2016-06-03 17:00:00

സകലരിലേയ്ക്കും തിരിഞ്ഞിരിക്കുന്ന നല്ലിടയന്‍റെ ഹൃദയസൂചിക വൈദികര്‍ മാതൃകയാക്കണം


ആരെയും വിട്ടുകളയാതെ, സകലര്‍ക്കുമായി തുറക്കുന്നതാണ് നല്ലിടയന്‍റെ ഹൃദയം. ജൂണ്‍ 3-ാം തിയതി വത്തിക്കാനില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാള്‍ ആചരിച്ചുകൊണ്ടും, ഒപ്പം മൂന്നുദിവസം നീണ്ട വൈദികരുടെ ജൂബിലി സംഗമത്തിന് സമാപനം കുറിച്ചുകൊണ്ടും അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഇങ്ങനെ വൈദികര്‍ക്കായി വചനചിന്തകള്‍ പങ്കുവച്ചു (ലൂക്കാ 15, 3-7). 

ഇടയഹൃദയം കലവറയില്ലാത്തതാണ്. അത് നിരാശപ്പെടുന്നില്ല, പതറുന്നില്ല. നല്ലിടയന്‍റെ സ്വയാര്‍പ്പണം അനന്തവും  അതിരുകളില്ലാത്തതുമാണ്. അപരനെ സ്വതന്ത്രമാക്കുകയും രക്ഷിക്കുകയുംചെയ്യുന്ന വിശ്വസ്തവും വിനയാന്വിതവുമായ സ്നേഹത്തിന്‍റെ ഉറവയാണത്. ഗര്‍വോ ദാര്‍ഷ്ഠ്യമോ ഇല്ലാതെ ക്രിസ്തു നമ്മെ സ്നേഹിച്ചു. ‘അവസാനംവരെ’ സ്നേഹിച്ചു (യോഹ. 13, 1). ഇനിയും അവിടുന്നു നമ്മെ സ്നേഹിക്കുന്നു.

അടുത്തിരിക്കുന്നവര്‍ക്കായി മാത്രമല്ല, അകന്നിരിക്കുന്നവര്‍ക്കുവേണ്ടിയും ഇടയന്‍റെ ഹൃദയം തപിക്കുകയും, അത് അവരിലേയ്ക്ക് എത്തപ്പെടുകയുംചെയ്യുന്നു. നമ്മെ ആശ്ചര്യപ്പെടുത്തുമാറ് ആരെയും ഒഴിവാക്കാതെ അവിടുത്തെ സ്നേഹത്തിന്‍റെ സൂചിക സകല മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുന്നു. ഇടയസ്നേഹത്തിന്‍റെ ആര്‍ദ്രമായ ‘ദൗര്‍ബല്യ’വും അനുകരണീയമായ പ്രത്യേകതയുമാണിതെന്ന് പാപ്പാ വൈദികരെ ഉദ്ബോധിപ്പിപ്പിച്ചു. വ്യക്തിയുടെ അസ്തിത്വത്തിന്‍റെ ആഴവും അടിസ്ഥാനവുമാണല്ലോ ഹൃദയം. സ്നേഹജീവിതത്തിന്‍റെ കേന്ദ്രവുമാണത്. ഒറ്റവാക്കില്‍ അത് മനുഷ്യവ്യക്തിയുടെ സത്തയാണ്.

രണ്ടു ഹൃദയങ്ങളെക്കുറിച്ച് ധ്യാനിക്കാം. നല്ലിടയന്‍റെ ഹൃദയത്തെക്കുറിച്ചും, പിന്നെ പൗരോഹിത്യ ഹൃദയത്തെക്കുറിച്ചും. പാപ്പാ വചനചിന്തകള്‍ തുടര്‍ന്നു.  നല്ലിടയന്‍റെ ഹൃദയം കരുണയുള്ളതാണ്. അത് കാരുണ്യംതന്നെയാണ്. ദൈവപിതാവിന്‍റെ സ്നേഹം അതില്‍ തിങ്ങിനില്ക്കുന്നു, തെളിഞ്ഞുനില്ക്കുന്നു. നമ്മെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നിടമാണ് ആ ദിവ്യഹൃദയം. നമ്മെ ഓരോരുത്തരെയും പാപത്തോടും ബലഹീനതകളോടുംകൂടെ തിരഞ്ഞെടുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നിടമാണത്. നല്ലിടയന്‍റെ ഹൃദയത്തെ ധ്യാനിക്കുമ്പോള്‍ നമ്മുടെ ആദ്യകാല വിളിയെയും അതിന്‍റെ സ്നേഹാനുഭവങ്ങളെയും കുറിച്ച് ഓര്‍ത്തുപോകുന്നത് സ്വാഭാവികമാണ്. കര്‍ത്താവ് നമ്മെ തൊട്ടുവിളിക്കുകയും അവിടുത്തെ അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത നിമിഷമാണത്. നമ്മുടെ ജീവിതമാകുന്ന വല അവിടുത്തെ വിസ്തൃതമായ വചനസാഗരത്തിലേയ്ക്ക് വിതറിയതിന്‍റെ സംതൃപ്തിയുടെയും സന്തോഷത്തിന്‍റെയും ഓര്‍മ്മ മനസ്സില്‍ വിരിയിക്കുന്ന മുഹൂര്‍ത്തമാണത് (ലൂക്ക 5, 5.)... (തുടരും...)








All the contents on this site are copyrighted ©.