2016-07-15 18:29:00

നീസ് നഗരത്തിലെ കൂട്ടക്കുരുതിയില്‍ ദുഃഖാര്‍ത്തനായ പാപ്പാ ഫ്രാന്‍സിസ്


ഫ്രാന്‍സിലെ നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു. ജൂലൈ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും നീസിന്‍റെ രൂപതാ മെത്രാന്‍, അന്ത്രെ മര്‍സ്യൂവിന് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് തീരദേശ നഗരമായ നീസില്‍ വ്യാഴാഴ്ച രാവിലെ സംഭവിച്ച മൃഗീയമായ ക്രൂരതയെ പാപ്പാ അപലപിച്ചത്.

കുട്ടികളും സ്ത്രീകളുമടക്കം 84 പേരുടെ മരണത്തിന് ഇടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തന്‍റെ അനുകമ്പാര്‍ദ്രമായ സാന്നിദ്ധ്യവും സാമീപ്യവും പാപ്പാ അവരെ അറിയിച്ചു. മരണത്തിന്‍റെയും മുറിപ്പാടിന്‍റെയും വേദന അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, പ്രിയപ്പെട്ട ഫ്രഞ്ച് ജനതയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ അറിയിച്ചു. സമാധാനത്തിലേയ്ക്കും ഐക്യദാര്‍ഢ്യത്തിലേയ്ക്കും ദൈവം ആ നാടിനെ നയിക്കട്ടെ എന്നു ആശംസിക്കയും ചെയ്തു.

ജൂലൈ 14-ാം തിയതി വ്യാഴാഴ്ച ആയിരങ്ങള്‍ ഫ്രാന്‍സിന്‍റെ ദേശീയ ദിനം (National Day/Bastille Day) ആചരിക്കവെയാണ് ഭീകരാക്രമണം നടന്നത്. ഇത്തവണ ലോറിയിലാണ് ചാവേര്‍ ആക്രമി എത്തിയത്. ദേശീയദിനാഘോഷം നടക്കുന്ന നീസിന്‍റെ തീരദേശ വീഥിയിലൂടെ ലോറി ഓടിച്ച് ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്ന 84 പേരെ കൊല്ലപ്പെടുത്തി. ഇനിയും ധാരാളംപേര്‍ ആശുപത്രിയില്‍ മരണവുമായി മല്ലടിക്കുകയാണെന്ന് പരിശുദ്ധ സിംഹാസത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി ജൂലൈ 15-ാം തിയതി വെള്ളിയാഴ്ച രാവിലെ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

സമാധാനം തച്ചുടയ്ക്കുന്ന വിദ്വേഷത്തിന്‍റെയും ഭീകരതയുടെയും എല്ലാത്തരം മൗഢ്യമായ പ്രവൃത്തികളെയും ശക്തമായ ഭാഷയില്‍ വത്തിക്കാന്‍ അപലപിക്കുന്നതായി  (ജൂലൈ 31-ന് ജോലിയില്‍നിന്നും വിരമിക്കുന്ന) ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ടുണീഷ്യന്‍ വംശജനായ ഫ്രഞ്ച് പൗരന്‍, മഹമ്മദ് ലഹുവേജ ബഹുലേല്‍ 31-ാണ് പൊലീസിന്‍റെ വെടിയേറ്റു മരിച്ച ചാവേര്‍ ആക്രമിയെന്നു തെളിഞ്ഞിട്ടുണ്ട്.

 








All the contents on this site are copyrighted ©.