2016-06-18 15:17:00

ത്യാഗത്തില്‍ വിരിയുന്ന ആനന്ദം ക്രിസ്ത്വാനുകരണത്തിന്‍റെ ഭാഗധേയം


ജൂണ്‍ 16-ാം തിയതി വത്തിക്കാനില്‍ സഞ്ചാരികളായ കലാകാരന്മാരുടെ സംഗമം നടന്നു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി  7000-ല്‍ അധികംപേര്‍ പങ്കെടുത്തു.  സര്‍ക്കസുകാരും, ഉല്ലാസപാര്‍ക്കുകാരും, പാവകളിക്കാരും, മാജിക്കുകാരും, തെരുനാടകക്കാരും, തെരുകലാകാരുന്മാരും, ചുവര്‍ചിത്രക്കാരും, നാടോടികളുമായി ആബാലവൃന്ദം ജനങ്ങളുടെയും കുടുംബങ്ങളുടെയും അത്യപൂര്‍വ്വ സംഗമമായിരുന്നു അത്. അതൊരു വലിയ കലാലോകമായിരുന്നു.  അക്കൂട്ടത്തില്‍ ഒരാളാണ് കടുവയുമായി പാപ്പായുടെ പക്കലെത്തിയത്. കാരുണ്യത്തിന്‍റെ ജൂബിലിയുടെ ഭാഗമായിരുന്നു അത്. പ്രാര്‍ത്ഥനയിലും ധ്യാനത്തിലും സമൂഹബലിയര്‍പ്പണത്തിലും ചിലവൊഴിച്ച രണ്ടു ദിവസങ്ങള്‍! പിന്നെ അവരുടെ കാരുണ്യകവാടം കടക്കലും....! പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കു നല്കിയ സന്ദേശത്തിന്‍റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു, “നിങ്ങളുടെ ഈ നിലയ്ക്കാത്ത സഞ്ചാരവും കലാപ്രകടനങ്ങളുടെ ത്യാഗവും ജീവിതയാതനകള്‍ക്ക് അപ്പുറമുള്ള കലാസപര്യയിലെ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും, കഴിവും കരവിരുതും, സൗന്ദര്യവും സന്തോഷവും മറ്റുള്ളവര്‍ക്ക് ആനന്ദം പകരുന്നതാണ്. ദൈവംതന്ന കഴിവുകള്‍ ത്യാഗമുള്ള സമര്‍പ്പണത്തിലൂടെ മറ്റുള്ളവര്‍ക്ക് സന്തോഷമായി പകര്‍ന്നുകൊണ്ടാണ് നിങ്ങളുടെ ജീവിതദൗത്യവും ജീവസന്ധാരണവും യാഥാര്‍ത്ഥ്യമാക്കുന്നത്.” ത്യാഗത്തില്‍ വരിയുന്ന ആനന്ദത്തെക്കുറിച്ചാണ്, പാപ്പാ ഉദ്ബോധിപ്പിച്ചത്. മറച്ചുപിടിക്കുന്ന ജീവിതയാതനയ്ക്കപ്പുറം വിരിയുന്ന ആനന്ദം അര്‍ത്ഥവത്തായി മാറുന്നു.

സഹനത്തിന്‍റെ മൂല്യത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം ഉദ്ബോധിപ്പിക്കുന്നത്. "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍  തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ!” (ലൂക്ക 9, 23). ഇതിന്‍റെ അര്‍ത്ഥം എന്താണ്? ക്രിസ്തുവിനോടു ചേര്‍ന്നു സഹിക്കുവാനും മരിക്കുവാനും തയ്യാറല്ലാതെ ക്രൈസ്തവന് ജീവനില്ല. അതുകൊണ്ടാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്.  യഥാര്‍ത്ഥത്തില്‍ ക്രൈസ്തവന്‍റെ വ്യക്തിത്വത്തിന് സഹനത്തിന്‍റെയും കുരിശിന്‍റെയും അടയാളമുണ്ടെന്നാണ് ഇതിനര്‍ത്ഥം.

“ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?” തന്‍റെ ശിഷ്യന്മാരോടുള്ള ക്രിസ്തുവിന്‍റെ ചേദ്യമാണിത്. ക്രിസ്തു എപ്പോഴും തന്‍റെ അന്യൂനമായ ദൈവികവ്യക്തിത്വം മറച്ചുവയ്ക്കുകയോ സംരക്ഷിക്കുകയോ ചെയ്തിരുന്നുവെന്ന് പല സാഹചര്യങ്ങളില്‍നിന്നും മനസ്സിലാക്കാം. ഇതൊരു അസാമാന്യ വ്യക്തിയാണ്. ഗുരുനാഥനാണ്, അത്ഭുതപ്രവര്‍ത്തകനാണ്, പ്രവാചകനാണ്. എന്നിങ്ങനെയുള്ള പൊതുവായ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തപ്പെട്ടതില്‍ അവിടുന്ന് വൈമനസ്യം കാട്ടിയിരുന്നില്ല. എന്നാല്‍ ആരെങ്കിലും തന്‍റെ യഥാര്‍ത്ഥമായ വ്യക്തിത്വം അല്ലെങ്കില്‍ ദൈവികസ്വഭാവം വെളിപ്പെടുത്തുമെന്നു കണ്ടാല്‍ ക്രിസ്തു ഉടനെ അതില്‍നിന്നും തെന്നിമാരുകയോ, അവരെ വിലക്കുകയോ ചെയ്യുന്നതായി സുവിശേഷത്തില്‍ പൊതുവെ കാണുന്നു.

കേസറിയ ഫിലിപ്പി എന്ന ഇടമാണ് പത്രോസ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിനു വേദിയായത്. ചരിത്രത്തില്‍ നാലു മതങ്ങളുടെ സംഗമസ്ഥാനമാണിത്. ബാബിലോണിയന്‍ ദേവനായ ബാലിനുവേണ്ടി ബലിയര്‍പ്പിക്കപ്പെട്ടിരുന്നിടം. അവിടെ ബാലിന്‍റെ ക്ഷേത്രങ്ങളുമുണ്ടായിരുന്നു. പിന്നെ, ഗ്രീക്ക് ഇതിഹാസങ്ങളിലെ Pantheos... ‘ബഹുദേവതകളു’ടെ ആരാധനയുടെ പിറവിയും കേസറിയ ഫിലിപ്പിയിലെ മലമുകളിലായിരുന്നു. യഹൂദരുടെ പുണ്യനദിയായ യോര്‍ദ്ദാന്‍റെ പ്രഭവസ്ഥാനവും ഇവിടെയാണ്. ഒടുവില്‍ സകലത്തിനെയും വെല്ലുന്ന വിധത്തില്‍ റോമന്‍ ഭാരണാധിപനായ സീസറിനെ ആരാധിക്കാനുള്ള ക്ഷേത്രസമുച്ചയങ്ങള്‍ റോമന്‍ സാമ്രാജ്യകാലത്ത്, അതായത് ക്രിസ്തുവിന്‍റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടവയും അവിടെയുണ്ട്. ഈ സമുച്ചയത്തിന്‍റെ നടുവിലാണ് അലഞ്ഞുനടക്കുന്ന തച്ചനെ നോക്കി, “ അങ്ങു മിശിഹായാണ്,” എന്ന് പത്രോസ് പ്രഖ്യാപിച്ചത്.  തന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം ക്രിസ്തു മറച്ചു പിടിച്ചെങ്കിലും,  ജനങ്ങള്‍ക്കും, അവിടുത്തെ ശിഷ്യര്‍ക്കും തെറ്റിയില്ലെന്നു പറയാം.

ഇന്നത്തെ സുവിശേഷഭാഗത്തേയ്ക്കു നോക്കുമ്പോള്‍, പ്രാര്‍ത്ഥനയില്‍ സമയം ചിലവൊഴിച്ചശേഷം അവിടുന്ന് ശിഷ്യരോടു ചേദിച്ചു. “താന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?” “സ്നാപക യോഹന്നാനെന്ന് ചിലര്‍, ഏലിയായെന്ന് മറ്റു ചിലര്‍, പിന്നെയും ചിലര്‍ക്ക് അവിടുന്നു പ്രവാചകന്മാരില്‍ ഒരാളാണ്.” അതേ, ചോദ്യം അവിടുന്നു ശിഷ്യരുടെ നേരെ എറിയുന്നു. “താന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?” പത്രോസാണ് എല്ലവര്‍ക്കുവേണ്ടി ഉത്തരംപറഞ്ഞത്. “അവിടുന്നു ദൈവത്തിന്‍റെ ക്രിസ്തുവാണ്!” തങ്ങള്‍ കാത്തിരുന്ന അഭിഷിക്തന്‍ അവിടുന്നാണെന്ന് പത്രോസ് സ്ഥിരീകരിച്ചു പറഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിലും ഇക്കാര്യം മറ്റാരോടും പറയരുതെന്ന് വീണ്ടും ക്രിസ്തു ശിഷ്യന്മാരെ വിലക്കുന്നു.

