2016-06-04 15:46:00

തിരുഹൃദയം : ജീവിതചക്രവാളത്തെ വിസ്തൃതമാക്കുന്ന ഇടയസ്നേഹം


വിശുദ്ധ ലൂക്കാ 15, 3-7

ഇന്ന് ഈശോയുടെ തിരുഹൃദയത്തിരുനാള്‍ നാം ആഘോഷിക്കുന്നു. ഒപ്പം ഭാരതസഭ മാധ്യമദിനം ആചരിക്കുന്നു. കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന മാധ്യമദിനസന്ദേശം കരുണയുള്ള സ്നേഹത്തെക്കുറിച്ചാണ്. ആശയവിനിമയവും കാരുണ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഈ വിശുദ്ധവത്സരത്തില്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. കരുണ്യവാനായ പിതാവിന്‍റെ മൂര്‍ത്തരൂപമായ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുന്ന സഭയും സഭാമക്കളും വാക്കിലും പ്രവൃത്തിയിലും കാരുണ്യം മുഖമുദ്രയാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. എന്തു പറഞ്ഞാലും എങ്ങനെ പറഞ്ഞാലും, വാക്കാലും പ്രവൃത്തിയാലും ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവും ക്ഷമയുമാണ് നാം മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത്.  സ്നേഹം അന്തഃസത്തയില്‍ ആശയവിനിമയമാണെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. അതു സൗഹൃദത്തിലേയ്ക്കും പങ്കുവയ്ക്കലിലേയ്ക്കും നയിക്കുന്നു. നമ്മുടെ ചിന്തകളും പ്രവൃത്തികളും സ്നേഹത്തില്‍ ഉളവാകുന്നുവെങ്കില്‍ പിന്നെ അനുദിന ജീവിതത്തിലെ ആശയവിനിമയം ദൈവിക ശക്തിയുള്ളതായി മാറുന്നു. ക്രിസ്തു വരച്ചുകാട്ടുന്ന ഇന്നത്തെ സുവിശേഷത്തിലെ നല്ലിടയന്‍റെ ചിത്രവും, നല്ലിടയന്‍റെ സ്നേഹിക്കുന്ന ഹൃദയവും നമുക്കെന്നും പ്രചോദനമാണ്.

നല്ലിടയന്‍റെ ഹൃദയം കരുണയുള്ളതു മാത്രമല്ല, അത് കാരുണ്യംതന്നെയാണ് അത് ദിവ്യഹൃദയമാണ്, തിരുഹൃദയമാണ്. ദൈവപിതാവിന്‍റെ സ്നേഹമാണ് അവിടെ തെളിഞ്ഞുനില്ക്കുന്നത്. നമ്മെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നിടമാണത്. പാപത്തോടും ബലഹീനതകളോടുംകൂടെ നമ്മെ തിരഞ്ഞെടുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നിടമാണത്. തന്‍റെ ഹൃദയം  കലവറയില്ലാത്തതും സ്നേഹത്താല്‍ ജ്വലിക്കുന്നതുമാണെന്ന് ക്രിസ്തു പ്രസ്താവിക്കുന്നു. അവിടെ സ്വയാര്‍പ്പണവും അനന്തമായ സ്നേഹവുമാണ് നാം കാണുന്നത്. അപരനെ സ്വതന്ത്രമാക്കുകയും രക്ഷിക്കുകയും ചെയ്യുന്ന വിശ്വസ്തവും വിനയാന്വിതവുമായ സ്നേഹത്തിന്‍റെ ഉറവയാണ് ക്രിസ്തുവില്‍ കാണുന്നത്. യാതൊരു കലര്‍പ്പും കലവറയുമില്ലാതെ ക്രിസ്തു നമ്മെ സ്നേഹിച്ചു, ‘അവസാനംവരെ’  സ്നേഹിച്ചു (യോഹ. 13, 1). അടുത്തിരിക്കുന്നവര്‍ക്കായി മാത്രമല്ല അകന്നിരിക്കുന്നവര്‍ക്കുവേണ്ടിയും ഇടയഹൃദയം തപിക്കുന്നു, അത് അവരിലേയ്ക്ക് എത്തപ്പെടുന്നു. അവിടുത്തെ സ്നേഹത്തിന്‍റെ സൂചിക നമ്മെ ആശ്ചര്യപ്പെടുത്തുമാറ് ആരെയും ഒഴിവാക്കാതെ സകല മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുന്നു എന്നത് ഇടയസ്നേഹത്തിന്‍റെ നിഷ്ക്കളങ്കമായ ‘ദൗര്‍ബല്യ’മാണെന്നു പറയാം.

ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തെ ധ്യാനിക്കുമ്പോള്‍ ക്രൈസ്തവ ജീവിതത്തെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങള്‍ മനസ്സില്‍ പൊന്തിവരുന്നത് സ്വാഭാവികമാണ്. എന്‍റെ ഹൃദയം എവിടേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്? തീര്‍ച്ചയായും നമ്മുടെ അനുദിന ജീവിതവ്യഗ്രതകളിലാണ്. അതിന്‍റെ പ്ലാനുകളുടെയും പദ്ധികളുടെയും, പ്രവര്‍ത്തനങ്ങളുടെയും ബഹളത്തിലാണ് :  ഇതിനെല്ലാം മദ്ധ്യേ എവിടെയാണ് എന്‍റെ ഹൃദയം പതിഞ്ഞിരിക്കുന്നതെന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്. എന്‍റെ ഹൃദയം അന്വേഷിക്കുന്ന നിധി എന്താണ്? ക്രിസ്തു പറയുന്നുണ്ട്. എവിടെയാണ് നിന്‍റെ നിക്ഷേപം അവിടെയായിരിക്കും നിന്‍റെ ഹൃദയമെന്ന് (മത്തായി 6, 21). ജീവിതബദ്ധപ്പാടുകളില്‍ മുഴുകുന്ന നമ്മുടെ ഹൃദയം സഹോദരങ്ങളിലേയ്ക്ക് – കുടുബത്തിലേയ്ക്കും കൂടെയുള്ളവരിലേയ്ക്കും, സമൂഹത്തിലേയ്ക്കും തിരിഞ്ഞിരിക്കേണ്ടതുണ്ട്.

ക്രിസ്തുവിന്‍റെ  സ്നേഹത്താല്‍ പിളര്‍ക്കപ്പെട്ട ഹൃദയമായിരിക്കണം ക്രൈസ്തവന്‍റേതെന്നത്... പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രയോഗമാണ്. ഇക്കാരണത്താല്‍ ദൈവോത്മുഖനായിരിക്കുന്ന മനുഷ്യന്‍ സഹോദരങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കും, തന്നിലേയ്ക്കു മാത്രമല്ല. അത് ക്രിസ്തു സ്നേഹത്തില്‍ വേരൂന്നിയതും, പരിശുദ്ധാത്മാവിനാല്‍ ഊഷ്മളമാകുന്നതുമായ സ്വഭാവമാണ്, ശൈലിയാണ്. സഹോദരങ്ങള്‍ക്ക് സദാ ലഭ്യമാകുന്നതും, അവരോടു ചേര്‍ന്നിരിക്കുന്നതുമായ ഹൃദയമായിരിക്കണം, ജീവിതമായിരിക്കണം ക്രൈസ്തവന്‍റേതെന്നാണ് സുവിശേഷത്തിലെ ഇടയരൂപം നമ്മെ പ്രചോദിപ്പിക്കുന്നത്.

