2016-07-04 18:05:00

ഇടതടവില്ലാതെ സകലര്‍ക്കുമായി പ്രഘോഷിക്കപ്പെടേണ്ട ദൈവരാജ്യസന്ദേശം


വേനല്‍ വെയിലിനെ വെല്ലുവിളിച്ചും ആയിരങ്ങളാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസി‍ന്‍റെ ചത്വരത്തില്‍ ഞായറാഴ്ച, ജൂണ്‍ 3-ാം തിയതി പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയത്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉണ്ടായിരുന്നു. മദ്ധ്യാഹ്നം കൃത്യം 12-മണിക്ക് അപ്പോസ്തോലിക അരമനയുടെ അഞ്ചാംനിലയിലെ രണ്ടാം ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ജനാവലിയെ മന്ദഹാസത്തോടെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ പ്രഭാഷണം ആരംഭിച്ചു:

  1. ദൈവരാജ്യത്തിലെ വേലക്കാരും അവരുടെ വിളിയും

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ പത്താം അദ്ധ്യയഭാഗമാണ് ഇന്നത്തെ ചിന്താവിഷയം (ലൂക്ക 10, 1-12, 17-20). വിളവിന്‍റെ നാഥനോട് വേലക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാഗമാണിത് (2). താന്‍ വിളിച്ച്, നിയോഗിച്ച ദൈവരാജ്യത്തിലെ ശുശ്രൂഷകരാണ്  ക്രിസ്തു പ്രതിപാദിക്കുന്ന ‘വേലക്കാര്‍’. അവരെ ഈരണ്ടു പോരായി താന്‍ സന്ദര്‍ശിക്കാനിരിക്കുന്ന ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും തനിക്കു മുന്നേ അവിടുന്ന് അയച്ചു (1). അതിനര്‍ത്ഥം, പിറകേ ക്രിസ്തുവും പോകുന്നുവെന്നല്ലേ! സകലര്‍ക്കുമായി ദൈവരാജ്യത്തിന്‍റെ സന്ദേശം അറിയിക്കുകയാണ് അവരുടെ ദൗത്യം.

ഒരുകാര്യം ഇതിനിടെ പാപ്പാ അനുസമരിപ്പിച്ചു, അകലങ്ങളിലേയ്ക്ക് പോകുന്നവര്‍ മാത്രമല്ല മിഷണറിമാന്‍. നാം എല്ലാവരും മിഷണറിമാരാണ്, പ്രേഷിതരാണ്. രക്ഷയുടെ ഒരു നല്ല വാക്ക്, ഒരു നല്ല ആശയം പങ്കുവയ്ക്കുന്നൊരാള്‍ മിഷണറിയാണ്. പരിശുദ്ധാരൂപിവഴി ക്രിസ്തു നമുക്കു നല്കുന്ന ദാനമാണ് ഈ ദൗത്യം. അതുകൊണ്ടാണ് അവിടുന്നു പറയുന്നത്, ദൈവരാജ്യം ഇതാ, സമീപസ്ഥമായിരിക്കുന്നു (9). ക്രിസ്തുവില്‍ ദൈവരാജ്യം ഈ ഭൂമിയില്‍ സമാഗതമായി. ദൈവം നമ്മില്‍ ഒരുവനായി. അവിടുന്നു നമ്മുടെ ഇടയില്‍ വസിച്ചു. നീചമായ നമ്മുടെ പാപാവസ്ഥയിലും ദൈവത്തിന്‍റ കാരുണ്യവും സ്നേഹവും അവിടുന്നു നമുക്ക് ലഭ്യമാക്കുന്നു.

  1. പരിത്യാഗത്തില്‍ അധിഷ്ഠിതമായ സുവിശേഷപ്രവര്‍ത്തനം

പ്രത്യാശയുടെയും, സമാശ്വാസത്തിന്‍റെയും, സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സദ്വാര്‍ത്ത സകലരുമായി പങ്കുവയ്ക്കേണ്ടവരാണ് ദൈവരാജ്യത്തിലെ ‘വേലക്കാര്‍’!  തനിക്കുമുന്നേ ചെല്ലുന്നവര്‍, ഗ്രാമങ്ങളിലും കുടുംബങ്ങളിലും സമാധാനം ആശംസിക്കണമെന്ന് ക്രിസ്തു നിഷ്ക്കര്‍ഷിച്ചു (5, 9). അങ്ങനെ ദൈവരാജ്യം അനുദിനം വളരേണ്ടതും, മനുഷ്യര്‍ക്കിടയില്‍ മാനസാന്തരത്തിന്‍റെയും വിശുദ്ധിയുടെയും സ്നേഹത്തിന്‍റെയും സമാശ്വാസത്തിന്‍റെയും ഫലങ്ങള്‍ വരിയിക്കേണ്ടതുമാണ്. നശിപ്പിക്കുകയല്ല, നിര്‍മ്മിക്കുയാണു വേണ്ടതെന്ന്, പാപ്പാ എടുത്തു പറഞ്ഞു.

