2016-07-26 12:07:00

സമ്പദ്ഘടന പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനുള്ളതല്ല


     സമ്പദ്ഘടന പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുതീര്‍ക്കുന്നതിനുള്ളതല്ല, പ്രത്യുത, മനുഷ്യവ്യക്തിയുടെ സംപൂര്‍ണ്ണ സാക്ഷാത്ക്കാരത്തിനും യഥാര്‍ത്ഥവികസനത്തിനും ഉതകുന്നതായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

     പോളണ്ടിലെ ക്രക്കോവിലുള്ള യഗില്ല്യോണിയന്‍ സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച (25/07/16) സൃഷ്ടിയുടെ പരിപാലനത്തെ അധികരിച്ച് ലൗദാത്തൊ സി, അങ്ങേയ്ക്കു സ്തുതി എന്ന തന്‍റെ ചാക്രികലേഖനത്തെ ആധാരമാക്കി സംഘടിപ്പിക്കപ്പെട്ട ഒരു ചര്‍ച്ചായോഗത്തിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വഴി അയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

     നരകുലത്തിന്‍റെ യാത്രയില്‍ അകമ്പടിയായുള്ള സംഹാരത്തിന്‍റെയും മൃത്യുവിന്‍റെയും അടയാളങ്ങള്‍ മനസ്സിലാക്കേണ്ടിതിന്‍റെ ആവശ്യകതയും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

     “ലൗദാത്തൊ സി: സാകല്യ പരിസ്ഥിതി വിജ്ഞാനം - യുവജനം മാറ്റത്തിന്‍റെ   നായകര്‍” എന്നതായിരുന്നു ഈ ഏകദിന ചര്‍ച്ചായോഗത്തിന്‍റെ വിചിന്തന പ്രമേയം.

     അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സ്തനിസ്ലാവ് റൂല്‍ക്കൊ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുത്തു.

     സമ്പദ്ഘടനയെ കൈകാര്യം ചെയ്യുന്നതിനും സകലര്‍ക്കും തൊഴില്‍ ഉറപ്പുനല്കുക എന്ന ലക്ഷ്യത്തോടുകൂടിയ ഒരു വികസന പ്രക്രിയില്‍ മുന്നേറുന്നതിനും കൂടുതല്‍ സമത്വപൂര്‍ണ്ണവും സ്ഥായിയുമായ നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതിന്‍റെ   പ്രാധാന്യം ഈ ചര്‍ച്ചായോഗം എടുത്തുകാട്ടി.

     അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയും ക്രക്കോവിലെ ജോണ്‍പോള്‍ രണ്ടാമന്‍ കത്തോലിക്കാസര്‍വ്വകലാശാലയും 2016 ലെ യുവജനസംഗമ സംഘാടനസമിതിയും സംയുക്തമായിട്ടാണ് ഈ ചര്‍ച്ചായോഗം സംഘടിപ്പിച്ചത്.








All the contents on this site are copyrighted ©.