2016-06-30 19:09:00

റമദാന്‍ മാസത്തിലെ ഇസ്ലാമികഭീകരത ഖേദകരമെന്ന് സഭകളുടെ കൂട്ടായ്മ


റമദാന്‍ മാസത്തില്‍ ഈസ്താംബൂളില്‍ അരങ്ങേറിയ കൂട്ടക്കുരുതി  ഇസ്ലാമിന്‍റെ പേരിലെന്നത് ഖേദകരമെന്ന് സഭകളുടെ ആഗോള കൂട്ടായ്മയുടെ (World Council of Churches) ജനറല്‍ സെക്രട്ടറി, ഒലാവ് ത്വൈത് ഫിക്സേ ചൂണ്ടിക്കാട്ടി.

സഞ്ചാര സാന്ദ്രതകൊണ്ട് യൂറോപ്പില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന ഇസ്താംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച രാത്രി ഇസ്ലാമിക തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. ജൂണ്‍ 29-ാം തിയതി ബുധനാഴ്ച WCC-യുടെ ജനീവ ആസ്ഥാനത്തുനിന്ന് ഇറക്കിയ പ്രസ്താവനയിലാണ് ഒലാവ് ഫിക്സേ നിന്ദ്യമായ ക്രൂരതയെ അപലപിച്ചത്.  

ചാവേര്‍ ആക്രമണത്തില്‍ 42-പേര്‍ കൊല്ലപ്പെടുകയും 259-പേര്‍ പരുക്കേല്പിക്കപ്പെടുകയും ചെയ്തു. രാജ്യാന്തര കീര്‍ത്തിയുള്ള യുഎന്‍ സാംസ്കാരിക-പൈതൃക കേന്ദ്രമാണ് തുര്‍ക്കിയുടെ പുരാതന നഗരം, ഇസ്താംബൂള്‍. ജനനബിഡമായ സ്ഥാനം തിരഞ്ഞെടുത്ത് ആക്രമണം നടത്തുന്നത് ലോകത്ത് എവിടെയും ജനജീവിതം ബീഭത്സവും ഭീതിദവുമാക്കപ്പെടുകയാണെന്നും ഓലാവ് ഫിക്സേ സമര്‍ത്ഥിച്ചു.   അനുദിനം ഏറെ ക്രൂരമായ അതിക്രമങ്ങളിലേയ്ക്ക് നീങ്ങുന്ന ഇസ്ലാമിക  ഗ്രൂപ്പുകളുടെ മൃഗീയമായ കൂട്ടക്കുരുതിയെ പ്രസ്താവനയില്‍ അപലപിച്ച ഫിക്സെ, കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുയും, അവരുടെ ബന്ധുമാത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

മദ്ധ്യപൂര്‍വ്വദേശത്ത് കത്തിപ്പടരുന്ന ഈ ഭീകരതയ്ക്ക് അറുതിവരുത്താന്‍ സമാധാനത്തിനുള്ള പരിശ്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ ത്വരിതപ്പെടുത്തേണ്ടത് അടിയന്തിരമാണെന്ന് World Council of Churches –ന്‍റെ തലവന്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. സിറിയയിലെ അഭ്യന്തകലാപത്തിന്‍റെ കെടുതിയില്‍ തുര്‍ക്കിയിലേയ്ക്ക് അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ നേരിടാനും, തെക്കു-കിഴക്കന്‍ മേഖലയിലെ കുര്‍ദിഷ് സായുധ-അഭ്യന്തര കാലാപം കൈകാര്യംചെയ്യാനും കിണഞ്ഞു പരിശ്രമിക്കവെയാണ്, വീണ്ടും ഒരു ഭീകരാക്രമണത്തിന്‍റെ കെടുതി തുര്‍ക്കിക്ക് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  ആംഗ്ലിക്കന്‍ സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍, ലൂതറന്‍, പ്രോട്ടസ്റ്റന്‍റ് സഭകള്‍ എന്നിങ്ങനെയുള്ള ക്രൈസ്തവ സഖ്യങ്ങളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ് (Ecumenical Union) സ്വിറ്റ്സര്‍ലണ്ടിലെ ജനീവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന World Council of Churches - WCC പ്രസ്ഥാനം. ലോകത്തെ 349 ക്രൈസ്തവ സഭകളുടെ ക്രൈസ്തവൈക്യ കൂട്ടായ്മയാണിത്. കത്തോലിക്കാ സഭ ഇതില്‍ അംഗമല്ല. എന്നാല്‍ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും, അതിന്‍റെ ഔദ്യോഗിക സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ സ്ഥിരംനിരീക്ഷകനെ വത്തിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. 








All the contents on this site are copyrighted ©.