2016-06-20 18:49:00

അന്യരെ വിധിക്കുന്ന പ്രവണത കരുണയില്ലാത്ത കാപട്യമാണ്: പാപ്പാ ഫ്രാന്‍സിസ്


മറ്റുള്ളവരെ വിധിക്കുന്നതിനു മുന്‍പ് നമ്മുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍ മറന്നുപോകരുത്. വിധി പറയുംമുമ്പേ ഒരു ആത്മശോധന നല്ലതാണെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 20-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസിതിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ ഉദ്ബോധിപ്പിച്ചത് (മത്തായി 7, 1-7). വേനല്‍ അവധിക്കുമുന്‍പ് സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ അര്‍പ്പിച്ച അവസാനത്തെ ദിവ്യബലിയായിരുന്നു ഇത്. ഇനി സെപ്തംബറിലായിരിക്കും വീണ്ടും കപ്പേളയിലെ ദിവ്യബലി തുടരുന്നത്.

  1. നിത്യവിധിയുടെ  മാനദണ്ഡം  കരുണ

വിധിയുടെ അളവുകോല്‍ ദൈവത്തിന്‍റെ സര്‍വ്വാധീശത്വമല്ല, അവിടുത്തെ കാരുണ്യാതിരേകമാണ്. വിധിയാളന്‍ പരമമായും ദൈവമാണ്. അതിനാല്‍ നാം വിധിക്കപ്പെടാതിരിക്കാന്‍ മറ്റുള്ളവരെ വിധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ദൈവം വിധി ദിനത്തില്‍ നമ്മോട് കരുണ കാണിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുറവുകള്‍ അവിടുന്ന ക്ഷമിക്കുകയും, മറന്നുകളയണമെന്നും, കരുണകാണിക്കണമെന്നും നാം ആഗ്രഹിക്കുന്നുണ്ട്. എങ്കില്‍ മറ്റുള്ളവരോട് നാം കരുണയുള്ളവരായിരിക്കണം. വചനവിചിന്തനത്തില്‍ പാപ്പാ ആമുഖമായി ഉദ്ബോധിപ്പിച്ചു.

2.  മറ്റുള്ളവരെ വിധിക്കുന്നത്  കാപട്യം
മറ്റുവരെ അളക്കുന്ന അളവുകൊണ്ട് നമ്മളും അളക്കപ്പെടും. കണ്ണാടിയിലേയ്ക്കു നോക്കി എന്നപോലെ സ്വന്തം കുറവുകളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം:  കണ്ണാടിയില്‍ നോക്കിയാലും ചായം പൂശകയും മോടിപിടിപ്പിക്കുകയും ചെയ്താല്‍ മുഖത്തുള്ള വടിവുകളും ചുളിവുകളും കാണുന്നില്ല. അങ്ങനെയുള്ള ‘മേക്കപ്പ്’ (Made up)  നോട്ടമല്ല! ആയിരിക്കുന്നതുപോലെ, നമ്മുടെ യഥാര്‍ത്ഥരൂപം മനസ്സിലാക്കാന്‍ പരിശ്രമിക്കാം. സ്വന്തം കണ്ണിലെ തടിക്കഷ്ണം കാണാതിരിക്കെ, സഹോദരന്‍റെ കണ്ണിലെ കരട് കണ്ടുപിടിക്കുന്നത് എന്തുകൊണ്ടാണ്? എന്നിട്ട് അവനോടും അവളോടും പറയുന്നു, കണ്ണിലെ കരടു ഞാന്‍ എടുത്തു കളയാമെന്ന്. സ്വന്തം കണ്ണില്‍ തടിയിരിക്കെ, അപരന്‍റെ കരടിനെക്കുറിച്ച് എങ്ങനെ ആകുലമപ്പെടാനാകും? ഇങ്ങനെ ചെയ്യുന്നവന്‍ കാപട്യമാണു ചെയ്യുന്നതെന്ന് കര്‍ത്താവു പറയുന്നു. അതിനാല്‍  കണ്ണിലെ തടി ആദ്യം എടുത്തു മാറ്റിയിട്ടു വേണം, സഹോദരന്‍റെ കണ്ണിലെ കരടു കളയാന്‍ ശ്രമിക്കാന്‍!

3.  മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക!