ദൈവരാജ്യത്തിന്‍റെ  ദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കുണ്ടായിരിക്കേണ്ട അരൂപി  എന്താണ്?  ദൗത്യനിര്‍വ്വഹണത്തിലെ പ്രതിസന്ധികളെക്കുറിച്ചും പ്രായസങ്ങളെക്കുറിച്ചും അവബോധമുണ്ടായിരിക്കുക. ക്രിസ്തു താക്കീതുനല്‍കിയിട്ടുണ്ട്. അവിടുന്ന് തുറന്നു സംസാരിക്കുന്നു! “ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് കുഞ്ഞാടുകളെപ്പോലെയാണ് ഞാന്‍ നിങ്ങളെ അയക്കുന്നത്” (3). ക്രിസ്തീയതയുടെ പ്രതിയോഗികള്‍ ആരംഭംമുതല്‍ ഉണ്ടെന്ന് പ്രസ്താവം വ്യക്തമാക്കുന്നു! തീര്‍ച്ചയാണ്. തിന്മയുടെ ശക്തികളാല്‍ തന്‍റെ ദൗത്യം തടസ്സപ്പെടുത്തുമെന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നു. അതിനാല്‍ സുവിശേഷ ജോലിക്കാരന്‍ മാനുഷികമായ എല്ലാത്തരം വശ്യവസ്തുക്കളില്‍നിന്നും അകന്നിരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവിടുന്നു പറഞ്ഞത്, “പണസഞ്ചിയോ, ഭാണ്ഡമോ, ചെരിപ്പോ കരുതേണ്ട” എന്ന് (4).

അവിടുത്തെ കുരിശിന്‍റെ ശക്തിയില്‍ ആശ്രയിച്ചു മുന്നേറുകയാണ്, ദൈവരാജ്യ സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം! വ്യക്തിപരമായ കഴിവിലോ, അധികാരത്തിലോ അഭിമാനംകൊള്ളേണ്ടതില്ല, ആശ്രയിക്കേണ്ടതില്ല. ക്രിസ്തുവിന്‍റെ പരിത്യാഗത്താല്‍ രക്ഷയുടെ എളിയ ഉപകരണങ്ങളായി ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ട് ദൈവരാജ്യദൗത്യം ക്രൈസ്തവര്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട് എന്നാണ് ഈ വചനം ഉദ്ബോധിപ്പിക്കുന്നത്.

  1. ആനന്ദദായകമായ ദൈവരാജ്യസമര്‍പ്പണം

ക്രൈസ്തവരുടെ ജീവിതദൗത്യം മനോഹരവും തനിമയുള്ളതുമാണ്. ആരെയും ഒഴിവാക്കാതെ സകലര്‍ക്കുമായുള്ള ദൗത്യമാണത്. ദൈവത്തില്‍ ആശ്രയിച്ച്, അധരങ്ങള്‍ ദൈവത്തിങ്കലേയ്ക്കു തിരിച്ച്, ഔദാര്യത്തോടെ നിര്‍വ്വഹിക്കേണ്ടതാണത്. സന്തോഷത്തോടെയാണ് ക്രൈസ്തവര്‍ സുവിശേഷത്തിന്‍റെ സാക്ഷികളാകേണ്ടത്! രണ്ടുപേര്‍ വീതം ക്രിസ്തു അയച്ചവര്‍ സന്തോഷത്തോടെ തിരിച്ചുവന്നു (17). സുവിശേഷം അതു സാക്ഷ്യപ്പെടുത്തുന്നു. ദൈവരാജ്യത്തിന്‍റ ദൗത്യം യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുന്നവരുടെ ഹൃദയങ്ങള്‍ സന്തോഷത്താല്‍ നിറയും.

ഇതു പറയുമ്പോള്‍, നല്ലിടയന്മാരായ സമര്‍പ്പിതരായ മിഷണറിമാര്‍ എത്രയോ പേരാണ് പ്രേഷിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്! എത്രയോ സന്ന്യാസിനികള്‍, സന്ന്യാസിമാര്‍, മിഷണറിമാര്‍!! അവരുടെയെല്ലാം സ്വയാര്‍പ്പണത്താല്‍ ദൈവരാജ്യം പ്രഘോഷിക്കപ്പെടുന്നു. അവരുടെ സുവിശേഷ പ്രഭയില്‍ ജനങ്ങള്‍ നന്മയില്‍ വളരുന്നു എന്നറിയുന്നത് എത്രയോ ആനന്ദകരമാണ്! ഈ ചത്വരത്തില്‍ നില്ക്കുന്ന യുവജനങ്ങളില്‍ ചിലരെങ്കിലും ക്രിസ്തുവിന്‍റെ വിളി കേള്‍ക്കുന്നുണ്ടാകാം!? ഭയപ്പെടരുത്! തീക്ഷ്ണമതികളായ പ്രേഷിതര്‍ കൈമാറുന്ന വിശ്വാസത്തിന്‍റെ ദീപശിഖ നാം ഏറ്റെടുക്കേണ്ടതാണ്, കൈമാറേണ്ടതാണ്.

കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. സ്വര്‍ഗ്ഗീയപിതാവിന്‍റെ ആര്‍ദ്രമായ സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും സാക്ഷികളാകാനുള്ള ഉദാരമതികളെ പരിശുദ്ധ അമ്മ നമുക്കു നല്കും..!! ഈ പ്രസ്താവനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.