ഇടയനായ ദൈവം തന്‍റെ അജഗണത്തെ തേടിപ്പുറപ്പെടുന്നുവെന്നാണ് ആദ്യവായനയില്‍ എസേക്കിയേല്‍ പ്രവാചകന്‍ ഓര്‍പ്പിക്കുന്നത്, (എസെക്കി. 34, 11, 16). ഇടര്‍ച്ചകളെക്കുറിച്ചൊന്നും ഭയലേശമില്ലാതെ നഷ്ടപ്പെട്ട ഒന്നിനെ തേടി നല്ലിടയന്‍ പുറപ്പെട്ടുപോയെന്ന് സുവിശേഷവും പറയുന്നു (ലൂക്ക 15, 4). തന്‍റെ പതിവുകളും, പിന്നെ പുല്‍പ്പുറവും ആലയും ആടുകളെയും വിട്ടിട്ടാണ് ഇടയന്‍ നഷ്ടപ്പെട്ട ഒന്നിനെ തേടി പോകുന്നത്. അന്വേഷണം ഇടയ്ക്കുവച്ച് നിര്‍ത്തുന്നില്ല. ആവശ്യത്തിന് അന്വേഷിച്ചു കഴിഞ്ഞു, മതി. ഇനി നാളയാകാം എന്ന് അയാള്‍ പറയുന്നില്ല, ചിന്തിക്കുന്നില്ല. അയാളുടെ ഹൃദയത്തില്‍ നിശ്ചയദാര്‍ഢ്യമാണ്. നഷ്ടപ്പെട്ടതിനെ കണ്ടെത്തുംവരെ അയാള്‍ തേടുകയാണ്, തേടി അലയുകയാണ്. അതിനെ അവസാനം കണ്ടുകിട്ടിയപ്പോഴും അയാളുടെ പരിക്ഷീണത്തെക്കുറിച്ചോ കഷ്ടപ്പാടിനെക്കുറിച്ചോ ചിന്തിക്കാതെ, ഇതാ, നഷ്ടമായതിനെ കിട്ടിയതിലുള്ള സന്തോഷത്തിലും പൂര്‍ണ്ണസംതൃപ്തിയിലും അതിനെ തോളിലേറ്റി അയാള്‍ മടങ്ങുന്നു. മറ്റുള്ളവര്‍ക്കൊപ്പം സന്തോഷിക്കുന്നു!

ഇതാണ് അന്വേഷിച്ചറങ്ങുന്ന ഹൃദയം. സ്ഥലകാല സീമകളെ അതിലംഘിക്കുന്നതാണ് ഇടയസ്നേഹം. നാം കണ്ടതാണ്... കഴിഞ്ഞ ഏപ്രില്‍ 16-ാം തിയതി പാപ്പാ ഫ്രാന്‍സിസ് നടത്തിയ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലേയ്ക്കുള്ള യാത്ര. വേദനിക്കുന്ന മനുഷ്യരുടെ മദ്ധ്യേത്തിലേയ്ക്കായിരുന്നു...!! യുദ്ധവും ഭീകരപ്രവര്‍ത്തനങ്ങളുംമൂലം നാടും വീടുവിട്ട്... ഇറങ്ങിപ്പുറപ്പെട്ട ആയിരിക്കണക്കിന് അഭയാര്‍ത്ഥികളായ ഹതഭാഗ്യരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് സ്വാന്ത്വനം പകര്‍ന്ന പാപ്പാ ഫ്രാന്‍സിസ് നല്ലിടയന്‍റെ മാതൃകയാണ് നമുക്കു നല്കുന്നത്. ലോക മനസാക്ഷിയെ തട്ടിയുണര്‍ത്തിയ മാതൃകയാണത്. മാത്രമല്ല, തന്‍റെ മടക്കയാത്രയില്‍ നാലു കുടുങ്ങളെയും കൂട്ടിക്കൊണ്ടാണ്...  12 –പേരെയും കൂട്ടിക്കൊണ്ടാണ് പാപ്പാ വത്തിക്കാനില്‍ മടങ്ങിയെത്തിയത്.

