2016-08-01 12:08:00

പാപ്പാ ഫ്രാന്‍സിസ് പോളണ്ടില്‍ യുവജനങ്ങള്‍ക്ക് ‘ഹരമായി’


ജൂലൈ 30-ാം തിയതി ശനിയാഴ്ച. ലോക യുവജനമേളയുടെ മുഖ്യവേദിയായ ബ്ലോഞ്ഞാ പാര്‍ക്കിലായിരുന്നു പാപ്പാ ഫ്രാന്‍സിസ് നയിച്ച ജാഗരപ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും. യുവജനങ്ങളെ സ്പര്‍ശിച്ച ആത്മീയ അനുഭവമായിരുന്നു. ക്രാക്കോയിലെ താല്‍ക്കാലിക വസതിയായ മെത്രാസന മന്ദിരത്തില്‍നിന്നും തന്നെ വിളിക്കാനും ക്ഷണിക്കാനുമെത്തിയ ഏതാനും യുവതീ യുവാക്കള്‍ക്കൊപ്പമാണ് ഒരു കിലോമീറ്റര്‍ ദൂരം തുറന്ന പേപ്പല്‍ വാഹനത്തില്‍ പാപ്പാ സഞ്ചരിച്ച് പാര്‍ക്കിലെ ജാഗരാനുഷ്ഠാനവേദിയില്‍ എത്തിയത്.

‌പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയം സ്തുതിപ്പുകളുടെയും ചിലപ്പോള്‍ ദൃശ്യാവതരങ്ങളുടെയും സുന്ദരമുഹൂര്‍ത്തങ്ങളിലൂടെ നീങ്ങിയ ഒരു മണിക്കൂറിന്‍റെ അന്ത്യത്തില്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വാദമായിരുന്നു.

ജാഗരപ്രാര്‍ത്ഥനയില്‍ യുവജനങ്ങള്‍ പങ്കുവച്ച ജീവിതാനുഭവങ്ങളെയും അവരുടെ സാമൂഹിക കാഴ്ചപ്പാടുകളെയും ആധാരമാക്കിയായിരുന്ന പാപ്പായുടെ പ്രഭാഷണം. പീഡനത്തില്‍ കഴിയുന്ന രാജ്യങ്ങള്‍, കുടുംബജീവിതം, ലോകത്തിന്‍റെ കലുഷിതാവസ്ഥ, രോഗികള്‍, മാനസിക വ്യഥകള്‍ അനുഭവിക്കുന്നവര്‍, ജീവിതമാന്ദ്യവും അലസതയും അനുഭവിക്കുന്നവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടികളാകുന്നവര്‍, മാധ്യമസുഖലോലുപരും ‘സോഫാ’ തളവാദരോഗികളും എന്നിവയെ കേന്ദ്രീകരിച്ചാണ് ചിന്തകളും പ്രാര്‍ത്ഥനകളും മുന്നോട്ടു നീങ്ങിയത്. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ യുവജനങ്ങള്‍ക്കുണ്ടാകുന്ന വെല്ലുവിളിയെക്കുറിച്ച് പ്രബോധിപ്പിച്ചുകൊണ്ടാണ് പതിവു തെറ്റിച്ച് വളരെ നീണ്ട പങ്കുവയ്ക്കലേയ്ക്ക് കടന്ന പാപ്പാ ധ്യാനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.