ്ധിക്കുകയാണ്!

 

പിന്നെയും അടുത്തു കാണുന്ന മറ്റൊരു പാവപ്പെട്ട മനുഷ്യന്‍, അല്ലെങ്കില്‍ ലോട്ടറി വില്പനക്കാരനും കൊടുക്കുന്നു ഒരായിരം! അപ്പോഴോ? അങ്ങനെ ആര്‍ക്കെല്ലാം കൊടുക്കുന്നുവോ അവരുടെ മുഖത്തു വിരിയിക്കുന്ന സന്തോഷം സവിശേഷമാണ്. ആ സന്തോഷവും സംതൃപ്തിയും നമ്മിലും ഒരാനന്ദം വിരിയിക്കില്ലേ, ഉണര്‍ത്തില്ലേ?! എന്നാല്‍ ഈ പണമെല്ലാം കൈയ്യില്‍ വച്ചുകൊണ്ടു നടന്നാലോ? നമുക്കീ സന്തോഷം ലഭിക്കുമോ? നമ്മുടെ സമ്പത്തില്‍നിന്നു നാം കൊടുക്കണം, പങ്കുവയ്ക്കണം. അങ്ങനെ കൊടുക്കുമ്പോഴും, പങ്കുവയ്ക്കുമ്പോഴുമാണ് ആനന്ദം ലഭിക്കുന്നത്. അറിയാതെ നീ എളിയവന്‍റെ ജീവിതത്തിലേയ്ക്ക് കടന്നു കയറുന്നു. മരിച്ചാലും കൊടുത്തവനെക്കുറിച്ചുള്ള ഓര്‍മ്മ നമ്മില്‍ ജീവിക്കുന്നു. നിത്യതയിലേയ്ക്ക് നമ്മുടെ ജീവന്‍ വളരുന്ന അവസ്ഥയാണിത്. ഇതു ചെയ്യാനാണ് - കൊടുക്കുവാനാണ്, പങ്കാവയ്ക്കുവാനാണ് ഈശോ എന്നോടും നിങ്ങളോടും ആവശ്യപ്പെടുന്നത്. കൊടുത്തു കൊടുത്ത്, നശിച്ചുപോകാത്ത സ്വര്‍ഗ്ഗരാജ്യം കൈവശമാക്കുവിന്‍!

 

ഇത്തരമുള്ളൊരു കൊടുക്കലിന് എന്‍റെ മനസ്സിനെ ഒരുക്കണമെങ്കില്‍,  സന്നദ്ധമാക്കണമെങ്കില്‍ അതിന് ഇണങ്ങുന്ന ഒരു വ്യവസ്ഥയുണ്ട്. അത് ഈ സുവിശേഷ ഭാഗത്തു തന്നെ തൊട്ടുമുന്‍പ് ഈശോ പറയുന്നുണ്ട്.. എന്തു തിന്നുമെന്നോ, എന്തു കുടിക്കുമെന്നോ ഓര്‍ത്തു നിങ്ങള്‍ ആകുലചിത്തരാകേണ്ട? ഇവയെല്ലാം നിങ്ങള്‍ക്ക് ആവശ്യമാണെന്ന് അറിയുന്ന പിതാവ്, സ്വര്‍ഗ്ഗസ്ഥനായ പിതാവ്, കരുണയുള്ള പിതാവ് നിങ്ങള്‍ക്കു നല്കും (ലൂക്കാ 12, 30). കൊടുക്ക്, അങ്ങനെ കൊടുത്തു കഴിയുമ്പോള്‍ എന്താണു സംഭവിക്കുന്നത്..? നിന്‍റെ കൈയ്യില്‍ ഒന്നും ഇല്ലാത്ത അവസ്ഥ വരുന്നു. ഭക്ഷിക്കാനൊന്നുമില്ല, കുടിക്കാനൊന്നുമില്ല, ഉടുക്കാനൊന്നുമില്ല സ്വന്തം സുരക്ഷിതത്വത്തിന് ഒന്നുമില്ല! എന്നാല്‍ ഇതെല്ലാം ആവശ്യമാണെന്ന് നിന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന് അറിയാം.

