2016-06-26 12:30:00

ക്രിസ്തുവിന്‍റെ സ്നേഹാഗ്നിയില്‍ അനൈക്യകാരണങ്ങള്‍ എരിയട്ടെ


അര്‍മേനിയ സന്ദര്‍ശനത്തിന്‍റെ സമാപനദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ അര്‍മേനിയക്കാരുടെ ആകമാന കാതോലിക്കോസും അര്‍മേനിയന്‍ അപ്പസ്തോലികസഭയുടെ പരമോന്നത പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ , എത്ച്മിയാദ്സിനില്‍ വിശുദ്ധ തിരിദാത്തെയുടെ നാമത്തിലുള്ള ചത്വരത്തില്‍, അന്നാട്ടിലെ അപ്പസ്തോലികസഭയുടെ ആരാധനക്രമമനുസരിച്ച്,  നടന്ന തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുകയും ഒരു സന്ദേശം നല്കുകയും ചെയ്തു.

പാപ്പായുടെ സന്ദേശം ചുവടെ ചേര്‍ക്കുന്നു:

ഏറെ അഭിലഷിച്ചിരുന്നതും എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയവും ആയ ഈ സന്ദര്‍ശനത്തിന്‍റെ സമാപനവേളയില്‍ കര്‍ത്താവിന് നന്ദിചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ അള്‍ത്താരയില്‍ നിന്നുയര്‍ന്ന   സ്തുതിയുടെയും കൃതജ്ഞതയുടെയും മഹാഗീതത്തോടൊപ്പം ഞാനത് ഒന്നു ചേര്‍ക്കുന്നു. തിരുമേനി, അങ്ങ്, ഈ ദിനങ്ങളില്‍, അങ്ങയുടെ ഭവനത്തിന്‍റെ  വാതില്‍ എനിക്കായി തുറന്നിടുകയും നൂറ്റിമുപ്പത്തിമൂന്നാം സങ്കീര്‍ത്തനത്തിലെ ഒന്നാം വാക്യത്തില്‍ പറയുന്നതു പോലെ, “ സഹോദരര്‍ ഏകമനസ്സോടെ ഒന്നിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവും ആണ്” ​എന്നത് നമ്മള്‍ അനുഭവിച്ചറിയുകയും ചെയ്തു. നാം കണ്ടുമുട്ടുകയും സഹോദരനിര്‍വ്വിശേഷം ആലിംഗനം ചെയ്യുകയും ചെയ്തു, നമ്മള്‍ ഒരുമയോടെ പ്രാര്‍ത്ഥിച്ചു, നമ്മള്‍ സമ്മാനങ്ങളും പ്രത്യാശകളും ക്രിസ്തുവിന്‍റെ സഭയുടെ ആശങ്കകളും പങ്കുവച്ചു. അവളുടെ ഹൃദയത്തുടിപ്പിന്‍റെ ഏകസ്വനം നമ്മള്‍ ശ്രവിച്ചു. സഭ ഏകമാണെന്ന് നാം വിശ്വസിക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു.

