2016-07-13 20:03:00

ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


ആരോഗ്യപരിപാലകരുടെ  ശുശ്രൂഷയ്ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യവെ, രോഗഗ്രസ്ഥനായിത്തീര്‍ന്ന ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി ജൂലൈ 13-ാം തിയതിയാണ് ജന്മനാടായ പോളണ്ടില്‍ അന്തരിച്ചത്.

പാന്‍ക്രെയാറ്റിക് ക്യാന്‍സറിന്‍റെ നീണ്ടകാല ക്ലേശങ്ങള്‍ ക്ഷമയോടും വിശ്വാസത്തിന്‍റെ വെളിച്ചത്തിലും സഹിച്ചുകൊണ്ട് 67-ാമത്തെ വയസ്സില്‍ നിത്യതപൂകിയ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്‍റ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. സുവിശേഷത്തിന്‍റെ വിശ്വസ്ത സേവകനും സഭാ ശുശ്രൂഷകനുമായ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കിയുടെ ആത്മാവിനെ പോളണ്ടിന്‍റെ ദേശീയ മദ്ധ്യസ്ഥയായ കന്യകാനാഥയുടെ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

ആരോഗ്യപരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ഷോണ്‍ മാരി മുപ്പന്‍റാവതുവിന് ജൂലൈ 13-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശത്തില്‍ കാലംചെയ്ത ആര്‍ച്ചുബിഷപ്പ് സിമോസ്ക്കിയുടെ കുടുംബാംഗങ്ങളെയും രൂപതാംഗങ്ങളെയും പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

പോളണ്ടിലെ കുപിയേനില്‍ ആര്‍ച്ചുബിഷപ് സിമോസ്ക്കി 1949-ല്‍ ജനിച്ചു. 1973-ല്‍ പൗരോഹിത്യം സ്വീകരിച്ചു. രൂപതയുടെ അജപാലന മേഖലയില്‍ സേവനം ആരംഭിച്ച അദ്ദേഹത്തെ 1982-മുതല്‍ വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തില്‍ സേവനം അനിഷ്ഠിച്ചിട്ടുണ്ട്. 1988 അദ്ദേഹം ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ ആദ്ധ്യാത്മികനിയന്താവായി നിയുക്തനായി. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് 2002-ല്‍ പോളണ്ടിലെ റാഡോം രൂപതയുടെ മെത്രാനായി അദ്ദേഹത്തെ നിയോഗിച്ചത്. 2009-ല്‍ മുന്‍പാപ്പാ ബനഡിക്ട്, ബിഷപ്പ് സിമോസ്ക്കിയെ ആരോഗ്യപരിപാലകരുടെ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായും മെത്രാപ്പോലീത്ത പദവിയിലേയ്ക്കും ഉയര്‍ത്തി.

2014-മുതലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി രോഗഗ്രസ്ഥനായത്.








All the contents on this site are copyrighted ©.