2016-06-06 19:32:00

ഉയിര്‍പ്പിക്കുന്നതും നവജീവന്‍ നല്കുന്നതുമായ ദേവക്കരുണ : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്ത


ജൂണ്‍ 5-ാം തിയതി ഞായറാഴ്ച ജൂബിലിവത്സരത്തിലെ ഏറെ സവിശേഷമായ ദിവസമായിരുന്നു വത്തിക്കാനില്‍. കിഴക്കന്‍ യൂറോപ്യന്‍ സ്വദേശികളായ രണ്ടു വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ സംഭവമായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.20-ന് നടന്ന ചരിത്രസംഭവത്തിന് സാക്ഷിയായത് വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ ഉമ്മറത്തെ വിശാലമായ ചത്വരമാണ്. വസന്തത്തിലെ തെളിവും തിളക്കവും, പിന്നെ അല്പം സൂര്യതാപവും ഏറിനിന്ന ദിവസം! സ്വീഡനില്‍നിന്നും പോളണ്ടില്‍നിന്നും ആയിരങ്ങള്‍ എത്തിയിരുന്നു. കാരണം നവവിശുദ്ധര്‍ അന്നാട്ടുകാരാണല്ലോ! പിന്നെ മറ്റു രാജ്യങ്ങളില്‍നിന്നും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരെക്കൊണ്ടും ചത്വരം തിങ്ങിനിറഞ്ഞു.

രണ്ടു ഭാഗങ്ങളായിട്ടാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. ആമുഖമായി വിശുദ്ധപദപ്രഖ്യാപനവും, തുടര്‍ന്ന് സമൂഹബലിയര്‍പ്പണവും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തി. ഞായറാഴ്ചത്തെ വായനകളെ ആധാരമാക്കി പാപ്പാ നല്കിയ വചനചിന്തകള്‍ താഴെ ചേര്‍ക്കുന്നു:

വിശ്വാസത്തിന്‍റെ സത്ത വെളിപ്പെടുത്തുന്നതും ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളുടെ ചുരുള്‍ അഴിയിക്കുന്നതുമാണ് ഇന്നത്തെ ദിവ്യബലിയിലെ വായനകള്‍. അവിടുത്തെ പെസഹാരഹസ്യത്തിന്‍റെ ഉച്ചകോടിയായ ഉത്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ധ്യാനമാണിവിടെ. ജീവിതയാതനകള്‍ക്കും പീഡനങ്ങള്‍ക്കും പ്രതിവിധി കാണാനാവാതെ മാനവരാശി കരയുന്നു. ജീവിതക്കുരിശുകളില്‍നിന്നും, ക്ലേശങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നു. വചനം പറയുന്നു, ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നുനില്ക്കാന്‍! മറിയത്തെപ്പോലെ ക്രിസ്തുവിന്‍റെ കുരിശിന്‍ചുവട്ടില്‍ പതറാതെ നില്ക്കാന്‍ അതു നമ്മോട് ആവശ്യപ്പെടുന്നു. ഉത്ഥാനത്തിന്‍റെ പ്രഭയും പ്രത്യാശയും വെളിപ്പെടുത്തുന്നതാണ് ഈ വചനഭാഗങ്ങള്‍. പാപ്പാ ആമുഖമായി പങ്കുവച്ചു.

ആദ്യവായനയില്‍ ഏലിയ പ്രവാചകനിലൂടെ സെരേഫാത്തിലെയും സുവിശേഷത്തില്‍ ക്രിസ്തുവിലൂടെ നായിമിലെയും വിധവകളുടെ മക്കളെ ഉയര്‍പ്പിക്കുന്ന സംഭവങ്ങളാണ് വചനത്തില്‍ ധ്യാനിക്കുന്നത്. സെരേഫാത്തിലെ വിധവയുടെ മരണമടഞ്ഞ മകനെ തന്നെ എല്പിക്കാന്‍ ഏലിയാ പ്രവാചകന്‍ ആവശ്യപ്പെടുന്നു. “മകനെ തരിക” മരണത്തിന്‍റെ മുന്നിലെ ദൈവികഭാവം അഭ്യര്‍ത്ഥനയിലൂടെ കാരുണ്യമായി പ്രവാചകന്‍ പ്രകടമാക്കിയത് ഇപ്രകാരമായിരുന്നു, “എനിക്ക് മകനെ തരിക!” പിന്നെ പ്രവാചകന്‍ മേല്‍മുറിയില്‍ ദൈവത്തോടു മുട്ടിപ്പായി ആവലാതിപ്പെട്ടു പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം തന്‍റെ കാരുണ്യത്തില്‍ വിധവയുടെ മകന് ജീവന്‍ നല്‍കി.

