2016-07-19 18:58:00

ക്രാക്കോ യുവജനമേളയ്ക്ക് ഒരുക്കമായി പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം


പോളണ്ടിലെ ക്രാക്കോ നഗരത്തില്‍ സംഗമിക്കുന്ന ലോക യുവജനമേളയില്‍ ജൂലൈ 27-മുതല്‍ 31-വരെ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും. യവുജനസംഗമവും പരിപാടികളും 24-ന് ആരംഭിക്കും. മേളയുടെ സംഗമവേദിയായ ക്രാക്കോയിലേയ്ക്ക് 19-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പാ വീഡിയോ സന്ദേശം അയച്ചു. യുവജനങ്ങളെയും പോളിഷ് ജനതയെയും സന്ദേശത്തിലൂടെ പാപ്പാ അഭിസംബോധനചയ്യുന്നു. പോളണ്ടിന്‍റെ ചരിത്രഭൂമിയില്‍ കാലുകുത്തന്നതിലുള്ള സന്തോഷവും ആകാംക്ഷയും വാക്കുകളില്‍ പാപ്പാ ഇങ്ങനെ പ്രകടമാക്കുന്നു:

31-ാമത് ലോകയുവജനമേള ആസന്നമായി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളെ ക്രാക്കോയില്‍‍ കാണുവാനും, ഒപ്പം പോളിഷ് ജനതയുടെകൂടെ ആയിരിക്കുവാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ലോക യുവജനമേളയുടെ ഉപജ്ഞാതാവും പോളണ്ടിന്‍റെ ആസന്നകാലത്തെ ആത്മീയ ചരിത്രത്തിന്‍റെ ശില്പിയുമായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായോടുള്ള നന്ദിയുടെ വികാരത്താലും ദൈവിക കാരുണ്യത്താലും പ്രചോദിതമാണ് എന്‍റെ ഈ അപ്പസ്തോലികയാത്ര.

പോളണ്ടിലെ പ്രിയ യുവജനങ്ങളേ, ക്രാക്കോയിലെ സംഗമത്തിന് കുറച്ചുനാളുകളായി പ്രാര്‍ത്ഥനയോടെ നിങ്ങള്‍ ഒരുങ്ങുകയാണ്. എല്ലാ ഒരുക്കങ്ങള്‍ക്കും, അതെല്ലാം സ്നേഹത്തോടെ ചെയ്യുന്നതിലും നിങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദിയര്‍പ്പിക്കുന്നു. നിങ്ങളെ എല്ലാവരെയും ആശ്ലേഷിക്കുകയും ആശീര്‍വ്വദിക്കുകയും ചെയ്യുന്നു.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിലെ പ്രിയ യുവജനങ്ങളേ! നിങ്ങളുടെ രാജ്യങ്ങളെ ഞാന്‍ ആശീര്‍വദിക്കുന്നു. ക്രാക്കോയിലേയ്ക്കുള്ള നിങ്ങളുടെ യാത്ര വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തീര്‍ത്ഥയാത്രയാവട്ടെ! “കാരുണ്യമുള്ളവര്‍ അനുഗൃഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും” (മത്തായി 5, 7). ക്രിസ്തുവിന്‍റെ ഈ തിരുമൊഴി വ്യക്തിഗത ജീവിതത്തില്‍ അനുഭവവേദ്യമാകാന്‍ നിങ്ങള്‍ക്ക് ഇടയാവട്ടെ!!      

യുവജനങ്ങളായ നിങ്ങളെ ഒരുമിച്ചു കാണുവാനുള്ള ആകാംക്ഷ എന്‍റെ മനസ്സില്‍ ഏറെയുണ്ട്. കാരണം, വൈവിധ്യമാര്‍ന്ന വംശങ്ങള്‍, ഭാഷകള്‍, ജനതകള്‍, സംസ്ക്കാരങ്ങള്‍ എന്നിവയുടെ പ്രതിനിധികളായ  നിങ്ങള്‍ കൂട്ടായ്മയുടെ ഒരു സങ്കരചിത്രവും നവമായ അടയാളവുമായി മാറിക്കൊണ്ട്, ക്രിസ്തുവിലുള്ള ദൈവികകാരുണ്യത്തിന്‍റെ മുഖകാന്തിയാണ് ലോകത്തിന് ദൃശ്യമാക്കാന്‍ പോകുന്നത്.

പേളണ്ടിലെ പ്രിയ ജനങ്ങളേ! നിങ്ങളെ സന്ദര്‍ക്കുവാനുള്ള ഭാഗ്യം എനിക്കു ദൈവമാണു തന്നത്. ചരിത്രത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടുള്ള ജനതയാണു നിങ്ങള്‍. എന്നിട്ടും വിശ്വാസത്തോടെ നിങ്ങള്‍ അതിനെ അതിജീവിച്ചു. പരിശുദ്ധ കന്യകാനാഥ നിങ്ങളെ തുണയ്ക്കുന്നു.  നിങ്ങളുടെ തെളിഞ്ഞ വിശ്വാസത്തിന്‍റെ പ്രതീകമാണ് ചെസ്റ്റോചോവോയിലെ കന്യകാനാഥയുടെ തീര്‍ത്ഥത്തിരുനട! അവിടേയ്ക്കുള്ള സന്ദര്‍ശനം എനിക്കും ഏറെ പ്രചോദനാത്മകമാകുമെന്നതില്‍ സംശയമില്ല.

സന്ദര്‍ശനത്തിന് ഒരുക്കമായി നിങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്കും പ്രത്യേകം നന്ദിപറയുന്നു. സിനഡില്‍ ഉരുത്തിരിഞ്ഞ ‘സ്നേഹത്തിന്‍റെ ആനന്ദം’ (Amoris Laetitia) എന്ന അപ്പസ്തോലിക പ്രബോധനം പ്രതീകാത്മകമായി സ്വീകരിക്കാന്‍ ഒരുങ്ങുന്ന അവിടത്തെ മെത്രാന്മാര്‍, വൈദികര്‍ സന്ന്യസ്തര്‍ അല്‍മായര്‍, വിശിഷ്യാ കുടുംബങ്ങള്‍ എന്നിവരെ ഞാന്‍ പ്രത്യേകമായി അനുസ്മരിക്കുന്നു.  ഒരു രാജ്യത്തിന്‍റെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ മേന്മ വെളിപ്പെടുത്തുന്നത് അവിടത്തെ കുടുംബങ്ങളാണ്. അതുകൊണ്ടാണ്, വിവാഹത്തിന് ഒരുങ്ങുന്നവരോടും, യുവദമ്പതികളോടും, കുടുംബങ്ങളോടും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വളരെയധികം താല്പര്യം കാണിച്ചിരുന്നത്. നമുക്കും ആ പാതി  പിന്‍ചെല്ലാം!

പ്രിയസഹോദരങ്ങളേ, എനിക്കു നിങ്ങളോടുള്ള സ്നേഹത്തിന്‍റെ അടയാളമായിട്ടാണ് ഞാന്‍ ഈ സന്ദേശം അയയ്ക്കുന്നത്. പ്രാര്‍ത്ഥനയില്‍ ഇനിയും നമുക്ക് ഐക്യപ്പെട്ടിരിക്കാം. നമുക്ക് ഇനി പോളണ്ടില്‍ കാണാം!        

 








All the contents on this site are copyrighted ©.