2016-07-19 11:39:00

കാരുണ്യം: സഭാജീവിതത്തെ താങ്ങിനിറുത്തുന്ന സ്തംഭം-പാപ്പാ


     സഭാജീവിതത്തെ താങ്ങിനിറുത്തുന്ന സ്തംഭം കാരുണ്യമാണെന്ന് മാര്‍പ്പാപ്പാ.

     ഡൊമീനിക്കന്‍ സമൂഹം അഥവാ പ്രഭാഷകരുടെ സമൂഹം പൊതുസംഘം– ജനറല്‍ ചാപ്റ്റര്‍- ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ സമൂഹത്തിന്‍റെ മാസ്റ്റര്‍ ജനറല്‍ എന്നറിയപ്പെടുന്ന തലവനായ വൈദികന്‍ ബ്രൂണൊ കദൊറേയ്ക്ക്  വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായു‌ടെ നാമത്തിലയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

     സഭയുടെ സകല അജപാലനപ്രവര്‍ത്തനങ്ങളും ആര്‍ദ്രതയാല്‍ ആശ്ലേഷിതങ്ങളായിരിക്കണമെന്നും സഭയുടെ പ്രഘോഷണങ്ങളും ലോകത്തിനുമുന്നിലുള്ള സാക്ഷ്യവും ഒരിക്കലും കാരുണ്യരഹിതമാകരുതെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

     ഭാവിയെ പ്രത്യാശയോടെ ഉറ്റുനോക്കാനുതകുന്ന ധീരതയും നവജീവനും പ്രദാനം ചെയ്യാന്‍ കഴിയുന്ന കാരുണ്യത്തിന്‍റെയും ആര്‍ദ്രസ്നേഹത്തിന്‍റെയും പാതയിലൂടെയാണ് സഭയ്ക്ക് വിശ്വാസ്യത കൈവരുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

     ഡൊമീനിക്കന്‍ സമൂഹത്തിന് പാപ്പാ ഈ സന്ദേശത്തില്‍ അപ്പസ്തോലിക ആശീര്‍വ്വാദവും നല്കുന്നു.

ഡൊമീനിക്കന്‍ സമൂഹം  ഇറ്റലിയിലെ ബൊളോഞ്ഞ പട്ടണത്തില്‍ ശനിയാഴ്ച (16/07/16) ആരംഭിച്ച പൊതുസംഘം ആഗസ്റ്റ് 5 വരെ നീളും. ഡൊമീനിക്കന്‍ സഭയുടെ സ്ഥാപനത്തിന്‍റെ  എണ്ണൂറാമത്തെ വര്‍ഷത്തിലാണ് ഈ പൊതുസംഘം ചേര്‍ന്നിരിക്കുന്നത്.

വിശുദ്ധ ഡോമിനിക് ദെ ഗുസ്മാന്‍ സ്ഥാപിച്ച ഈ സന്യാസസമൂഹത്തിന് 1216 ഡിസംബര്‍ 22ന് ഹൊണോരിയസ് മൂന്നാമന്‍ പാപ്പായാണ് അംഗീകാരം നല്കിയത്.








All the contents on this site are copyrighted ©.