2016-06-11 13:17:00

രോഗികള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമായി പാപ്പായുടെ ദിവ്യപൂജ


     കരുണയുടെ ജൂബിലിയാചരണപശ്ചാത്തലത്തില്‍ രോഗികളും ഭിന്നശേഷിക്കാരുമായവര്‍ റോമില്‍ നടത്തുന്ന ത്രിദിന ജൂബിലിയാഘോഷത്തിന്‍റെ  സമാപനദിനമായ ഞായാറാഴ്ച മാര്‍പ്പാപ്പാ അവര്‍ക്കായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

     വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രാദേശിക സമയം രാവലെ 10:30 നായിരിക്കും ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ സമൂഹദിവ്യബലി ആരംഭിക്കുക.

     ഈ ദിവ്യപൂജയില്‍ അള്‍ത്താര ശുശ്രൂഷകരാകുന്നവരില്‍ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ള ഏതാനും കുട്ടികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

     ദിവ്യബലിമദ്ധ്യേയുള്ള വിശുദ്ധ ഗ്രന്ഥവായനകള്‍ തത്സമയം ബധിരര്‍ക്കായി ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടും.

     സുവിശേഷഭാഗം മാനസികവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധം നാടകീയമാംവിധം ആവിഷ്ക്കരിക്കപ്പെടും.

     വിശ്വാസികളുടെ പ്രാര്‍ത്ഥന ചൊല്ലുന്നത് വിവിധരാജ്യക്കാരായ രോഗികളും ഭിന്നശേഷിക്കാരുമായവരായിരിക്കും.

     ദിവ്യകാരുണ്യസ്വീകരണവേളയില്‍ സിസ്റ്റയിന്‍ കപ്പേള ഗായകസംഘത്തോടൊപ്പം അമോരിസ് ലെത്തീത്സിയെ എന്ന ഗായകസംഘവും ചേരും. ഈ ഗായഗസംഘം ആംഗ്യഭാഷയും ഉപയോഗിക്കും.

     റോമിലെ കാമ്പൊ മാര്‍സിയൊയില്‍ വിശുദ്ധ മഗ്ദലന മറിയത്തിന്‍റെ  നാമത്തിലുള്ള ദേവാലയത്തില്‍ നിന്നു കൊണ്ടുവന്നിരിക്കുന്ന ആരോഗ്യ നാഥയുടെ തിരുച്ചിത്രം ബലിവേദിയില്‍ വണക്കത്തിനായി വയ്ക്കും.








All the contents on this site are copyrighted ©.