ദാര്‍ഷ്ഠ്യഭാവം പേറുകയും, ദേഷ്യപ്പെടുകയും ചെയ്യുമ്പോള്‍ നാം ദൈവത്തെപ്പോലെ ആകാമെന്ന ചിന്തയിലാണ്. കപടഭാവത്തിന്‍റെയും വലുപ്പത്തിന്‍റെയും മൂടുപടം അണിയലാണത്. ഏദനില്‍ കണ്ടത് പൈശാചിക കുടിലതയാണ്. പിശാച് ആദിപിതാക്കളെ പ്രലോഭിപ്പിച്ചു. ആദത്തോടും ഹവ്വായോടും പറഞ്ഞു. “ഈ കനി തിന്നാല്‍ നിങ്ങള്‍ ദൈവത്തെപ്പോലെയാകും!” അവര്‍  ഇഷ്ടപ്പെട്ടത് ദൈവത്തിന്‍റെ സ്ഥാനം പിടിച്ചുപറ്റാനായിരുന്നു. അവര്‍ സാത്താന്‍റെ കയ്യിലെ കനി വാങ്ങി തിന്നു. പാളിപ്പോകുന്ന മനുഷ്യന്‍റെ വിധിയാണ് ഇവിടെ കാണുന്നത്. തെറ്റായ തീരുമാനവും വിധിയെഴുത്തും! ആദ്യപാപമായിരുന്നു!

ദൈവം വിധിക്കട്ടെ! അവിടുന്നു മാത്രമാണ് മനുഷ്യകുലത്തിന്‍റെ വിധിയാളന്‍! വിധിക്കാന്‍ നമുക്ക് അവകാശമില്ല. തെറ്റുചെയ്യുന്നവര്‍ക്കുവേണ്ടി പ്രാ‍ത്ഥിക്കുകയാണ് അഭികാമ്യം. തെറ്റുചെയ്യുന്നവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. എല്ലാം ശരിയല്ലെന്നു കാണുമ്പോഴും അവരോടു സംസാരിക്കുവാനും, പറഞ്ഞു മനസ്സിലാക്കുവാനും ശ്രമിക്കുക! അവരെ വിധിക്കാതെ, പിന്‍തുണയ്ക്കുക. ഇങ്ങനെയല്ല  അങ്ങനെ ആയരിക്കാം! എന്നെല്ലാം പറഞ്ഞുകൊടുക്കുക! വിധി പറയാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയാല്‍ മതി!
 

4.  വിധിക്കാതെ കരുണകാട്ടുക!
മാനുഷികമായ വിധിപറയലിന് പരിമിതിയുണ്ട്. മനുഷ്യന്‍റെ വിധി ദുര്‍ബലമാണ്. അന്യരെ വിധിക്കുമ്പോള്‍ നാം ദൈവത്തെപ്പോലെയാകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആരെയും ശരിയായി വിധിക്കാനും നമുക്കാവില്ല. കാരണം നമ്മുടെ വിധിപറച്ചില്‍ കരുണയില്ലാത്ത പ്രവൃത്തിയാണ്. ദൈവം കരുണാര്‍ദ്രനാണ്, അവിടുന്ന് കാരുണ്യവാനാണ്. 

ക്രിസ്തു ഇന്നു നമ്മോടു പറയുന്ന കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ധ്യാനിക്കാം. വിധിക്കപ്പെടാതിരിക്കാന്‍ ആദ്യമായ നാം അന്യരെ വിധിക്കാതിരിക്കുക. രണ്ട്, അളക്കുന്ന വിധത്തില്‍ നാം അളക്കപ്പെടും, അതേ അളവുകോല്‍കൊണ്ട്...! മൂന്നാമതായി, വിധിക്കുന്നതിനു മുന്‍പ് നമുക്കൊന്നു കണ്ണാടിയില്‍ നോക്കാം..., ആത്മശോധനചെയ്യാം. നമ്മുടെ അഭിപ്രായവും പ്രസ്താവവും ദുര്‍ബലമായിരിക്കെ മറ്റുള്ളവര്‍ക്കു നേരെ വിരല്‍ചൂണ്ടാതിരിക്കാം. അവരെ വിധിക്കുന്നതും, അവരെ കുറ്റം ആരോപിക്കുന്നതും കാപട്യമാണ്. അതില്‍ കരുണയില്ല. മേല്പറഞ്ഞ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം! ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.