2016-06-10 11:26:00

ദൈവമനുഷ്യസമാഗമത്തിന് മനുഷ്യന്‍ ആദ്യാവസ്ഥയിലേക്കു മടങ്ങണം


     ദൈവവുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ മനുഷ്യന്‍, അവന്‍ സൃഷ്ടിക്കപ്പെട്ടപ്പോഴത്തെ അവസ്ഥയിലേക്ക് മടങ്ങിപ്പോകണമെന്ന് മാര്‍പ്പാപ്പാ.

     പതിവുപോലെ, വത്തിക്കാനില്‍, തന്‍റെ വാസയിടമായ ദോമൂസ് സാക്തെ മാര്‍ത്തെ മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (10/06/16) അര്‍പ്പിച്ച പ്രഭാത പൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവന്‍ നില്ക്കുകയും ചലിക്കുകയും ചെയ്യുന്നതായിരുന്നു അവസ്ഥയെന്നു വിശദീകരിച്ച പാപ്പാ ക്രൈസ്തവന്‍റെ ജീവിതം ത്രിവിധ ഭാവങ്ങളില്‍ സംഗ്രഹിക്കാമെന്നു പറഞ്ഞു. അതായത്  നില്ക്കുന്ന ഭാവം. അത് ദൈവത്തെ സ്വാഗതം ചെയ്യുന്ന ഭാവമാണ്. മറ്റൊന്നും ക്ഷമയോടു കൂടിയ നിശബ്ദതയാണ്. ഈ മൗനം ദൈവസ്വനം ശ്രവിക്കുന്നതിനുള്ളതാണ്. മൂന്നാമത്തെ ഭാവം യാത്രയുടെതാണ്. ദൈവത്തെ മറ്റുള്ളവരുടെ മുന്നില്‍ പ്രഘോഷിക്കുന്നതിനുള്ള യാത്ര.

     ഏലിയ പ്രവാചകന്‍ മരുഭൂമിയിലേക്കയക്കപ്പെടുന്നതും ഈ യാത്രാവേളയില്‍ തളര്‍ന്ന പ്രവാചകന് ദൈവദൂതന്‍ ഭക്ഷണമേകുന്നതും ഹോറെബ് മലയിലെത്തി ഗുഹാമുഖത്ത് വസിക്കുന്നതും അവിടെ വച്ച് കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുന്നതുമായ സംഭവം അനുസ്മരിച്ച പാപ്പാ ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന ആ പ്രവാചകന് കൊടുംങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിയിലുമൊന്നുമല്ല ദൈവത്തെ കാണാന്‍ കഴിഞ്ഞത് മറിച്ച് എല്ലാം കഴിഞ്ഞപ്പോള്‍ ഒരു മൃദു സ്വരമാണ് പ്രവാചകന്‍ കേള്‍ക്കുന്നതെന്ന് വിശദീകരിച്ചു.

     ദൈവത്തെ കണ്ടുമുട്ടണമെങ്കില്‍ നാം നമ്മിലേക്കു തന്നെ കടക്കുകയും അവിടന്നു സംസാരിക്കുന്ന ആ മൃദുസ്വനം കേള്‍ക്കുകയും വേണം- നമ്മോടു സംസാരിക്കുന്നവനെ തുറന്ന ഹൃദയവുമായി കാത്തിരിക്കണം പാപ്പാ പറഞ്ഞു.  








All the contents on this site are copyrighted ©.