 

കൊടുക്കുന്നതിനുള്ള കാരണം പിതാവിലുള്ള നിന്‍റെ വിശ്വാസമാണ്! തമ്പുരാന്‍, പിതാവ്, അവിടുന്ന് എന്‍റെ ആവശ്യങ്ങളെല്ലാം നോക്കിക്കൊള്ളും എന്ന പ്രത്യാശ! ജീവിതത്തിന്‍റെ നാഥായി കൂടെയുണ്ട്, അവന്‍ എല്ലാം നോക്കിക്കൊള്ളും, നടത്തിത്തരും എന്ന വിശ്വാസമുള്ളവനേ... കലവറയില്ലാതെ അങ്ങനെ കണ്ണുമടച്ചു കൊടുക്കാനാകൂ. പിതാവിലുള്ള വിശ്വാസമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. തിരിച്ചു പ്രതീക്ഷിക്കാതെ, തിരിച്ചുകിട്ടില്ലെന്ന ഉറപ്പോടെ കൊടുക്കുന്നതിനാല്‍ നാം അറിയാതെ തമ്പുരാന്‍റെ സ്വഭാവത്തിന്‍, എല്ലാം നല്കുന്ന ക്രിസ്തുവിന്‍റെ സ്വഭാവത്തിലേയ്ക്ക് – സ്വന്തം ജീവന്‍പോലും, അത് കുരിശില്‍..., അന്ത്യഅത്താഴത്തില്‍ തന്‍റെ ശരീരവും രക്തവും പങ്കുവയ്ക്കുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തിന്‍റെ വലുപ്പത്തിലേയ്ക്ക് നമ്മളും വളരുന്നു. നമ്മെയും വളര്‍ത്തുന്നു. എല്ലാം കൊടുക്കുന്നവനാകുന്ന ദൈവിക സ്വഭാവം നിന്നില്‍ വളര്‍ന്നുവരുന്നു.  അപ്പോഴാണ് ജീവന്‍ നിത്യതയിലേയ്ക്കു വളരുന്നത്. നിന്‍റെ ജീവന്‍ ദൈവികതയെയാണ് സ്പര്‍ശിക്കുന്നത്. ക്രിസ്തു കാട്ടിത്തരുന്ന വഴിയാണിത് – ദൈവികത ആര്‍ജ്ജിക്കാനുള്ള വഴി. ദൈവമകനാകാനുള്ള വഴി, ദൈവത്തിന്‍റെ മകളാകാനുള്ള വഴി. ദൈവികത സ്വന്തമാക്കാനുള്ള വഴി. നിത്യജീവന്‍ അവകാശപ്പെടുത്താനുള്ള വഴി. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടാനുള്ള വഴി. കൊടുക്കുക, നിനക്കു കിട്ടിയതെല്ലാം ധര്‍മ്മമായി കൊടുക്കുക, പങ്കുവയ്ക്കുക.

 

നമുക്കു പ്രാര്‍ത്ഥിക്കാം. ഈശോയേ, അങ്ങു പഠിപ്പിക്കുന്ന ഈ  ത്യാഗപൂര്‍വ്വം കൊടുക്കുന്ന ജീവിതത്തിന്‍റെ അമൂല്യമായ സത്യം സ്വീകരിക്കാനുള്ള കൃപയും മനസ്സും എന്നില്‍ ഒരുക്കണമേ! നാഥാ, അങ്ങു പറയുന്നുവല്ലോ... ഉള്ളതെല്ലാം കൊടുക്കുക. ദാനമായി കൊടുക്കുക. അത് സമയമാകാം, സാന്നിദ്ധ്യമാകാം, ജീവിതമാകാം. അങ്ങ് എന്നോട് കൊടുക്കാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ കൊടുക്കാനും, പിന്നെ കൊടുക്കുന്ന രീതിയില്‍ അങ്ങില്‍ ശരണപ്പെട്ടുകൊണ്ടു കൊടുക്കുവാനും...! കൊടുത്തു കഴി‍ഞ്ഞാലും അങ്ങു ഞങ്ങടെ കൂടെയുണ്ടെന്നുള്ള വിശ്വാസത്തോടെ മുന്നോട്ടു പോകുവാനും, അങ്ങനെ കൊടുക്കുമ്പോള്‍... ഞങ്ങള്‍ നിത്യതയിലേയ്ക്കാണ് വളരുന്നത് എന്ന് തിരിച്ചറിയുവാനുള്ള കൃപയും എനിക്കു തരണമേ!. നാഥാ, അങ്ങ് തന്നെ ഈ കൊടുക്കലിന്‍റെ ചൈതന്യം എന്നില്‍ ഉരുവാക്കുകയും വളര്‍ത്തുകയും, എന്‍റെ സ്വഭാവത്തിന്‍റെ ഭാഗമാക്കുകയും ചെയ്യണമേ! ആമ്മേന്‍.








All the contents on this site are copyrighted ©.