ഗലീലിയയിലെ നായിം പട്ടണത്തിലെ വിധവയുടെ മകനെ ഉയര്‍പ്പിച്ച സംഭവത്തിലും ദൈവത്തിന്‍റെ കരുണ, ദേവക്കരുണ ക്രിസ്തുവില്‍ ദൃശ്യമായത്. കരയുന്ന വിധവയുടെ കണ്ണീരൊപ്പിയ അവളോടു ‘കരയല്ലേ,’ എന്നു പറയുക മാത്രമല്ല, പുതിയ പ്രവാചകന്‍ ക്രിസ്തു ചെയ്തത്, ‘എനിക്ക് മകനെ തരിക!’ എന്ന് ആവശ്യപ്പെട്ടു. എന്നിട്ട് മരണത്തെ  സ്വയം ഏറ്റെടുത്തു. ജീവന്‍ നല്കാന്‍ മാത്രമല്ല,  മനുഷ്യര്‍ക്കു ജീവന്‍നല്കാന്‍ അവിടുന്ന് സ്വയം മരണം ഏറ്റെടുത്തിന്‍റെ പ്രതീകമായിരുന്നു ഈ സംഭവം. ക്രിസ്തു പ്രവര്‍ത്തിച്ചത് മാന്ത്രിക ജാലവിദ്യയിയിരുന്നില്ല. മനുഷ്യയാതനകള്‍ അകറ്റാന്‍ ദൈവത്തിന്‍റെ കരുണാര്‍ദ്രരൂപമായി അവതരിച്ച ദൈവപുത്രനാണ് താനെന്നും, താന്‍ ലോക രക്ഷകനാണെന്നും വെളിപ്പെടുത്തുകയായിരുന്നു.

രണ്ടാം വായനയില്‍ ഗാലാത്തിയര്‍ക്കുള്ള  ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ ക്രിസ്തുവില്‍ തനിക്കു ലഭിച്ച നവജീവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു-നിഷേധിയും ക്രൈസ്തവരുടെ മര്‍ദ്ദകനുമായിരുന്ന പൗലോസ് മാനസാന്തരത്തിനുശേഷം പറയുന്നത്, തന്നിലെ അടിസ്ഥാന മാറ്റം, തന്‍റെ കരുത്തോ, സാമര്‍ത്ഥ്യമോ ആയിരുന്നില്ല. അത് ദൈവത്തിന്‍റെ കരുണയാലായിരുന്നു. ക്രിസ്തുവില്‍ തനിക്കു ലഭിച്ച പുനര്‍ജനനവും നവജീവനുമാണ് അവിടുത്തെ തീക്ഷ്ണമതിയായ പ്രേഷിതനും കരുണയുടെ പ്രഘോഷകനുമാക്കി മാറ്റുന്നത്. തന്‍റെ ശരീരത്തിലും ആത്മാവിലും ക്രിസ്തുവിലൂടെയുള്ള പിതൃസ്നേഹവും കാരുണ്യവും അനുഭവവേദ്യമായെന്ന് അപ്പസ്തോലന്‍ സാക്ഷ്യപ്പെടുത്തുന്നു. ജഡികമായ മരണത്തിലൂടെ ആത്മീയമായി ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ താന്‍ പങ്കുകാരനായെന്നാണ് പൗലോസ് അപ്പസ്തോലന്‍ തന്‍റെ മാനസാന്തരത്തെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ‘ഞാനല്ല, എന്നില്‍ ക്രിസ്തു ജീവിക്കുന്നു!’   (ഗലാത്തിയര്‍ 2, 20).

ക്രിസ്തുവിന്‍റെ കാരുണ്യലബ്ധിയായി ഈ ജൂബിലിവത്സരത്തില്‍ സഭ ആവര്‍ത്തിച്ചു പറയുന്നത്, മക്കളെ തരിക! എന്നാണ്. പാപത്താല്‍ മുറിപ്പെട്ട, പാപത്താല്‍ മരണപ്പെട്ട മക്കളെ തരിക! ക്രിസ്തുവില്‍ ഇനിയും അവിടുത്തെ കൃപയുടെ വെളിച്ചവും ജീവനും മക്കള്‍ക്ക് നല്കപ്പെടും. നമ്മുടെ പാപങ്ങളും ബലഹീനതകളും സ്വയം ഏറ്റെടുത്തവന്‍ പാപികളായ നമുക്ക് കൃപാവരത്തിന്‍റെ നവജീവനും വിജയവും ഇനിയും ജൂബിലിവത്സരത്തില്‍ നല്കും. രണ്ടു നവവിശുദ്ധരുടെ ജീവിതമാതൃകയിലൂടെ - വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപിന്‍സ്ക്കിയുടെയും വിശുദ്ധ എലിസബത്ത് ഹസ്സല്‍ബ്ലാഡിന്‍റെയും ജീവിതങ്ങളിലൂടെ സഭയിന്ന് ക്രിസ്തുവിന്‍റെ പുനരുദ്ധാന മഹത്വവും അവിടുന്നിലുള്ള നവജീവന്‍റെ ശ്രേഷ്ഠതയും മനോഹാരിതയും വെളിപ്പെടുത്തുകയാണ്.

സങ്കീര്‍ത്തകനോടൊപ്പം... കര്‍ത്താവേ, അങ്ങെന്നെ സമുദ്ധരിച്ചിരിക്കുന്നു, ഞാന്‍ എന്നും അങ്ങയെ പുകഴ്ത്തും...!! (സങ്കി. 30, 12). ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.