തന്‍റെ ദൈവിക വ്യക്തിത്വത്തെ മറച്ചുപിടിച്ചിട്ട്, തന്നിലെ ക്ലേശകരമായ ഭാഗങ്ങള്‍ അവിടുന്നു ചൂണ്ടിക്കാട്ടുന്നു. തന്നെ അനുഗമിക്കുന്നതിലും ദൗത്യത്തില്‍ പങ്കുചേരുന്നതിലുമുള്ള ദുര്‍ഖടമായ കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തുന്നു. മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍, നിയമ്ജ്ഞര്‍ എന്നിവരാല്‍ തിരസ്ക്കരിക്കപ്പെടും, വധിക്കപ്പെടും, പിന്നെ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടും. എന്നിട്ട് തുടര്‍ന്നു, “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ! സ്വന്തം ജീവന്‍ രക്ഷിക്കന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ പരിരക്ഷിക്കും” (ലൂക്കാ 9, 23).

ഇതു ക്രിസ്തുവിന്‍റെ പ്രബോധന രീതിയാണെന്നു പറയാം - Pedagogy or teaching methadology.  ദൈവപുത്രനാണെങ്കിലും തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സഹനത്തിന്‍റെ പാത പിന്‍ചെല്ലണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ശിഷ്യരുടെ മനസ്സിലേയ്ക്കും ഹൃദയത്തിലേയ്ക്കും, തന്‍റെ മനുഷ്യാവതാര-ദൈവിക രഹസ്യത്തിന്‍റെ വെളിച്ചം വീശുകയാണ്. ദൈവത്തിന്‍റെ സ്നേഹം അപരിമേയമാണ്. എന്നാല്‍ മനുഷ്യപാപങ്ങള്‍ ഘോരമാണ്. അതിനാല്‍ രക്ഷ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നത് സ്നേഹമുള്ള ത്യാഗത്തിലൂടെയാണ്.  കുരിശിലെ ത്യാഗസമര്‍പ്പണത്തിലാണ്. അതിനാല്‍ കുരിശില്ലാതെ രക്ഷകനായ ക്രിസ്തുവിനെ മനസ്സിലാക്കുക പ്രയാസമാണ്. അവിടുത്തെ പ്രവാചക വ്യക്തിത്വവും, ഗുരുസ്ഥാനവും അത്ഭുപ്രവൃത്തികളും ഒരുവശത്തു നില്ക്കെ, രക്ഷകനായ ക്രിസ്തുവിനെ കുരിശില്ലാതെയും, കുരിശിന്‍റെ വഴിയിലൂടെ അല്ലാതെയും അനുഗമിക്കാനാവില്ലെന്ന് വ്യക്തമാക്കപ്പെടുന്നു. എങ്കിലും ശിഷ്യാന്മാര്‍ക്ക് ഈ കാഴ്ചപ്പാട് അംഗീകരിക്കാനാകുന്നില്ല. അവര്‍ പ്രവചനങ്ങളെയോ, അവിടുന്നു ബലിയര്‍പ്പിക്കപ്പെടേണ്ട കുഞ്ഞാടാണെന്നോ അംഗീകരിക്കുന്നില്ല. ഹോസാന മഹോത്സവത്തില്‍ ജനം “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍...!” എന്ന് ആര്‍ത്തുവിളിക്കുന്നതും  (മത്തായി 23, 69),   “ഈ ജനം ഉറക്കെ പറഞ്ഞില്ലെങ്കില്‍, കല്ലുകള്‍ ആര്‍ത്തുവിളിക്കും,” (ലൂക്ക 19, 40). എന്നും അവിടുന്നു പറഞ്ഞതും അവരുടെ ഓര്‍മ്മിയില്‍ തെളിഞ്ഞുനിന്നു.

