2016-06-09 20:12:00

കരുണ സ്ഫുരിക്കുന്ന ക്രിസ്തുവിന്‍റെ യാഥാര്‍ത്ഥ്യബോധം


ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വിപരീതസാക്ഷ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ജൂണ്‍ 9-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷത്തെ ആധാരമാക്കി  നല്കിയ വചനവിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (മത്തായി 5, 20-26).

  1. വാക്കിലും പ്രവൃത്തിയിലും പൊരുത്തക്കേടുകള്‍

അനുദിന ജീവിതത്തില്‍ വാക്കിലും പ്രവര്‍ത്തിയിലും വരുന്ന പൊരുത്തക്കേടുകള്‍ കബളിപ്പിക്കലാണ് ഒരുവിധത്തില്‍. അതിനാല്‍ ക്രൈസ്തവജീവിത്തിന് അനിവാര്യമായതും,  ആരോഗ്യകരവും സത്യസന്ധവുമായ യാഥാര്‍ത്ഥ്യബോധത്തെക്കുറിച്ച് ക്രിസ്തു ഉദബോധിപ്പിക്കുന്നത് സുവിശേഷാധിഷ്ഠിതമായി പാപ്പാ  വ്യാഖ്യാനിച്ചു.

ഫരീസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിക്കുന്ന  യാഥാര്‍ത്ഥ്യബോധം ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ വരച്ചുകാട്ടുന്നു. നിയമത്തിന്‍റെ പ്രയോക്താക്കളും നിയമപാലകരും എന്നു നടിച്ചവര്‍ ഒരു സ്ഥിരഭാവം അല്ലെങ്കില്‍ സ്ഥായീഭാവം പെരുമാറ്റത്തില്‍  പ്രകടമാക്കിയില്ലെന്ന് വചനം കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് ക്രിസ്തു പറയുന്നത്,  ദൈവത്തെ സ്നേഹിക്കുന്നവര്‍ സഹോദരങ്ങളെയും സ്നേഹിക്കും, ദൈവസ്നേഹവും സോഹദരസ്നേഹവും ഒന്നാണ്.  

  1. അവഹേളനം പാപമാണ്

സഹോദരനെ അവഹേളിക്കുന്നവന്‍ ആത്മനാശം വരുത്തിവയ്ക്കുന്നു. അവഹേളിക്കുക, നിന്ദ്യമായ പദപ്രയോഗങ്ങള്‍ നടത്തുക, എന്നിവ പാപമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അത് അപരന്‍റെ അന്തസ്സു കെടുത്തുന്നതാണ്. അതിനാല്‍ നമ്മുടെ സംസാരത്തില്‍ മാന്യതയും സ്നേഹവും ഉദാരതയും ഉണ്ടാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കരയുന്ന കുഞ്ഞുങ്ങളെ ദേവാലയത്തില്‍ പരസ്യമായി ശാസിക്കുന്ന ദേവാലയശുശ്രൂഷകര്‍ അമിതമായ ആത്മീയ ആവേശമാണ് കാണിക്കുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കതയുടെ സ്വരം പ്രാര്‍ത്ഥനയുടെ പേരില്‍, അല്ലെങ്കില്‍ ആത്മീയതയുടെ പേരില്‍ തടസ്സപ്പെടുത്തരുതെന്നും, അത് വ്യാജമായ ആത്മീയതയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

  1. നേതൃസ്ഥാനത്തെ പൊയ്മുഖങ്ങള്‍

വാക്കിനു വിരുദ്ധമായി പ്രവൃത്തിക്കുന്ന സഭാശുശ്രൂഷകര്‍ പൊയ്മുഖങ്ങള്‍ അണിയുന്നു. എതിര്‍സാക്ഷ്യവും, വിപരീതസാക്ഷ്യവും ഉതപ്പും ദുര്‍മാതൃകയുമാണ് അവര്‍ നല്കുന്നത്.  ഒരു വൈദികന്‍, സഭാശുശ്രൂഷകന്‍, അല്ലെങ്കില്‍ കത്തോലിക്കന്‍ എതിര്‍സാക്ഷ്യം നല്കിയെന്നു മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നതുതന്നെ വേദനാജനകമാണ്. ദൈവജനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിനും വിശ്വാസവളര്‍ച്ചയ്ക്കും വിഘാതമാണ് വിശ്വാകളില്‍നിന്നും ഉണ്ടാകുന്ന വിപരീതസാക്ഷ്യങ്ങള്‍. അങ്ങനെയുള്ളവരെ പ്രവാചകന്മാരെ വധിച്ചവരെന്നും ദൈവത്തിന്‍റെ സേവകരെ പീഡിപ്പിച്ചവരെന്നും ക്രിസ്തു വിളിക്കുന്നുണ്ട്.

