2016-06-08 17:59:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യകാരുണ്യസന്ദേശം ജന്മനാട്ടിലേയ്ക്ക്


നന്മചെയ്യാനും സാഹോദര്യം വളര്‍ത്തുവാനും ദിവ്യകാരുണ്യകൂട്ടായ്മ സഹായിക്കട്ടെയെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് അര്‍ജന്‍റീനയിലേയ്ക്ക് പാപ്പാ  ഫ്രാന്‍സിസ് ദിവ്യകാരുണ്യസന്ദേശം അയച്ചത്. ജന്മനാടായ അര്‍ജന്‍റീനയില്‍ ജൂണ്‍ 16-മുതല്‍ 19-വരെയാണ് ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് അരങ്ങേറുന്നത്. അവിടുത്തെ മെത്രാന്‍ സംഘത്തിനും വിശ്വാസ സമൂഹത്തിനുമായിട്ടാണ്  പാപ്പാ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശം പങ്കുവച്ചത്.

വിശ്വാസത്തെ ബലപ്പെടുത്തുന്ന ആത്മീയഭോജ്യമാണ് ദിവ്യകാരുണ്യം. അത് കൂട്ടായ്മയും സാഹോദര്യവും വളര്‍ത്തും. സമൂഹത്തിലെ പാവങ്ങളായവരോട് നമ്മെ കൂടുതല്‍ പ്രതിബദ്ധതയുള്ളവരാക്കുവാന്‍ ദിവ്യകാരുണ്യ നാഥന്‍ തുണയ്ക്കുമെന്നും പാപ്പാ കത്തിലൂടെ പങ്കുവച്ചു.  ജൂണ്‍ 7-ാം തിയതി ചൊവ്വാഴ്ചയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി പാപ്പാ സന്ദേശം അയച്ചത്.

അര്‍ജന്‍റീനിയന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ രണ്ടാം ശതാബ്ദിവര്‍ഷത്തിലാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടത്തപ്പെടുന്നതെന്ന വസ്തുത സന്ദേശത്തില്‍ പാപ്പാ അനുസ്മരിക്കുന്നുണ്ട്.  “ചരിത്രത്തിന്‍റെ അതിനാഥന്‍ ക്രിസ്തുവാണ്. ഞങ്ങള്‍ക്ക് അങ്ങയെ ആവശ്യമുണ്ട്!” ഇതാണ് അര്‍ജന്‍റീനയുടെ ചരിത്ര മുഹൂര്‍ത്തത്തിലെ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യം. 

മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെയും, ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെയും മുന്‍പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജൊവാന്നി ബാപ്തീസ്താ റെയെ തന്‍റെ പ്രതിനിധിയായി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് പാപ്പാ നിയോഗിച്ചതായും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.