2016-07-23 11:15:00

‘സ്നേഹിക്കപ്പെടാത്തവരെ സ്നേഹിക്കാം’ : പാപ്പാ ഫ്രാന്‍സിസിന്‍റെ ആമുഖവുമായി മദറിന്‍റെ പ്രഭാഷണങ്ങളുടെ പുസ്തകം


പാപ്പാ ഫ്രാന്‍സിസ് എഴുതിയ മുഖക്കുറിപ്പുമായി മദര്‍ തെരേസായുടെ പ്രഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ‘സ്നേഹിക്കപ്പെടാത്തവരെ സ്നേഹിക്കാം...’ (Amiamo chi non è amato) എന്നാണ് ഗ്രന്ഥത്തിന്‍റെ പേര്. വത്തിക്കാന്‍റെ മുദ്രണാലയവും ‘ഏമി’ എന്ന ഇറ്റാലിയന്‍ പ്രസാദകരും (Italian Missionary Publication) കൂട്ടുചേര്‍ന്നാണ് പുസ്തകം ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയത്. മൂലരചന ഇറ്റാലിയന്‍ ഭാഷയിലാണ്. മറ്റുഭാഷകളുടെ ഉടനെ പുറത്തിറങ്ങും.

1973-ല്‍ മദര്‍ തെരേസ മിലാന്‍ രൂപത സന്ദര്‍ശിക്കവെ നടത്തിയ രണ്ടു ശ്രദ്ധേയമായ പ്രഭാഷണങ്ങളാണ് ‘സ്നേഹിക്കപ്പെടാത്തവരെ സ്നേഹിക്കാം...’ എന്ന പുസ്തകത്തിന്‍റെ ഉള്ളടക്കം. ആദ്യത്തെ പ്രഭാഷണത്തില്‍ മദര്‍ യുവാക്കളെ അഭിസംബോധനചെയ്യുന്നു. രണ്ടാമത്തേതില്‍ സന്ന്യസ്തരെയും! മുന്‍പൊരിക്കലും പ്രസിദ്ധപ്പെടുത്താത്ത ഈ പ്രഭാഷണങ്ങളില്‍, ഇന്നത്തെ ലോകത്ത് യുവജനങ്ങള്‍ വിഭാഗീതയതയുടെയും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭിത്തികള്‍ ഭേദിച്ച് കൂട്ടായ്മയുടെ പാലം പണിയുന്നവരാകണമെന്നും, അവര്‍ സമൂഹത്തിലെ പാവങ്ങളെ സ്നേഹിക്കണമെന്നും മദര്‍ ഉദ്ബോധിപ്പിക്കുന്നു.

തുടര്‍ന്ന് സന്ന്യസ്തരോടു പറയുന്ന സന്ദേശത്തില്‍ ശ്രദ്ധേയമാകുന്നത്, ലോകത്തെ ഇന്നു മാരകമായി കാര്‍ന്നുതിന്നുന്ന രോഗം കുഷ്ഠമോ, ക്ഷയമോ അല്ല, ഏകാന്തതയും ഒറ്റപ്പെടലുമാണ്. നാം അനുഭവിക്കുന്ന അസ്വസ്ഥതയ്ക്കും യുദ്ധത്തിനും അഭ്യന്തരകലാപത്തിനുമൊക്കെ കാരണം, വസന്തപോലെ പടര്‍ന്നുപിടിക്കുന്ന ഏകാന്തതയുടെ മാനസിക സംഘര്‍ഷവും, അതു കാരണമാക്കുന്ന പിരിമുറുക്കവുമാണ്. മദറിന്‍റെ പ്രഭാഷണത്തിലെ ചിന്തകളാണ്.

“നവമായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരേതര സ്ഥാപനമല്ല സഭ,  The Church is not a Non- Governmental Organization, മറിച്ച് സഹായഹസ്തം നീട്ടുകയും കരുണയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രതിച്ഛായയുള്ള പാവങ്ങളെ പരിചരിക്കേണ്ട സ്ഥാപനമാണ്.” മദര്‍ തെരേസായുടെ വാക്കുകളാണിത്. ‍ഉദ്ധരിണിയില്‍നിന്നും  5 വാക്കുകള്‍ - പ്രാര്‍ത്ഥന, ഉപവി, കാരുണ്യം, കുടുംബം എന്നിവ പെറുക്കിയെടുത്താണ് പുസ്തകത്തിന്‍റെ ശ്രദ്ധേയമായ മുഖവുര പാപ്പാ ചെട്ടപ്പിടുത്തിയിരിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസ് എഴുതിയ മുഖവുരയുടെ പ്രസക്തഭാഗങ്ങള്‍:

  1. പ്രാര്‍ത്ഥന... ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനോടുള്ള നിരന്തരമായ പ്രാര്‍ത്ഥനയുടെ ഐക്യമായിരുന്നു അമ്മയുടെ പാവങ്ങളോടുള്ള സ്നേഹത്തിന്‍റെ സ്രോതസ്സ്.
  1. ഉപവി... പാവങ്ങള്‍ക്ക് നാം ദൈവികകാരുണ്യത്തിന്‍റെ സാമീപ്യമാകുക. അനുദിനജീവിത വ്യഗ്രതകളുടെ ഓരങ്ങളിലായിരിക്കുന്നവരെ കണ്ടെത്തി പരിഗണിക്കുക, അവരെ സഹായിക്കുക.
  1. കാരുണ്യം... ജീവിതനാടകത്തിലെ ദാരിദ്ര്യരംഗങ്ങള്‍ കണ്ടു മങ്ങിയും മയങ്ങിയും പോകാതെ, ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവൃത്തികളില്‍ ഉണര്‍ന്ന് വ്യാപൃതരാകുക. പാവങ്ങള്‍ ദൈവികകാരുണ്യത്തിന് സവിശേഷമായി പാത്രീഭൂതരാകുന്നത് സുവിശേഷത്തിന്‍റെ സത്തയുമാണ്.
  1. കുടുംബം... കുടുംബങ്ങളുടെ കേന്ദ്രസ്ഥാനത്ത് അമ്മയാണ്. മക്കള്‍ക്ക് ജീവന്‍ നല്‍കുകയും അവരെ സ്നേഹിക്കുകയും, വളര്‍ത്തുകയും ചെയ്യുന്ന സ്നേഹത്തിന്‍റെ മൂര്‍ത്തരൂപമാണ് അമ്മ. ഒപ്പം... ത്യാഗത്തിന്‍റെയും പ്രതീകമാണ് അമ്മ. അനുദിന ജീവിതത്തില്‍ ദൈവിക സാന്ത്വനത്തിന്‍റെയും അതുപോലെ സന്തോഷത്തിന്‍റെയും അടയാളമാകുന്നത് അമ്മമാരാണ്.
  1. യുവജനങ്ങള്‍... നിങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്തുവിലും ദൈവത്തിലും പടുത്തുയര്‍ത്തുക. ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ പാറയില്‍ വീടു പണിയുന്നവരാണ്. അങ്ങനെയുള്ളവര്‍ ‘അവിശ്വസ്തരായിരുന്നാലും, വിശ്വസ്തരായിരിക്കും..’ (2 തിമോ. 2, 13). മദര്‍ തെരേസയുടെ ജന്മനാടായ അല്‍ബേനിയുടെ ദേശീയ ചിഹ്നമായ കഴുകന്‍റെ സൂക്ഷ്മതയോടെ ജീവിതത്തില്‍ പറന്നുയരാന്‍ യുവജനങ്ങള്‍ക്ക് സാധിക്കട്ടെ, എന്ന ആശംസയോടെയാണ് പാപ്പാ ആമുഖം അവസാനിപ്പിക്കുന്നത്...

2016 സെപ്തംബര്‍ 4-ാം തിയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക് നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെയും ദിവ്യബലിയുടെയുംമദ്ധ്യേ പാവങ്ങളുടെ അമ്മ, വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്കു ഉയര്‍ത്തും.

 








All the contents on this site are copyrighted ©.