ഒരേ പ്രത്യാശ ​എന്നതു പോലെ ഏക ശരീരവും ഏക ആത്മാവുമാണുള്ളത്.. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളു. സകലര്‍ക്കുമുപരിയും സകലരിലൂടെയും സകലരിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ഒരുവന്‍ മാത്രം.  പൗലോസ്  എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം അദ്ധ്യായം 4, 4 മുതല്‍ 6 വരെയുള്ള വാക്യങ്ങള്‍. പോലോസപ്പസ്തോലന്‍റെ ഈ വാക്കുകള്‍, തീര്‍ച്ചയായും, സസന്തോഷം, നമുക്കു സ്വന്തമാക്കാന്‍ സാധിക്കും. വാസ്തവത്തില്‍ വിശുദ്ധരായ അപ്പസ്തോലന്മാരുടെ നാമത്തിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. ബര്‍ത്തോലൊമേയൊ, തദ്ദേവൂസ് എന്നീ  വിശുദ്ധരാണ് ഈയിടങ്ങളില്‍ ആദ്യമായി സുവിശേഷം പ്രഘോഷിച്ചത്. പത്രോസ് പൗലോസ് എന്നീ വിശുദ്ധരാകട്ടെ കര്‍ത്താവിനെ പ്രതി റോമില്‍ ജീവന്‍ ബിലിയര്‍പ്പിച്ചു. ഈ വിശുദ്ധര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിനോടുകൂടെ വാഴുന്ന അവര്‍ തീര്‍ച്ചയായും നമ്മുടെ സ്നേഹവും പൂര്‍ണ്ണ ഐക്യത്തിനായുള്ള സമൂര്‍ത്ത അഭിവാഞ്ഛയും കണ്ട് സന്തോഷിക്കും. ഇതിനെല്ലാം നിങ്ങള്‍ക്കു വേണ്ടി, നിങ്ങളോടൊപ്പം ഞാന്‍ കര്‍ത്താവിന് നന്ദി പറയുന്നു. ദൈവത്തിനു മഹത്വം.

ഈ ദൈവികാരാധനയില്‍ ദൈവത്തിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഭയഭക്തിപൂര്‍വ്വം  പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന ഗീതം സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു. ദൈവമാതാവിന്‍റെയും മഹാവിശുദ്ധരുടെയും വേദപാരംഗതരുടെയും നിണസാക്ഷികളുടെയും, വിശിഷ്യ, കഴിഞ്ഞ വര്‍ഷം ഇവിടെ വച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെയും മാദ്ധ്യസ്ഥ്യം വഴി അത്യുന്നതന്‍റെ  സമൃദ്ധമായ അനുഗ്രഹങ്ങള്‍ മന്നില്‍ നിറയട്ടെ. ഇവിടെ ഇറങ്ങിവന്ന ഏകജാതന്‍ നമ്മുടെ യാത്രയെ സഹായിക്കട്ടെ. പരിശുദ്ധാരൂപി വിശ്വാസികളെ ഏകഹൃദയും ഏക ആത്മാവും ഉള്ളവരാക്കിത്തീര്‍ക്കട്ടെ. നമ്മില്‍ വീണ്ടും ഐക്യമുളവാക്കാന്‍ അവിടന്ന് എഴുന്നുള്ളി വരേണമേ. ആകയാല്‍, നിങ്ങളു‍ടെ ആരാധനക്രമത്തിലെ മനോഹരങ്ങളായ വാക്കുകള്‍ എന്‍റേതാക്കിത്തീര്‍ത്തുകൊണ്ട് അവിടത്തെ ഒരിക്കല്‍കൂടി വിളിച്ചപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓ പരിശുദ്ധാത്മാവേ വന്നാലും, കാരുണ്യവാനായ പിതാവിനോട് തീരാത്ത നെടുവീര്‍പ്പോടെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന അങ്ങ് വിശുദ്ധരെ കാത്തു പരിപാലിക്കുകയും പാപികളെ ശുദ്ധീകരിക്കുകയും ചെയ്യണമെ. നിന്‍റെ സ്നേഹാഗ്നിയും എക്യവും ഞങ്ങളുടെ മേല്‍ ചൊരിയേണമെ. ഞങ്ങളേകുന്ന ഉതപ്പിന്, സര്‍വ്വോപരി, ക്രിസ്തുശിഷ്യരുടെ ഐക്യത്തിന്‍റെ അഭാവത്തിനുള്ള, കാരണങ്ങളെ ഈ സ്നേഹാഗ്നിയാല്‍ ദഹിപ്പിക്കേ​ണമേ.  