പത്രോസില്‍നിന്നല്ലാതെ, അവിടുത്തെ വ്യക്തിത്വത്തിന്‍റെ മറ്റൊരു പ്രഘോഷണം നാം കേള്‍ക്കുന്നത് കുരിശില്‍ ചുവട്ടിലെ വിജാതിയനായ ശതാധിപന്‍റെ അധരങ്ങളില്‍നിന്നുമാണ്.  പീഡാനുഭവത്തിന്‍റെ ഉച്ചസ്ഥായിയില്‍, അവിടുന്നു കുരിശില്‍ മരിച്ചതില്‍പ്പിന്നെയായിരുന്നു അത്. “സത്യമായും ഈ മനുഷ്യന്‍ നീതിമാനായിരുന്നു (dikaios) ” ശതാധിപതന്‍ ഏറ്റുപറഞ്ഞു. കുരിശിലെ നല്ലകള്ളനും ഒരു വിധത്തില്‍ അവിടുത്തെ ദൈവികത പ്രഘോഷിക്കുന്നു. “യേശുവേ, അങ്ങു പറുദീസയില്‍ ആയിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!”  ക്രിസ്തുവിന്‍റെ ദൈവികത പ്രഘോഷിക്കുന്ന വാക്കുകളാണിവ. 

വീണ്ടും ആദ്യം പറഞ്ഞ സഞ്ചരിക്കുന്ന കലാകാരനമാരുടെ സംഗമത്തിലേയ്ക്ക് നമുക്ക് തിരികെ ചെല്ലാം. സംഗമത്തില്‍ അവര്‍ സംഘടിതമായെടുത്ത തീരുമാനം പാപ്പാ ഫ്രാന്‍സിസിനെ അറിയിക്കുകയയുണ്ടായി. എവിടെയായിരുന്നാലും, ഏതു രാജ്യത്തായിരുന്നാലും തങ്ങളുടെ പ്രദര്‍ശനങ്ങളും പ്രകടനങ്ങളും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ലഭ്യമാക്കും. അവ ജയിലുകളിലും, അനാഥാലയങ്ങളിലും, വൃദ്ധമന്ദിരങ്ങളിലും സൗജന്യമായി സംഘടിക്കപ്പെടും.  നഗരങ്ങളില്‍ മാത്രമല്ല, അധികംപേരും എത്തപ്പെടാത്ത പാവപ്പെട്ടവരുടെ ഗ്രാമങ്ങളിലും അവ സൗജന്യമായി അവതരിപ്പിക്കപ്പെടും! അങ്ങനെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരം തങ്ങള്‍ ആഘോഷിക്കുമെന്ന് കലാകാരന്മാര്‍ സംഘടിതമായി പ്രഖ്യാപിച്ചു. ത്യാഗത്തില്‍ വിരിയുന്ന ആനന്ദത്തിന്‍റെ പങ്കുവയ്ക്കലാണത്. ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവുമാണത്. ക്രൈസ്തവ ജീവിതത്തില്‍ അത് കാരുണ്യപ്രവൃത്തിയാണ്.

ക്രിസ്തുവിനെ ഇപ്രകാരം അനുഗമിക്കുക ക്രൈസ്തവ ജീവിതത്തിന്‍റെ വെല്ലുവിളിയാണ്. ക്രിസ്തീയ മൂല്യങ്ങള്‍ ജീവിക്കുക എന്നാല്‍ ക്രിസ്തുവിന്‍റെ കുരിശുവഹിക്കുക എന്നുതന്നെയാണ്. അങ്ങനെ അവിടുത്തെ പീഡകളുടെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും മഹത്വത്തില്‍ നമുക്കും പങ്കുകാരാകാം. അനുദിന ജീവിതപരിസരങ്ങളില്‍ സഹോദരങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ ത്യാഗസമര്‍പ്പണത്തിന്‍റെ ആനന്ദം പങ്കുവയ്ക്കാന്‍ പരിശ്രമിക്കാം!








All the contents on this site are copyrighted ©.