ദൈവികസങ്കല്പത്തിലെ ഇടയന് തന്‍റേതായ താല്പര്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള കരുത്തും സ്വാതന്ത്ര്യവുമുണ്ട്. നേട്ടങ്ങള്‍ എണ്ണിക്കൊണ്ടല്ല അയാള്‍ നടക്കുന്നത്. എന്തു കിട്ടും, എന്തു കിട്ടും എന്നു ചിന്തിക്കുന്നില്ല. ദൈവാരൂപിയോട് കണക്കു പറയുന്നവനല്ല അയാള്‍. മറിച്ച് ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളെ നിറവേറ്റാന്‍, ദൈവം ഭരമേല്പിച്ച കുടുംബത്തെയും... ഒപ്പം താന്‍ ഭാഗമായിരിക്കുന്ന സമൂഹത്തെയും സഹോദരങ്ങളെയും, പിന്നെ ആവശ്യത്തില്‍ ആയിരിക്കുന്നവരെയും, പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഗൗനിക്കുന്ന, പരിചരിക്കുന്ന നല്ല സമറിയക്കാരനാണ് അയാള്‍. അതിരുകളിലേയ്ക്കും, അതിരുകള്‍ക്കപ്പുറത്തേയ്ക്കും അയാള്‍ തേടിപ്പുറപ്പെടുന്നു. നഷ്ടപ്പെട്ടതിനെ മുറിപ്പെട്ടതിനെ കണ്ടെത്തി. അതിനെ തോളിലേറ്റി അയാള്‍ മടങ്ങുന്നു!   സ്നേഹമുള്ളതും, സ്നേഹം പങ്കുവയ്ക്കുന്നതും, സ്നേഹത്തില്‍ സ്വയാര്‍പ്പണംചെയ്യുന്നതുമായ ഹൃദയത്തിന്‍റെ മാതൃകയാണ് ഈശോയുടെ തിരുഹൃദയം.

നാം ഈ മാസം ദിവ്യഹൃദയത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്നു. ക്രൈസ്തവ കുടുംബങ്ങളും ഹൃദയങ്ങളും ഈശോയുടെ ഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണ്. യഥാര്‍ത്ഥമായ സ്നേഹത്തിന്, നിസ്വാര്‍ത്ഥ സ്നേഹത്തിന്, ത്യാഗമുള്ള സ്നേഹത്തിന് നമ്മുടെ ലോകത്തെ, അത് കുടുംബത്തിലോ സമൂഹത്തിലോ, പഠനസ്ഥലത്തോ ജോലിസ്ഥലത്തോ എവിടെയുമാവട്ടെ ജീവിത ചക്രവാളങ്ങളെ മനോഹരമാക്കാന്‍ സാധിക്കും, വിസ്തൃതമാക്കാം, അനന്തമാക്കാമെന്ന് ഈശോയുടെ തിരുഹൃദയം പഠിപ്പിക്കുന്നു.

നാം ആചരിക്കുന്ന മാധ്യമദിനവും അനുസ്മരിപ്പിക്കുന്നത്, അനുദിന ജീവിതത്തില്‍ കരുണയുള്ള സംവേദനം... ആശയവിനിമയം വളര്‍ത്തണമെന്നാണ്. ഹൃദയത്തില്‍ കരുണയുള്ള ഇടപെടലുകള്‍, പെരുമാറ്റരീതികള്‍.. ജീവിതത്തെ ശ്രേഷ്ഠമാക്കുന്നു, സന്തോഷകരമാക്കുന്നു. വ്രണിതമായ ലോകത്ത്, വിഭജിക്കപ്പെട്ടിരിക്കുന്ന ലോകത്ത് കരുണയോടെ, എല്ലാവരും ദൈവമക്കളാണെന്ന ബോധ്യത്തോടെ, സ്വതന്ത്രവും കരുണാമയവുമായ സമീപനത്തിലൂടെ സാഹോദര്യവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ ഈശോയുടെ ദിവ്യഹൃദയം നമ്മെ തുണയ്ക്കട്ടെ, നല്ലിടയനായ ക്രിസ്തുവിന്‍റെ കുരുണാര്‍ദ്രമായ സ്നേഹം നമ്മെ പ്രചോദിപ്പിക്കട്ടെ!

(ഫാദര്‍ വില്യം നെല്ലിക്കല്‍ പങ്കുവച്ച സുവിശേഷ ചിന്തകളാണിന്ന്.)








All the contents on this site are copyrighted ©.