2016-07-23 12:06:00

സംഭാഷണത്തിന് സംഭാവനയേകുന്നതിനെന്നും സന്നദ്ധമാണ് പരിശുദ്ധസിംഹാസനം


     തെക്കെഅമേരിക്കന്‍നാടായ, വെനെസ്വേലയില്‍ സംഭാഷണത്തിന് സംഭാവന ഏകുന്നതിനുള്ള സാഹചാര്യങ്ങള്‍ സംജാതമാകുന്ന പക്ഷം പരിശുദ്ധസിംഹാസനം എന്നും അതിന് സന്നദ്ധയാണെന്ന് പരിശുദ്ധസിംഹാനത്തിന്‍റെ  വക്താവ്, ഈശോസഭാവെദികനായ ഫെദറീക്കൊ ലൊംബാര്‍ദി.

     സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുടെ കയത്തിലാണ്ടിരിക്കുന്ന  വെനെസ്വേലയുടെ സര്‍ക്കാരും പ്രതിപക്ഷവും പരിശുദ്ധസിംഹാസനത്തിന്‍റെ   ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പ്രചരിച്ച വാര്‍ത്തയെ അധികരിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോടു വെള്ളിയാഴ്ച (22/07/16) പ്രതികരിക്കുകയായിരുന്നു, ഈ മാസം അവസാനം വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിന്‍റെ   നേതൃത്വസ്ഥനത്തു നിന്നു വിരമിക്കുന്ന, ഫാദര്‍ ലൊംബാര്‍ദി.

     ഇത്തരമൊരു ഇടപെടല്‍ വേണമെന്ന അഭ്യര്‍ത്ഥനയെ സംബന്ധിച്ച യാതൊരുവിവരവും വെനെസ്വേലയുടെ ഭാഗത്തുനിന്ന്,  ഇതുവരെ, അന്നാട്ടിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറിനൊ വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിനൊ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

     പ്രധാനമായും എണ്ണക്കയറ്റുമതിയിലധിഷ്ഠിതമായ ഒരു സമ്പദ്ഘടനയുള്ള വെനെസ്വേല എണ്ണവിലയില്‍ കുത്തനെയുണ്ടായ ഇടിവിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയും, തല്‍ഫലമായുണ്ടായ ഭക്ഷ്യൗഷധക്ഷാമത്തെ തടര്‍ന്ന് ജനങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ പ്രക്ഷോഭണവുമായി രംഗത്തിറങ്ങുകയും ചെയ്തിരിക്കയാണ്.

     ഭക്ഷണവും മരുന്നുകളും തേടി അയല്‍രാജ്യമായ കൊളംബിയയിലേക്ക് ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം കടന്നവരുടെ സംഖ്യ 44000 ആണെന്നും ഇങ്ങനെ അതിര്‍ത്തികടന്നെത്തിയിരിക്കുന്നത് ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ പേരാണെന്നും  കൊളംബിയായുടെ സര്‍ക്കാര്‍ വെളിപ്പെടുത്തി.

     ഇന്ധനവിലയിടിവിനു പുറമെ കടുത്ത വരള്‍ച്ചയും വെനെസ്വേലയില്‍ ഭക്ഷ്യക്ഷാമം  രൂക്ഷമാകുന്നിന് കാരണമായിട്ടുണ്ട്. 








All the contents on this site are copyrighted ©.