2016-07-26 12:15:00

ഫ്രാന്‍സീസ് പാപ്പായുടെ പതിനഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം


      ഫ്രാന്‍സീസ് പാപ്പാ  പതിനഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം ബുധനാഴ്ച (27/07/16) ആരംഭിക്കും.

     പോളണ്ടിലെ ക്രക്കോവ് പട്ട​ണം വേദിയാക്കി, ആഗോളസഭാതലത്തില്‍ ചൊവ്വാഴ്ച ആരംഭിച്ച മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുകയാണ് പാപ്പായുടെ ഈ പഞ്ചദിന സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം.

പാപ്പായുടെ, ഞായറാഴ്ച സമാപിക്കുന്ന ഈ ഇടയസന്ദര്‍ശനം ക്രക്കോവ്, ചെസ്തക്കോവ, ഓഷ്വിയെചിം എന്നീ പട്ടണങ്ങളില്‍ ഒതുങ്ങിനില്ക്കും

     ബുധനാഴ്ച റോമിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 5.30ന് ആണ് ഫ്രാന്‍സീസ് പാപ്പാ റോമിനടുത്തുള്ള ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അല്‍ ഇത്താലിയയുടെ വ്യോമയാനത്തില്‍, എയര്‍ബസ് 321 ല്‍, ക്രക്കോവിലേക്കു പുറപ്പെടുക. ഇന്ത്യയിലെ സമയം രാത്രി 7.30 ഓടെ പാപ്പാ ക്രക്കോവി‍ല്‍ എത്തിച്ചേരും.

     നാസികള്‍ യഹൂദരെ കൂട്ടക്കുരുതികഴിച്ച ഓഷ്വ്വിറ്റ്സ്-ബിര്‍ക്കെനവു തടങ്കല്‍ പാളയങ്ങള്‍ സന്ദര്‍ശനം പാപ്പായുടെ സന്ദര്‍ശനാജണ്ടയില്‍ ഉണ്ട്.

     ശനിയാഴ്ച യുവജനങ്ങളുമൊത്തുള്ള പ്രാര്‍ത്ഥനാ ജാഗരം, ഞായറാഴ്ച മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന്‍റെ സമാപനംകുറിക്കുന്ന സാഘോഷമായ ദിവ്യബലിയര്‍പ്പണം എന്നിവയാണ് പാപ്പായുടെ മുഖ്യപരിപാടികള്‍.

ഈ ഇടയസന്ദര്‍ശനവേളയില്‍ പാപ്പാ വ്യോമകരമാര്‍ഗ്ഗങ്ങളിലൂടെ മൊത്തം 2500 ഓളം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

ഞായറാഴ്ച രാത്രി പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.