2016-06-02 18:22:00

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മിത്വത്തിലുള്ള ദിവ്യബലിയോടെ വൈദികരുടെ ജൂബിലി സമാപിക്കും


വൈദികരുടെ ജൂബിലിയാചരണത്തിന്‍റെ സമാപനദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വൈദികരുടെ രാജ്യാന്തരകൂട്ടായ്മയില്‍ സമൂഹബലിയര്‍പ്പിക്കും. ജൂണ്‍ 3-ാം തിയതി വെള്ളിയാഴ്ച റോമില്‍ ആചരിക്കുന്ന ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലാണ് സമൂഹബലിയര്‍പ്പണം. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. മൂന്നുദിവസം നീളുന്ന വൈദികരുടെ ജൂബിലിയാചരണം  ഈ സമൂഹബലിയര്‍പ്പണത്തോടെ സമാപിക്കും.

ജൂണ്‍ ഒന്നാം തിയതി, ബുധനാഴ്ചയാണ് കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തോട് അനുബന്ധിച്ചുള്ള വൈദികരുടെ സംഗമം ആരംഭിച്ചത്. ഭാഷകളുടെ അടിസ്ഥാനത്തിനുള്ള ബലിയര്‍പ്പണം, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുമ്പസാരം, ജൂബിലകവാടം കടക്കല്‍, പൊതുപ്രാര്‍ത്ഥനകള്‍ എന്നിവ റോമിലെ ഒന്‍പതു വ്യത്യസ്ഥ ദേവാലായങ്ങളിലായി 9 ഭാഷാഗ്രൂപ്പുകളായി നടന്നു.

രണ്ടാം ദിവസം വ്യാഴാഴ്ച, ജൂണ്‍ രാണ്ടാം തിയതി പാപ്പാ ഫ്രാന്‍സിസ് നയിച്ച ധ്യാനങ്ങള്‍ ത്രിദിന സമ്മേളനത്തിന്‍റെ ഔജസ്സേകിയ സംഭവമായി മാറി. തന്‍റെ ദീര്‍ഘകാല അജപാലന അനുഭവങ്ങളുടെ വെളിച്ചത്തില്‍ രാവിലെ 10-നും, മദ്ധ്യാഹ്നം 12-നും വൈകുന്നേരം 4-മണിക്കുമായി പാപ്പാ ഫ്രാന്‍സിസ് മൂന്നു ധ്യാനങ്ങള്‍ വൈദികര്‍ക്കായി നയിച്ചു. അവ ദേശീയ അന്തര്‍ദേശിയ തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടു (www.im.va).

വൈദികരുടെ ശുശ്രൂഷാജീവിതത്തില്‍ കാരുണ്യത്തിന്‍റെ പ്രസക്തിയും അനുവാര്യതയും വളരെ തനിമായാര്‍ന്ന പ്രായോഗിക ചിന്തകളായി പാപ്പാ ചുരുളഴിയിച്ചു. ഓരോ ധ്യാനവും ശരാശരി  45-മുതല്‍ 50 മിനിറ്റുകളോളം നീളുന്നതായിരുന്നു. വിവിധ ഭാഷാകളിലുള്ള ശബ്ദരേഖകള്‍ ലഭ്യമായിരുന്നതിനാലും, വിഷയങ്ങള്‍ വൈദിക ജീവിതത്തെ സ്പര്‍ശിക്കുന്നതായിരുന്നതിനാലും ആത്മീയാനുഭൂതിയുടെ ഫാലദായമായ ഒരു ദിവസമായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ സന്നിദ്ധ്യത്തില്‍ ചിലവഴിച്ച രണ്ടാം ദിവസം വ്യാഴാഴ്ചത്തെ ധ്യാനമെന്ന് വൈദികര്‍ സാക്ഷ്യപ്പെടുത്തി.   








All the contents on this site are copyrighted ©.