2016-08-05 12:52:00

റിയൊഒളിമ്പിക്സ് കായികാഭ്യാസികള്‍ സാഹോദര്യത്തിന്‍റെ ദൂതരാകുക


     റിയൊ ഒളിമ്പിക് കായികമാമാങ്കത്തില്‍ പങ്കെടുക്കുന്ന കായിമത്സരാര്‍ത്ഥികള്‍ക്ക് മാര്‍പ്പാപ്പായുടെ ആശംസകള്‍ വീണ്ടും.

ബ്രസീലിലെ റിയൊ ദ്ജെ ഷനൈരൊ പട്ടണത്തില്‍ ഒളിമ്പിക്ക് മത്സരത്തിന് തിരിതെളിഞ്ഞ ദിനമായ വെള്ളിയാഴ്ചത്തെ (05/08/16) ട്വിറ്ററിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ മംഗളങ്ങള്‍ നേര്‍ന്നത്.

    2016 ലെ റിയൊ കായികാഭ്യാസികള്‍ക്ക് ആശംസകള്‍! നിങ്ങള്‍ സദാ, സാഹോദര്യത്തിന്‍റെയും  യഥാര്‍ത്ഥ കായികവിനോദചെതന്യത്തിന്‍റെയും ദൂതരായിരിക്കുക എന്നാണ് ഫ്രാന്‍സീസ് പാപ്പാ റിയൊ 2016 എന്ന ഹാഷ് ടാഗോടുകൂടി ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്ന സന്ദേശം.

      ഈ മാസം (ആഗസ്റ്റ്) 21 വരെ നീളുന്ന റിയൊ ഒളിമ്പിക്സിന്. ബുധനാഴ്ചത്തെ (03/08/16) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ  വിജയാശംസകള്‍ നേര്‍ന്നിരുന്നു

      വ്യാഴാഴ്ചത്തെ (04/08/16) ട്വീറ്റില്‍ പാപ്പാ ദൈവത്തിന്‍റെ പൊറുക്കല്‍ സീമാതീതമാണെന്ന് ഓര്‍മ്മിപ്പിച്ചു.

     അസ്സീസിയിലെ പാപപ്പൊറുതിയുടെ എട്ടാം ശതാബ്ദിയോടനുബന്ധിച്ച് അസ്സീസിയിലെ പൊര്‍ത്സിയുന്‍കോള തീര്‍ത്ഥാടനകേന്ദ്രം വ്യാഴാഴ്ച (04/08/16) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ, ദൈവം നമ്മോടുകാട്ടുന്ന കരുണയുടെ ആഴം ഗ്രഹിക്കാനുള്ള പരോക്ഷമായ ക്ഷണമാണ് ഈ ട്വിറ്റര്‍ സന്ദേശത്തിലൂടെ നല്കിയത്.

     ദൈവത്തിന്‍റെ ക്ഷമയ്ക്ക് അതിരുകളില്ല. മാപ്പപേക്ഷിക്കുന്ന ഹൃദയത്തിലേക്ക് ദൈവം നോക്കുന്നു എന്നാണ് പാപ്പാ ട്വിറ്ററില്‍ അസ്സീസി, പൊര്‍ത്സിയുന്‍കോള എന്നീ ഹാഷ് ടാഗുകളോടെ കുറിച്ചിരിക്കുന്നത്.

     അറബിയുള്‍പ്പടെ 9 ഭാഷകളില്‍ പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശങ്ങള്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.