2016-07-05 09:45:00

അര്‍ജന്‍റീനിയന്‍ ദിനപത്രത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ തറുന്ന അഭിമുഖം


മുന്‍പാപ്പാ ബന‍ഡിക്ടിന്‍റെ സ്ഥാനത്യാഗം വ്യക്തിപരമായ കാരണങ്ങള്‍ അല്ല, സഭയുടെ ഭരണപരമായ പ്രതിസന്ധികളായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ജന്മനാടായ അര്‍ജന്‍റീനയില്‍ ഏറെ പ്രചാരമുള്ള ദിനപത്രം, ‘ലാ നാസിയോനു (La Nacion)   ജൂലൈ 3-ാം തിയതി ഞായറാഴ്ച നല്കിയ അഭിമുഖത്തിലാണ് 2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗംചെയ്ത മുന്‍ഗാമി, പാപ്പാ ബനഡിക്ട് 16-മനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

ബനഡിക്ട് 16-ാമന്‍ പാപ്പാ തന്‍റെ പൗരോഹിത്യത്തിന്‍റെ 65-ാം വാര്‍ഷികം ആചരിച്ചത്  ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലായിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ ക്ഷീണമൊഴിച്ചാല്‍, അദ്ദേഹം പൂര്‍ണ്ണആരോഗ്യവാനും സംസാരത്തിലും ചിന്തയിലും വളരെ സ്ഫുടതയും വ്യക്തതയുമുള്ള മഹാനുഭാവാനായി നിരീക്ഷിച്ചുവെന്ന് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി. വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ ജൂണ്‍ 28-നു നടത്തിയ അനുമോദന സമ്മേളനം ലളിതമായിരുന്നു. അന്ന് അദ്ദേഹം നടത്തിയ നന്ദിപ്രകടനം തന്‍റെ മുന്‍ഗാമിയുടെ ശാരീരിക സൗഖ്യവും മാനസിക തെളിമയും വെളിപ്പെടുത്തിയെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.

വളരെ വ്യക്തവും, എന്നാല്‍ ഗഹനവുമായ ദൈവശാസ്ത്ര ചിന്തയിലൂടെയാണ് പൗരോഹിത്യമെന്ന മഹാദാനത്തിന് അദ്ദേഹം നന്ദിപറഞ്ഞത്. ദിവ്യബലിയുടെ സ്തോത്രയാഗ പ്രാര്‍ത്ഥനയില്‍നിന്നും ‘യൂക്കരിസ്തോമെന്‍’ (Eucharistomen) എന്ന ഗ്രീക്കു വാക്ക് ഉപയോഗിച്ചുകൊണ്ടായിരുന്നു. എഴുതിക്കുറിക്കാതെ, ഓര്‍മ്മയില്‍നിന്നുമാണ് സംസാരിച്ചത്. ഹ്രസ്വമായി, എന്നാല്‍ കുറിക്കു പറഞ്ഞ നന്ദിപ്രകടനം മനോഹരമായിരുന്നു. ഇന്നും ഉണര്‍വ്വുള്ള അദ്ദേഹത്തിന്‍റെ ദൈവശാസ്ത്ര ചിന്താധാരയ്ക്കൊപ്പം, 89-ാം വയസ്സിലും ദൈവം നല്കിയ സുസ്ഥിതി തെളിയിച്ചുവെന്ന് പാപ്പാ ഫ്രാന്‍സിസ് സാക്ഷ്യപ്പെടുത്തി. അദ്ദേഹത്തിന്‍റെ സ്ഥാനത്യാഗം സഭയില്‍ മറഞ്ഞിരുന്നതും മറച്ചുവച്ചിരുന്നതുമായ പ്രതിസന്ധികളിലേയ്ക്കാണ് വിരല്‍ചൂണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ തുറന്നു പ്രസ്താവിച്ചു.

വഴക്കിനോ വക്കാണത്തിനോ തനിക്കു താല്പര്യമില്ലെന്നും, സഭയിലെ പിന്നോക്കവാദികളുടെയും മൂരാച്ചികളുടെയും എതിര്‍പ്പുകള്‍ എപ്പോഴും ചുറ്റുമുണ്ടെന്ന് അറിയാമെന്നും പാപ്പാ പറഞ്ഞു.  എതിര്‍ക്കുന്നവര്‍ നിഷേധിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നു. എന്നാല്‍ എതിര്‍പ്പുകളും നിഷേധങ്ങളും തന്നെ ബാധിക്കാറില്ല. അവയെ വകയ്ക്കാറില്ലെന്ന് പാപ്പാ പങ്കുവച്ചു. നേരായ വഴിയില്‍ മുന്നോട്ടു പോകുവാനും, ദൈവം അനുവദിക്കുന്നപോലെ സഭയെ നയിക്കുവാനുമാണ് താല്പര്യം. സുതാര്യതയും തുറവും നിലനിര്‍ത്തണം. പാപ്പായുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം പ്രതിഫലിച്ചു. എന്നാല്‍ സകലരെയും, വിശിഷ്യാ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ആശ്ലേഷിക്കുന്ന സഭയാണ് താന്‍ വിഭാവനംചെയ്യുന്നത്. സഭയില്‍ ഇനിയും പടര്‍ന്നുപിടിക്കേണ്ട ദൈവരാജ്യത്തിന്‍റെ സാകല്യ സംസ്കൃതിയാണതെന്ന്  (All inclusive culture) പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ വിശേഷിപ്പിച്ചു.

അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റ്, മൗരീസിയോ മാക്കിരിയുമായി തനിക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത കിംവദന്തിയാണ്. അഭിപ്രായ ഭിന്നതകള്‍ അദ്ദേഹത്തോട് വ്യക്തിപരമായി തുറന്നു സംസാരിച്ചിട്ടുണ്ട്. എതിര്‍പ്പുകൊണ്ടല്ല, അദ്ദേഹത്തോടും എന്‍റെ രാജ്യത്തോമുള്ള കൂറുകൊണ്ടാണ്. പാപ്പാ കൂട്ടിച്ചേര്‍ത്തു. പിന്നെ താന്‍ ഭാഗമായിരിക്കുന്നതും, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള  ഉപവിപ്രസ്ഥാനം, നുവേണ്ടി (Scholas Occurrentes) അര്‍ജന്‍റീനയില്‍നിന്നും പണം വാങ്ങിയെന്നും,

ആ പണത്തിന്‍റെ ആകത്തുകയിലുള്ള അന്ധവിശ്വാസപരമായ അക്കംകണ്ട് പണം തിരിച്ചുകൊടുത്തു, എന്നെല്ലാമുള്ള വാര്‍ത്തകള്‍ വ്യാജമാണ്. മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്. വാര്‍ത്തനിഷേധിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് പ്രസ്താവന ഇറക്കിയിരുന്നു. മാത്രല്ല, സമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കുന്ന മാതൃരാജ്യത്തെ ഉപവിയുടെ പേരില്‍പ്പോലും ഭാരപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാപ്പാ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

(Extract translated from the interview given by Pope Francis in Spanish to the national daily of Argentina, La Nacion on 3rd July 2016, Sunday).








All the contents on this site are copyrighted ©.