അര്‍മേനിയയിലെ സഭ സമാധാനത്തില്‍ ചരിക്കട്ടെ, നമ്മു‌ടെ കൂട്ടായ്മ പൂര്‍ണ്ണമാകട്ടെ. സകലരിലും തീവ്രതരമായ ഐക്യദാഹം ഉണ്ടാകട്ടെ. ഈ ഐക്യം ഒരുവനെ അപരന്‍റെ കീഴിലാക്കുന്നതൊ, ലയനമൊ ആയിരിക്കരുത്, മറിച്ച്, കര്‍ത്താവായ ക്രിസ്തു അവിടത്തെ പരിശുദ്ധാത്മാവുവഴി സാക്ഷാത്ക്കരിച്ച രക്ഷയുടെ മഹാരഹസ്യം ലോകം മുഴുവന്‍ വെളിപ്പെടുത്തുന്നതിന് ഓരോ വ്യക്തിക്കും നല്കപ്പെട്ടിരിക്കുന്ന സകല ദാനങ്ങളെയും സ്വീകരിക്കുന്നതാകണം.

വിശുദ്ധരുടെ ആഹ്വാനങ്ങളോടു നമുക്കു പ്രത്യുത്തരിക്കാം, വിശ്വാസത്തിനു വേണ്ടി സ്വജീവന്‍ ഹോമിക്കുകയും യാതനകളനുഭവിക്കുകയും ചെയ്തവരായ, വിദ്വേഷത്തിനിരകളായ, നിരവിധിയായ എളിയവരുടെയും നിര്‍ദ്ധനരുടെയും സ്വരം നമുക്ക് ശ്രവിക്കാം. ഗതകാലപിളര്‍പ്പുകളില്‍ നിന്നു മുക്തമായ ഒരു ഭാവിക്കായുള്ള  യുവതലമുറകളുടെ യാചന നമുക്ക് കേള്‍ക്കാം. ഈ വിശുദ്ധസ്ഥലത്തു നിന്ന് വിണ്ടും ദീപ്തി പരക്കട്ടെ. നിങ്ങളുടെ പിതാവായ   വിശുദ്ധ ഗ്രിഗറിയുടെ കാലം മുതല്‍ നിങ്ങളുടെ ഈ മണ്ണിനെ പ്രബുദ്ധമാക്കിയ വിശ്വാസ വെളിച്ചത്തോടൊപ്പം പൊറുക്കുന്നതും അനുരഞ്ജനപ്പെടുത്തുന്നതുമായ സ്നേഹത്തിന്‍റെ വെളിച്ചവും ചേരട്ടെ.

ഉത്ഥാനദിനത്തിലെ പ്രഭാതത്തില്‍ അപ്പസ്തോലന്മാര്‍, സന്ദേഹങ്ങളും അനിശ്ചിതത്ത്വങ്ങളും ഉണ്ടായിരുന്നെങ്കിലും, പുതിയ പ്രതീക്ഷയുടെ അനുഗ്രഹിത പ്രഭാതത്താല്‍ ആകര്‍ഷിതരായി ഉത്ഥാനസ്ഥലത്തേക്കോടി. അതുപോലെ തന്നെ നമ്മള്‍ ഈ വിശുദ്ധ ഞായറില്‍ പൂര്‍ണ്ണ കൂട്ടായ്മയിലേക്കുള്ള ദൈവികാഹ്വാനത്തെ പിന്‍ചെല്ലുകയും ആ എൈക്യത്തിലേക്ക് അതിവേഗം ചരിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍, തിരുമേനി, എന്നെ അനുഗ്രഹിക്കാന്‍ ദൈവനാമത്തില്‍ അങ്ങയോട് അപേക്ഷിക്കുകയാണ്, എന്നെയും കത്തോലിക്കാസഭയെയും അനുഗ്രഹിക്കുക. പുര്‍ണ്ണ ഐക്യത്തിലേക്കുള്ള നമ്മുടെ ഈ പാതയെയും അനുഗ്രഹിക്കുക.








All the contents on this site are copyrighted ©.