2016-06-13 19:12:00

“ആയുധം കൊടുത്താലും അരി കൊടുക്കാത്ത മരവിച്ച മനസാക്ഷി...” : പാപ്പാ ഫ്രാന്‍സിസ് ഭക്ഷ്യപദ്ധതി കേന്ദ്രത്തില്‍


റോമാ നഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ പ്രാന്തത്തിലുള്ള ഐക്യരാഷ്ട്ര സംഘടയുടെ ലോക ഭക്ഷ്യപദ്ധതി കേന്ദ്രം (World Food Program) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ജൂണ്‍ 13-ാം തിയതി തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. വത്തിക്കാനില്‍നിന്നും 25 കി.മി. അകലെയുള്ള ഐക്യരാഷ്ട്ര സംഘടയുടെ World Food Program –WFP-ലേയ്ക്ക് കാറിലാണ് പാപ്പാ സഞ്ചരിച്ചത്. പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തക സമതിയെയും (The Executive Board & National Representatives), പ്രവര്‍ത്തകരെയും (the Staff of the WFP) പാപ്പാ അഭിസംബോധനചെയ്തു.

യുദ്ധഭൂമിയിലേയ്ക്കും അഭ്യാന്തരകാലപങ്ങള്‍ നടക്കുന്ന ഇടങ്ങളിലേയ്ക്കും ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സമൊന്നും ഇല്ലാതരിക്കെ, അവിടത്തെ രാഷ്ട്രീയ സംഘട്ടനങ്ങളിലും സാമൂഹ്യ സംഘര്‍ഷങ്ങളിലും ക്ലേശിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ സാധിക്കാതെ വരുന്നത് വിരോധാഭാസമാണ്. ആഗോളതലത്തില്‍ നടക്കുന്ന ഭക്ഷ്യോല്പനങ്ങളുടെ വന്‍തോതിലുള്ള പാഴാക്കലും വലിച്ചെറിയലും കാരണമാക്കുന്ന വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അവസ്ഥ രണ്ടാമത്തെ വിരോധാഭാസമായും പാപ്പാ ചൂണ്ടിക്കാട്ടി.

ആദ്യമായിട്ടാണ് ആഗോള കത്തോലിക്കാ സഭാതലവന്‍ ലോകത്തെ 80 രാജ്യങ്ങളിലായി  ഇപ്പോള്‍ 8 കോടിയോളം വരുന്ന (80 millions) പാവങ്ങളുടെ വിശപ്പടക്കാന്‍ ശ്രമിക്കുന്ന ഈ യുഎന്‍ സ്ഥാപനം (WFP) സന്ദര്‍ശിച്ചത്. പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ രാജ്യാന്തര തലത്തിലുള്ള നിശ്ശബ്ദസേവനത്തെ പാപ്പാ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയുംചെയ്തു. സാമൂഹ്യ സുസ്ഥിതിയുടെ അടത്തറയാണ് ബഹുഭൂരിപക്ഷം പാവങ്ങളെ തുണയ്ക്കുന്ന ഈ സേവന മേഖലയെന്ന് (WFP) പാപ്പാ വിശേഷിപ്പിച്ചു.

യുദ്ധവും അഭ്യന്തരകലാപവും, കാലാവസ്ഥ കെടുതിയും പ്രകൃതിവിനാശവുംമൂലം നാടുംവീടും വിട്ട് കുടിയേറാന്‍ നിര്‍ബന്ധിതരായ വിപ്രവാസികളോടും, പാവങ്ങളോടും വിശപ്പ് അനുഭവിക്കുന്നവരോടും ലോകം കാണിക്കുന്ന നിസംഗതയെ പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ അപലപിച്ചു. റോമിലെ യുഎന്‍ ഭക്ഷ്യം കേന്ദ്രം ( UN Food & Agrigicultural Organization) 2014-ല്‍ സന്ദര്‍ശിച്ചപ്പോഴും തന്‍റെ പ്രഭാഷണത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെയും ലോകത്തെ ബഹുഭൂരിപക്ഷം പാവങ്ങള്‍ അനുഭവിക്കുന്ന വിശപ്പിനെയും കുറിച്ചുമായിരുന്നു പാപ്പാ ഫ്രാന്‍സിസ് പരാമര്‍ശിച്ചത്.  പാവങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്തുമ്പോഴും, ഏറെ ലാഘവത്തോടെ ആയുധങ്ങള്‍ അതേ ഇടങ്ങളിലേയ്ക്ക് അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നുണ്ട്. അങ്ങനെ യുദ്ധയും അഭ്യന്തരകാലപങ്ങളും പരിപോഷിപ്പിക്കപ്പെടുകയും പാവങ്ങള്‍ കൊടും പട്ടിണിയില്‍ അമരുകയും ചെയ്യുന്നു. ചില ഇടങ്ങളില്‍ വിശക്കുന്നവരെ ആയുധമായി ഉപയോഗിക്കുന്ന മൃഗീയതയും നടമാടുന്നുണ്ട്. യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്ന നിര്‍ദ്ദോഷികളുടെ എണ്ണത്തോട് കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരേയും കൂട്ടിച്ചേര്‍ത്താല്‍ സിറിയപോലുള്ള സംഘര്‍ഷഭൂമിയില്‍ മരിക്കുന്നവരുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും മരവിച്ച മനസ്സാക്ഷിയോടെ മാനവികതയുടെ ക്ലേശങ്ങളോട് നിസംഗരും നിര്‍വികാരരുമാണു ലോകമെന്ന് പാപ്പാ പ്രസ്താവിച്ചു.