ആരോഗ്യകരമായ യാഥാര്‍ത്ഥ്യബോധം സഭാമക്കള്‍ക്ക് ആവശ്യമാണ്. അത് ഉദാരവും വിശുദ്ധവുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. നിയമത്തിന്‍റെ കാര്യക്കശ്യ മനഃസ്ഥിതിയില്‍നിന്നുള്ള മുക്തിയും മോചനവും നമ്മെ ആരോഗ്യകരമായ യാഥാര്‍ത്ഥ്യ ബോധമുള്ളവരാക്കും. പാപ്പാ പ്രസ്താവിച്ചു. പരിപൂര്‍ണ്ണത നാം പ്രാപിച്ചില്ലെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെ പൂര്‍ണ്ണതയ്ക്കായി പരിശ്രമിക്കുന്നത് ജീവിത വിജയമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

  1. പൂര്‍ണ്ണത സ്നേഹാര്‍ദ്രവും അനുരഞ്ജപ്പെടുന്നതും

പൂര്‍ണ്ണത അനുരഞ്ജനപൂര്‍ണ്ണമാണ്. സഹോദരങ്ങളെ  സ്നേഹിക്കുന്നതാണ്, നിഷേധിക്കുന്നതല്ല. പ്രതിസന്ധികളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയല്ല വേണ്ടത്, മറിച്ച് സഭയുടെ സാര്‍വ്വലൗകികമായ വിശാലതയില്‍ അധിഷ്ഠിതമായ യാഥാര്‍ത്ഥ്യബോധം പാലിക്കാന്‍ ശ്രമിക്കുകയാണു ചെയ്യേണ്ടത്. നിയമത്തിന്‍റെ ദാര്‍ഷ്ഠ്യവും കാര്‍ക്കശ്യവും നമ്മെ അസ്വാതന്ത്ര്യത്തിന്‍റെയും സ്നേഹമില്ലായ്മയുടെയും ബന്ധനത്തിലാഴ്ത്തും. നമ്മുടെ ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍പോലും അറിയുന്നത് ദൈവം മാത്രമാണ്. അവിടുന്നാണ് പരമമായ വിധിയാളന്‍. അതിനാല്‍ നാം ആരെയും വിധിക്കരുത്.

  1. വിട്ടുവീഴ്ചയില്‍ വിശുദ്ധിയുണ്ട്

വിട്ടുവീഴ്ചയുടെ  മനോഭാവത്തില്‍ വിശുദ്ധിയുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു. നമ്മോടു വിയോജിക്കുന്നവരെ അവഹേളിക്കാതെ ജീവിതചുറ്റുപാടുകളില്‍ യുദ്ധത്തിന്‍റെയല്ല, സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ പരിശ്രമിക്കാം. നീചമായ നമ്മുടെ അവസ്ഥകളെ മെച്ചപ്പെടുത്തുവാനും, അവയെ നന്മയാക്കുവാനും  ദൈവത്തിനു സാധിക്കും. അവിടുത്തെ യാഥാര്‍ത്ഥ്യബോധം നമ്മുടെ വീക്ഷണത്തില്‍ സാര്‍വ്വത്രികമോ നൈയ്യാമികമോ ആകണമെന്നില്ല. അതിനാല്‍ ദാര്‍ഷ്ഠ്യഭാവം വെടിഞ്ഞ്, എളിമയിലും സ്നേഹത്തിലും അവിടുത്തെ സ്തുതിക്കാന്‍ നമുക്കു സാധിക്കട്ടെ!. അനുദിന ജീവിതത്തില്‍ രമ്യതപ്പെടുവാനും, പ്രവര്‍ത്തിബദ്ധമാകുന്ന വിധത്തില്‍ അനുരഞ്ജിതരായി ജീവിക്കുവാനും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. ഇതാണ് നാം അനുദിനം ജീവിക്കേണ്ട കാരുണാര്‍ദ്രമാകുന്ന ക്രിസ്തുവിന്‍റെ  യാഥാര്‍ത്ഥ്യബോധം...! ഇങ്ങനെ പ്രായോഗികമായൊരു അനുദിന ജീവിത രമ്യതയെക്കുറിച്ച് ഉദ്ബോധപ്പിച്ചുകൊണ്ട് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചു.

 








All the contents on this site are copyrighted ©.