2016-06-10 08:52:00

ലോക ഭക്ഷ്യപദ്ധതി കേന്ദ്രം - പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും


ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യപദ്ധതിയുടെ  (World Food Program-ന്‍റെ) റോമിലെ കേന്ദ്രം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും. ജൂണ്‍  13-ാം തിയതി തിങ്കളാഴ്ചയാണ് പാപ്പായുടെ സന്ദര്‍ശനം. പ്രസ്ഥാനത്തിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, മോണ്‍. ഫെര്‍ണാണ്ടോ അരെലാനോ ചീകാ വത്തിക്കാന്‍ റേഡിയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂണ്‍  13-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് റോമിന്‍റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മലിയാനയിലുള്ള  ഭക്ഷ്യപദ്ധതിക്കായുള്ള യുഎന്‍ കേന്ദ്രം (World Food Program) പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.  പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തക സമതിയെ (The Executive Borad of WFP)  പാപ്പാ അഭിസംബോധന ചെയ്യും. ബോര്‍ഡ് മെമ്പര്‍മാര്‍ എല്ലാവരും യുഎന്‍ അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തുള്ള ഇന്നത്തെ ദാരിദ്യാവസ്ഥയെയും അതിന്‍റെ നിര്‍മ്മാര്‍ജ്ജന രീതികളെയുംകുറിച്ച് പാപ്പാ സമ്മേളനത്തില്‍ പരമാര്‍ശിക്കുമെന്ന് മോണ്‍സീഞ്ഞോര്‍ അരെലാനോ ചീകാ അറിയിച്ചു.

2030-ല്‍ സമാപിക്കേണ്ട ലോക സുസ്ഥിതി വികസന പദ്ധതിയുമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു പോകുമ്പോള്‍ ലോകത്തിന്ന് ബഹൂഭൂരിപക്ഷം വരുന്ന ജനങ്ങള്‍ നേരിടുന്ന ദാരിദ്ര്യവും വിശപ്പും എന്ന വിഷയം യുഎന്‍ പദ്ധതിയുമായി (WFP) ബന്ധപ്പെടുത്തിയായിരിക്കും പാപ്പാ സമ്മേളനത്തെ അഭിസംബോധനചെയ്യുന്നതെന്നും മോണ്‍. അരെലാനോ ചീകാ വ്യക്തമാക്കി.

മനുഷ്യയാതനകള്‍ ഉള്ളിടത്തെല്ലാം സഭ സന്നിഹിതയാണെന്നു പ്രഖ്യാപിക്കുന്നതാണ് പാപ്പായുടെ സന്ദര്‍ശനമെന്നും World Food Program കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, മോണ്‍. ചീകാ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.