2016-06-17 13:42:00

ക്രൈസ്തവരും മുസ്ലീങ്ങളും ദൈവിക കരുണയുടെ ഉപകരണങ്ങളാകുക


    ദൈവത്തെ അനുകരിക്കുന്നതിന് പരമാവധി പ്രയത്നിക്കാന്‍ ക്രൈസ്തവരും മുസ്ലീങ്ങളും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി.

     മുസ്ലീങ്ങളു‍ടെ വ്രതാനുഷ്ഠാന പുണ്യ റംസാന്‍ മാസത്തോടും നോമ്പുവീടുന്ന ഈദ് അല്‍ ഫിത്തര്‍ തിരുനാളിനോടുമനുബന്ധിച്ച് ഇസ്ലാം സഹോദരങ്ങള്‍ക്കായി പതിവു പോലെ ഇക്കൊല്ലവും നല്കിയ സന്ദേശത്തിലാണ് ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ  ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

     ക്രൈസ്തവരും മുസ്ലീങ്ങളും ദൈവിക കരുണയുടെ ഗുണഭോക്താക്കളും ഉപകരണങ്ങളും എന്ന ശീര്‍ഷകത്തിലുള്ള ഈ സന്ദശത്തില്‍ ഈ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷാന്‍ ലുയീ തൊറായും കാര്യദര്‍ശി ബിഷപ്പ് മുഖേല്‍ ആംഗെല്‍ അയൂസൊ ഗ്വിസ്സൊയും കൈയ്യൊപ്പിട്ടിരിക്കുന്നു.

      കാരുണ്യവാനായ ദൈവം നമ്മളും മറ്റുള്ളവരോടു കരുണയും സഹാനുഭൂതിയും ഉള്ളവരായിരിക്കണമെന്ന് നമ്മോടാവശ്യപ്പെടുന്നുവെന്ന് സന്ദേശം ഓര്‍മ്മിപ്പിക്കുന്നു.

     യുദ്ധങ്ങള്‍, അക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയ്ക്ക് ആബാലവൃദ്ധം ജനങ്ങള്‍ ഇരകളായിത്തീരുന്നതും, അനേകര്‍ പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും തൊഴിലില്ലായ്മയുടെയും പ്രകൃതിദുരന്തങ്ങളുടെയും പിടിയിലമരുന്നതുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ നമുക്ക് കണ്ണടയ്ക്കാനാകില്ലയെന്നും ഇവയെ നേരിടുക നമ്മുടെ കഴിവുകള്‍ക്കതീതമാകയാല്‍ എല്ലാവരും സംഘാതമായി പരിശ്രമിക്കുക ആവശ്യമാണെന്നും മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി പറയുന്നു.

     റംസാന്‍ പു​ണ്യമാസത്തിന്‍റെയും ഈദ് അല്‍ ഫിത്തര്‍ തിരുന്നാളിന്‍റെയും സമൃദ്ധമായ ഫലങ്ങള്‍ ഉണ്ടാകട്ടെയെന്ന ഫ്രാന്‍സീസ് പാപ്പായുടെ ആശംസയും ഈ പൊന്തിഫിക്കല്‍ സമിതി അറിയിക്കുന്നു.








All the contents on this site are copyrighted ©.