2016-07-06 18:26:00

‘പൊര്‍സ്യൂങ്കൊള’യിലെ ദണ്ഡവിമോചനം : പാപ്പാ ഫ്രാന്‍സിസ് അസ്സീസിയിലെത്തും


പാപ്പാ ഫാന്‍സിസ് വീണ്ടും ഫ്രാന്‍സിസിന്‍റെ പട്ടണം, അസ്സീസി സന്ദര്‍ശിക്കും.  ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വടക്കെ ഇറ്റലിയിലെ ‘വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണം’ എന്നറിയപ്പെടുന്ന വിഖ്യതമായ അസ്സീസിയിലേയ്ക്കു തീര്‍ത്ഥാടനം നടത്തുന്നത്. അസ്സീസി നല്കുന്ന പാപമോചനം (Pardon of Assisi) എന്ന അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഈ തീര്‍ത്ഥാടനം നടത്തുന്നത്.

മാലാഖമാരുടെ രാജ്ഞി എന്ന സവിശേഷനാമത്തില്‍ അസ്സീസിയിലുള്ള കന്യകാനാഥയുടെ പുരാതന ദേവാലയത്തിന്‍റെ ഒരു ചെറിയ ഭാഗമാണ് പൊര്‍സ്യൂങ്കൊള (Porziuncola). ദൈവമാതാവിന്‍റെ വലിയ ദേവാലയത്തിനുള്ളില്‍  വിശുദ്ധ ഫ്രാന്‍സിസ് തന്നെ പണിതീര്‍പ്പിച്ചതാണ് ഈ കപ്പേളയെന്ന് പറയപ്പെടുന്നു. സിദ്ധന്‍റെ ആത്മീയ വളര്‍ച്ചയുടെ ദിവ്യസ്ഥാനമാണിതെന്ന്  അദ്ദേഹത്തിന്‍റെ സമകാലികന്‍, വിശുദ്ധ ബൊനെവെഞ്ചര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ജീവിതകാലത്ത് ധാരാളം സമയം അവിടെ ഏകാന്തധ്യാനത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിച്ചിരുന്നു.

1216-മാണ്ട്. ആഗസ്റ്റ് 1-തിയതി പൊര്‍സ്യൂങ്കൊളയില്‍ പ്രാര്‍ത്ഥിക്കവെ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകാനാഥയ്ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നെന്ന് പാരമ്പര്യവും, സമകാലീനരുടെ മൊഴികളും രേഖപ്പെടുത്തിയിരിക്കുന്നു. കപ്പേളയുടെ നിലത്ത് സാഷ്ടാംഗപ്രണമിതനായ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനവും സന്ദേശവും ലഭിച്ചു.  ഫ്രാന്‍സിന്‍റെ സാക്ഷ്യവും പാരമ്പര്യവും അനുസരിച്ച് പൊര്‍സ്യൂങ്കൊളയില്‍ പിന്നീടു തീര്‍ത്ത ചുവര്‍ചിത്രം അത് വ്യക്തമാക്കുന്നു. ദര്‍ശനത്തില്‍ സിദ്ധനു കിട്ടിയ സന്ദേശം, ദൈവികകാരുണ്യത്തിന്‍റെയും പാപമോചനത്തിന്‍റേതുമായിരുന്നു. അസ്സീസിയില്‍നിന്നും ദൈവികകാരുണ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കണം എന്നായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് പങ്കുവച്ച ദര്‍ശനദൗത്യം. അക്കാലഘട്ടത്തില്‍ സഭ ലഭ്യമാക്കിയിരുന്ന പൂര്‍ണ്ണദണ്ഡവിമോചനം അസ്സീസിയിലെ‍ ദര്‍ശനത്തിന്‍റെ സ്ഥാനമായ പൊര്‍സ്യൂങ്കൊളയില്‍നിന്നും (Porziuncola) ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നായിരുന്നു ഫ്രാന്‍സിസിന്‍റെ ആഗ്രഹം.

അനുതാപത്തോടെ പൊര്‍സ്യൂങ്കൊള സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണദിണ്ഡവിമോചം നേടുന്നതിനുള്ള അനുമതി ഒനോരിയൂസ് മൂന്നാമന്‍ പാപ്പായെ (1216-1227) നേരില്‍ക്കണ്ട് വിശുദ്ധ ഫ്രാന്‍സിസ് കരസ്ഥമാക്കി. അടുത്തവര്‍ഷം ദര്‍ശനത്തിന്‍റെ വാര്‍ഷികനാളില്‍ ആഗസ്റ്റ് 1-ന്‍റെ സായാഹ്നപ്രാര്‍ത്ഥന മുതല്‍, 2-ാം തിയതിയുടെ പ്രഭാതയാമംവരെ ജനങ്ങള്‍ അസ്സീസിയിലേയ്ക്ക് പ്രവഹിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്നും തുടരുന്ന ‘അസ്സീസിയിലെ പാപമോചനം’ (The Pardon of Assisi) എന്നറിയപ്പെടുന്ന പൊര്‍സ്യൂങ്കൊളയിലെ ദണ്ഡവിമോചന ലബ്ധിയുടെ ചരിത്രമാണിത്.

13-ാം നൂറ്റാണ്ടില്‍ അസ്സീസിയിലെ ഫ്രാന്‍സിസ് ആരംഭിച്ച അനുരഞ്ജനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ആഹ്വാനം ഉള്‍ക്കൊണ്ട് ദൈവത്തില്‍നിന്നു മാപ്പു തേടിയും, സഹോദരങ്ങളുമായി രമ്യപ്പെട്ടും പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിക്കായി ആയിരങ്ങളാണ് ‘പൊര്‍സ്യൂങ്കൊള’യില്‍ എത്തുന്നത്.

തന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ അസ്സീസിയിലെ ഫ്രാന്‍സ്സിസിന്‍റെ ആഹ്വാനം ഹൃദയത്തിലേറ്റി, കാരുണ്യത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും ദൂതനായിട്ടാണ്, ദൈവിക കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലവത്സരത്തില്‍ അസ്സീസിയിലെ പോര്‍സ്യൂങ്കുളയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തീര്‍ത്ഥാടനം നടത്തുന്നത്. പൊര്‍സ്യൂങ്കൊള ദണ്ഡവിമോചന ലബ്ധിയുടെ 800-ാം വാര്‍ഷികം, കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തില്‍ വരുന്നതും കണക്കിലെടുത്താണ് പാപ്പാ ഫ്രാന്‍സിസ് അസ്സിസിയിലേയ്ക്കു ഈ തീര്‍ത്ഥാടനത്തിന് മാറ്റു കൂട്ടുമെന്ന്, ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സമൂഹത്തിന്‍റെ പ്രിയോര്‍ ജനറല്‍, ഫാദര്‍ മൈക്കില്‍ പെറി, ജൂലൈ 4-ാം തിയതി തിങ്കളാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

 








All the contents on this site are copyrighted ©.