സിറിയയിലെ ഡമാസ്ക്കനു സമീപത്തുള്ള വിമതരുടെ കീഴിലുള്ള ഡാരിയാ ക്ഷാമബാധിത പ്രദേശത്തെ നാലായിരംപേരുള്ള ഗ്രാമത്തിലേയ്ക്ക് 2012-നുശേഷം 9 ലോറികളില്‍ അരി, ഗോതമ്പ്, റവ, മൈദ, എണ്ണ, ഉപ്പ്, പഞ്ചസാര, പയറ്, ബീന്‍സ് എന്നിവ കൊടുത്തുവിട്ടിതിനു പിറകെയാണ് പാപ്പായുടെ WFP സന്ദര്‍ശനം. സിറിയന്‍ ഗവണ്‍മെന്‍റിന്‍റെ അനുമതി ലഭിച്ചതിനുശേഷമാണ് ജൂണ്‍ 11-ാം തിയതി ശനിയാഴ്ച ഭക്ഷ്യസഹായം എത്തിച്ചു കൊടുക്കാനായത്. ഇനിയും സിറിയയിലെ കലുഷിത ഭൂമിയിലെ 19 ഇടങ്ങളിലേയ്ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉടനെ അയക്കാന്‍ സാധിക്കുമെന്ന പ്രത്യാശയുണ്ടെന്ന്, പ്രസ്ഥാനത്തിന്‍റെ (WFP) വക്താവ് വെളിപ്പെടുത്തി.

ലോകത്തുള്ള ഭക്ഷ്യോല്പന്നങ്ങളുടെയും ഉപായസാദ്ധ്യതകളുടെയും സന്തുലിതമല്ലാത്തതും, വികലവുമായ വിതരണരീതിയും വ്യാപാരനയങ്ങളും, ഒപ്പം ഈ മേഖലയില്‍ നടക്കുന്ന ധൂര്‍ത്തും അഴിമതിയും ‘മാനവരാശിയുടെ വിശപ്പ്’ എന്ന മഹാവിപത്തിന് നവസഹസ്രാബ്ദത്തില്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് പ്രഭാഷണത്തില്‍ പാപ്പാ അഭിപ്രായപ്പെട്ടു. ഭക്ഷ്യക്ഷാമം സ്വാഭാവികമോ, പ്രകൃതിദത്തമോ അല്ലെന്നും അത് മനുഷ്യന്‍റെ സ്വാര്‍ത്ഥതയfല്‍ ആവിഷ്കൃതമാണെന്നും പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.   

വിശപ്പ് ഇല്ലാതാക്കാനുള്ള രാഷ്ട്രങ്ങളുടെ പരിശ്രമത്തില്‍ ഇനിയും പൊതുവായതും നിശ്ചയദാര്‍ഢ്യമുള്ളതുമായ രാഷ്ട്രീയ മനസ്സാക്ഷി രൂപപ്പെടുത്തുവാനും പരിശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സഹായകമാകുമെന്ന് WFP-യുടെ പ്രവര്‍ത്തക സമതി ഡയറക്ടര്‍, ഏര്‍ത്താരിന്‍ കസിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് മാനാവികതയുടെ അടിയന്തിര ആവശ്യം മാത്രമല്ല, വലിയ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.