2016-06-29 18:36:00

പത്രോസ് പൗലോസ് ശ്ലീഹന്മാര്‍ ഹൃദയത്തില്‍ എരിയേണ്ട വിശ്വാസനാളങ്ങള്‍


ജീവിതസാക്ഷ്യവും സുവിശേഷ പ്രഘോഷണവുംകൊണ്ട് ശ്രദ്ധേയരായ രണ്ട് മഹാപ്രേഷിതരുടെ തിരുനാളാണ് ജൂണ്‍ 29-ാം തിയതി, ബുധനാഴ്ച ആഗോളസഭ ആചരിച്ചത്. പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ബുധനാഴ്ച രാവിലെ വത്തിക്കാനിലെ മഹാദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ബലിയര്‍പ്പണത്തെ തുടര്‍ന്ന് നടത്തിയ ത്രികാലപ്രാര്‍ത്ഥനയിലെ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവത്തെ സ്തുതിക്കുന്ന ആഗോളസഭയുടെ നെടുംതൂണുകളായ രണ്ട് ശ്ലീഹന്മാരുടെ തിരുനാളാണ് സാഘോഷമായി നാം അനുഷ്ഠിച്ചത്. മതിപ്പും ഭക്തിയോടുംകൂടെയാണ് സഭാമക്കള്‍ ഇവരെ ഇന്നും വണങ്ങുന്നത്. കാരണം അവര്‍ റോമില്‍ മാത്രമല്ല, വിശ്വസിക്കുന്ന സകലരുടെയും ഹൃദയങ്ങളില്‍ തെളിയുന്ന വിശ്വസത്തിന്‍റെ ഭദ്രദീപങ്ങളാണ്!

സുവിശേഷം വിവരിക്കുന്നതുപോലെ, ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഈരണ്ടു പേരായി ലോകത്തിന്‍റെ പല ഭാഗങ്ങളിലേയ്ക്കും പറഞ്ഞയച്ചു (മത്തായി 10, 1, ലൂക്ക 10, 1). പത്രോസും പൗലോസും ആദ്യം വിശുദ്ധനാട്ടിലും, അവിടെനിന്ന് റോമിലും എത്തിച്ചേര്‍ന്നു. അവര്‍ വ്യത്യസ്ഥ തരക്കാരായിരുന്നു  - പത്രോസ്, ഒരു സാധാരണ മീന്‍പിടുത്തക്കാരന്‍. പൗലോസോ, പ്രബോധനകനും പണ്ഡിതനും! റോമിന്‍റെയും റോമന്‍ സഭയുടെയും ആത്മീയപൈതൃകത്തിന്‍റെ അടിത്തറ ഈ രണ്ടു അപ്പസ്തോലന്മാരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം.

കിഴക്കുനിന്ന് നാടുംവീടും വിട്ടിറങ്ങിയത് അവരുടെ പ്രേഷിത ധീരതയായിരുന്നു. എന്തെല്ലാം പ്രതിബന്ധങ്ങള്‍! തെറ്റിദ്ധാരണകള്‍ കടമ്പകള്‍ യാത്രാക്ലേശങ്ങള്‍!! എല്ലാം കഴിഞ്ഞാണ് അവസാനം അവര്‍ റോമില്‍ എത്തിയത്. റോമിലെ ജനങ്ങള്‍ക്കിടയില്‍ അവര്‍ സുവിശേഷത്തിന്‍റെ പ്രബോധകരും സാക്ഷികളുമായി തീര്‍ന്നു. അവസാനം രക്തസാക്ഷിത്വം വരിച്ച് തങ്ങളുടെ വിശ്വാസവും സ്നേഹവും സ്ഥിരീകരിച്ചു.

പത്രോസ് പൗലോസ് ശ്ലീഹന്മാര്‍ ഇന്നും റോമിന്‍റെ വീഥികളില്‍ പരതുന്നുണ്ടെന്ന് നമുക്കു വിശ്വാസിക്കാം! വീടുകളുടെ വാതുക്കല്‍ മാത്രമല്ല അവര്‍ വന്നു മുട്ടുന്നത്, നമ്മുടെ ഹൃദയകവാടങ്ങളിലാണ് വന്നു മുട്ടുന്നുണ്ട്. ഇനിയും ക്രിസ്തുവിനെ നമ്മില്‍ എത്തിക്കാന്‍, അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹവും, സമാശ്വാസവും സമാധാനവും നമ്മിലെത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരുടെ സ്നേഹസന്ദേശത്തിന് കാതോര്‍ക്കാം! അവരുടെ വിശ്വാസസാക്ഷ്യം വിലമതിക്കാം. പാറപോലെ ഉറച്ച പത്രോസിന്‍റെ വിശ്വാസവും, സാര്‍വ്വലൗകികവും വിശാലവുമായ ഹൃദയവും സുവിശേഷത്തോടുള്ള പൗലോസിന്‍റെ വിശ്വസ്തതയും, സഹോദരങ്ങളോടു തുറവുമുള്ളവരുമായി ജീവിക്കാന്‍ നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ!

റോമിന്‍റെ രക്ഷകിയായ കന്യകാനാഥ (Salus Populi Romani)  ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചു ജീവിക്കാന്‍ നിത്യനഗരത്തെയും സകലലോകത്തെയും സഹായിക്കട്ടെ! എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു. എന്നിട്ടാണ് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലിയത്.








All the contents on this site are copyrighted ©.