2016-06-27 09:24:00

ഓര്‍മ്മകളുടെ പൊലിയാത്ത പൊന്‍നാളവും കൂട്ടക്കുരുതിയുടെ സ്മാരകവേദിയും


അര്‍മേനിയയുടെ തലസ്ഥാനനഗരമായ യേരവനിലാണ് തിസേര്‍നാകബേര്‍ദ് എന്നറിയപ്പെടുന്ന കൂട്ടക്കുരുതിയുടെ സ്മാരകവേദി. ഒന്നാം ലോകമഹായുദ്ധ കാലത്ത്, 1915-ല്‍ കൊല്ലപ്പെട്ട ഒന്നര ലക്ഷത്തോളം അര്‍മേനിയക്കാരുടെ സ്മരണാര്‍ത്ഥം 1967-ല്‍ പണിതീര്‍ത്തതാണ് മനോഹരവും വിസ്തൃതവുമായ ഈ ദേശീയസ്മാരകം. വ്യത്താകാരത്തിലുള്ള മണ്ഡപവും അതിലെ പൊലിയാത്ത സ്മരണാദീപവും രക്തസാക്ഷികളുടെ ഓര്‍മ്മ മനസ്സുകളില്‍ മായാതെ നിലനിര്‍ത്തുന്നു. സമീപത്ത് അംബരചുംബിയായി പിരമിഡിന്‍റെ ആകാരത്തില്‍ പൊന്തിനില്ക്കുന്ന സ്റ്റീല്‍സ്തംഭം നാശത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ അര്‍മേനിയന്‍ ജനതയുടെ പ്രതീകമായും തലയുയര്‍ത്തി നില്ക്കുന്നു.

അര്‍മേനിയ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ ജൂണ്‍ 25-ാം തിയതി അതിരാവിലെ തന്നെ പാപ്പാ ഫ്രാന്‍സിസ് ഈ വേദി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.

വൃക്ഷലതാദികളാലും പൂക്കളാലും നിറഞ്ഞ വിസ്തൃതമായ പരിസരത്ത് വിശിഷ്ടാതിഥികളുടെ ആഗമനത്താല്‍ കിളികള്‍ ഉയര്‍ത്തിയ ചെറുകാഹളവും, സന്ദര്‍ശകരുടെ പതിഞ്ഞ സ്വരത്തിലുള്ള സംസാരവും പ്രാര്‍ത്ഥനാന്തരീക്ഷം വളര്‍ത്തി. സ്മാരകവേദിക്കു മുന്നില്‍ പാപ്പാ നമ്രശിരസ്ക്കനായി നിന്നു. എന്നിട്ട് മെല്ലെ അടിവച്ചു മുന്നോട്ടു ചെന്ന് വെള്ള പുഷ്പചക്രം സമര്‍പ്പിച്ചു. രാഷ്ട്രീയ പകയുടെ ക്രൂരതയില്‍ പൊലിഞ്ഞുപോയ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള നിര്‍ദ്ദോഷികളുടെ സ്മരണയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നെ ഓര്‍മ്മയുടെ കെടാവിളക്ക് എരിയുന്ന വൃത്താകാരത്തിലുള്ള ഉള്‍മണ്ഡമപത്തില്‍ പ്രവേശിച്ച് പാപ്പാ പൂക്കള്‍ സമര്‍പ്പിച്ചു.

പാപ്പായ്ക്കൊപ്പം സന്നിഹിതനായിരുന്ന കാതോലിക്കോസ് കരേക്കിന്‍ കര്‍തൃപ്രാര്‍ത്ഥനയ്ക്ക് തുടക്കമിട്ടു. സന്നിഹിതരായിരുന്നവര്‍ അതേറ്റുപാടി. പാപ്പാ ഫ്രാന്‍സിസ് ധൂപാര്‍ച്ചന നടത്തി. പരമ്പരാഗത കുഴലൂത്തുകാര്‍ വിലാപഗീതം ഊതിയത് ശോകത്തിന്‍റെ വികാരവീചികള്‍ ഉയര്‍ത്തി.  “ദൈവേഷ്ടം പൂര്‍ത്തികരിക്കുന്ന പ്രക്രിയയില്‍ നിങ്ങള്‍ സഹിച്ചു. കഷ്ടപ്പാടുകളോട് കഠിനമായി പൊരുതി. ജീവന്‍ സമര്‍പ്പിച്ചു.” ഹെബ്രായര്‍ക്കുള്ള ലേഖനഭാഗം. (ഹെബ്രാ.10, 32-36) ആത്മവിശ്വാസം പകരുന്നതായിരുന്നു. “വഴിയും സത്യവും ജീവനും, പിതാവിങ്കലേയ്ക്കുള്ള ഏകമാര്‍ഗ്ഗവും ക്രിസ്തുവാണ്,” എന്നു വിവരിക്കുന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗവും പാരായണം ചെയ്യപ്പെട്ടു (യോഹ.14, 1-13). തുടര്‍ന്ന് പരേതര്‍ക്കുവേണ്ടിയുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനായിരുന്നു. അര്‍മേനിയന്‍ സഭയുടെ ആത്മീയപിതാവ്, പ്രബുദ്ധനായ പരിശുദ്ധ ഗ്രഗരിയുടെ രേഷ്പാര്‍ (Hrashapar) ഗീതം ആലപിച്ചതോടെ ചരിത്രസ്മരണകള്‍ ഉയര്‍ത്തിയ രക്തസാക്ഷകളുടെ അനുസ്മരണശുശ്രൂഷ സമാപിച്ചു. മേല്‍ഉത്തരീയം അഴിച്ചുകൊണ്ട് തലയുയര്‍ത്തി മണ്ഡപത്തിലെ ചുവര്‍ചിത്രത്തിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് നോക്കി നെടുവീര്‍പ്പിട്ടു. കുട്ടികളും, സ്ത്രീകളും, കുടുംബനാഥന്മാരും, യുവജനങ്ങളും വയോജനങ്ങളും ഉള്‍പ്പെട്ട രക്ഷസാക്ഷി വൃന്ദത്തിന്‍റെ ചിത്രം! ചുറ്റുമുള്ളവരും സ്തബ്ധരായി നോക്കിനിന്നു.

‘തിസേര്‍നാക്കബേര്‍ദ്’ സ്മരണാവേദിയിലെ സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ പാപ്പാ ഫ്രാന്‍സിസ് കുറിച്ചുവച്ചു:  ഇതുപോലൊരു പാതകം ഒരിക്കലും ഉണ്ടാകരുതേ! ഹൃദയത്തില്‍ വേദനയോടെ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യകുലം തിന്മയെ നന്മകൊണ്ട് നേരിടാനാണ് പരിശ്രമിക്കേണ്ടതെന്ന് മറക്കരുത്. അര്‍മേനിയന്‍ ജനതയെയും ലോകത്തെയും ദൈവം സമാധാനത്തില്‍ നിലനിര്‍ത്തട്ടെ! നമ്മുടെ ഓര്‍ക്കളെ ദൈവം നയിക്കട്ടെ. ഓര്‍മ്മകള്‍ മാഞ്ഞുപോകാതിരിക്കട്ടെ. അത് ഭാവിയെ നയിക്കുന്ന സമാധാന സ്രോതസ്സാണ്!








All the contents on this site are copyrighted ©.