2016-06-16 19:23:00

കാരുണ്യത്തിന്‍റെ ജൂബിലിക്കെത്തിയ സഞ്ചാരികളുടെ കലാലോകത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസന്ദേശം


സഞ്ചരിക്കുന്ന ജനകീയ കലകള്‍ വിനോദപരിപാടികളുടെ ആദ്യരൂപമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സഞ്ചരിക്കുന്ന ജനകീയ കലാപ്രദര്‍ശന സംഘങ്ങളിലെ കലാകാരുന്മാരുടെയും അവരുടെ പ്രതിനിധികളുടെയും രാജ്യാന്തര കൂട്ടായ്മയെ ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. കാരുണ്യത്തിന്‍റെ ജൂബിലിയില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും 7000-ലേറെ കലാകാരന്മാരും അവരുടെ സംഘാടകരുമാണ് വത്തിക്കാനില്‍ എത്തിയത്. സന്ദേശം കേട്ടതിനുശേഷം അവര്‍ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളും അവതരിപ്പിച്ചു.

തെരുവോര കലാകാരുന്മാരുടെയും കലാകാരികളുടെയും കുടുംബങ്ങളുടെയും ജീവിതം വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ അവര്‍ സമൂഹവുമായി പങ്കുവയ്ക്കുന്ന കൂട്ടായ്മയുടെയും ആനന്ദത്തിന്‍റെ സംസ്ക്കാരത്തനിമയുടെയും മൂല്യങ്ങള്‍ ലോകത്ത് സാഹോദര്യവും സമാധാനവും വളര്‍ത്താന്‍പോരുന്നതാണ്. പാപ്പാ വിശേഷിപ്പിച്ചു. സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കും ഒരുപോലെ എത്തിപ്പെടാവുന്നതും കുടുംബങ്ങളെ കൂട്ടമായി ആകര്‍ഷിക്കുന്നതുമായ വിനോദത്തിന്‍റെയും ഉല്ലാസത്തിന്‍റെയും കഴിവുകളുടെയും സമഗ്രവേദിയാണ് സഞ്ചരിക്കുന്ന ജനകീയ കലാരൂപങ്ങളെന്ന് പാപ്പാ പ്രസ്താവിച്ചു.

ഈ കലാലോകത്തിന്‍റെ സഞ്ചാരവും യാത്രകളും നിലയ്ക്കാത്തതാണ്. നിങ്ങള്‍ ചെല്ലുന്നിടങ്ങളിലെല്ലാം കഴിവുകളുടെയും കായികബലത്തിന്‍റെയും കരബലത്തിന്‍റെയും പ്രകടനങ്ങളിലൂടെ ദൈവസ്നേഹത്തിന്‍റെയും ദൈവികകാരുണ്യത്തിന്‍റെയും വികാരങ്ങളും അനുഭവങ്ങളും പ്രേക്ഷകരുടെ മനസ്സുകളില്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

വിഷാദവും വിഷമങ്ങളും തിങ്ങിയ ലോകത്ത് നിങ്ങള്‍ക്ക് പങ്കുവയ്ക്കാന്‍ സാധിക്കുന്ന സൗന്ദര്യവും, സന്തോഷവും കാരുണ്യവും വലുതും വിലപ്പെട്ടതുമാണ്.  നിങ്ങളുടെ പരിപാടികള്‍ പാവങ്ങളായവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും, ഭവനരഹിതര്‍ക്കും, ജയില്‍വാസികള്‍ക്കും, അനാഥര്‍ക്കും പാവങ്ങളായ കുട്ടികള്‍ക്കും ഈ ജൂബിലി വര്‍ഷത്തില്‍ പ്രത്യേകമായി ലഭ്യമാക്കുന്നുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സമൂഹത്തിന്‍റെ പിന്നാമ്പുറത്ത് ആയിരിക്കുന്നവരിലേയ്ക്ക് എത്തിപ്പെടാനുള്ള നിങ്ങളുടെ പരിശ്രമം പ്രത്യാശപൂര്‍ണ്ണവുമാണ്. അങ്ങനെ സകലരെയും ആശ്ലേഷിക്കുന്ന ഒരു കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താനുള്ള ശ്രമത്തില്‍ നിങ്ങളും പങ്കുകാരാവുകയാണ്!

എന്നും സ്ഞ്ചരിക്കുന്ന നിങ്ങളുടെ ക്ലേശപൂര്‍ണ്ണമായ ജീവിതപഥത്തില്‍ ദൈവം തുണയായിരിക്കട്ടെ! എത്തിപ്പെടുന്നിടങ്ങളിലെല്ലാം സഭയുടെ കൗദാശികസൗകര്യങ്ങളും കൂട്ടായ്മയും സാഹോദര്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുവാനും മുന്നേറുവാനും പരിശ്രമിക്കണം. ഇങ്ങനെ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.