2016-06-02 08:30:00

ജൂബിലിവത്സരത്തില്‍ സഭയ്ക്ക് പിന്നെയും രണ്ടു പുണ്യാത്മാക്കള്‍


രണ്ടു വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ജൂണ്‍ 5-ാം തിയതി ഞായാറാഴ്ച അര്‍പ്പിക്കപ്പെടുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിമദ്ധ്യേയാണ് വിശുദ്ധപദപ്രഖ്യാപനം നടത്തപ്പെടുവാന്‍ പോകുന്നത്.

രണ്ടു കിഴക്കന്‍ യൂറോപ്യന്‍ സ്വദേശികളാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ടവര്‍ :

പോളണ്ടുകാരനായ ജോണ്‍ പാസിന്‍സ്ക്കി എന്നറിയപ്പെടുന്ന – ഈശോയുടെയും മറിയത്തിന്‍റെയും വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലാവുസ് (1631-1701). ഈശോയുടെയും മറിയത്തിന്‍റെയും നാമത്തിലുള്ള സന്ന്യാസസഭാ സമൂഹത്തിന്‍റെ സ്ഥാപകനാണ്. തന്‍റെ ജീവിതകാലത്തുണ്ടായ യുദ്ധം വസന്തകള്‍ എന്നവയില്‍പ്പെട്ടു ക്ലേശിക്കുന്നവരെ സഹായിക്കാനാണ് പോളണ്ടിന്‍റെ അന്നത്തെ സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലത്തില്‍‍ വൈദികനായ പാസിന്‍സ്കി പ്രവര്‍ത്തിച്ചത്. സന്ന്യാസ സഭ സ്ഥാപിച്ചതിന്‍റെ ഉദ്ദേശവും അതുതന്നെയായിരുന്നു.

വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസല്‍ബാള്‍ഡ്, സ്വീഡനിലെ സന്ന്യാസിനിയാണ് (1870-1957). ലൂതറന്‍ സഭയില്‍നിന്നും കത്തോലിക്കാവിശ്വാസം സ്വീകരിച്ച വനിതയാണിത്. പിന്നീട് കൂടുതല്‍ ധ്യാനാത്മക ചൈതന്യമുള്ളൊരു സന്ന്യാസിനീ വിഭാഗം ബ്രിജിറ്റൈന്‍ സഭയുടെ ആദ്ധ്യാത്മികതയില്‍ പുണ്യവതി സ്ഥാപിച്ചു. സ്വീ‍ഡനിലെ ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനും മാനസാന്തരത്തിനും വേണ്ടിയായിരുന്നു ഹെസല്‍ബാള്‍ഡ് സന്ന്യാസിനീ സമൂഹം സ്ഥാപിച്ചത്. നീണ്ട കാലപരിധിക്കുശേഷമാണ് സ്വീഡനില്‍ന്നും ഒരു പുണ്യാത്മാവു പിറവിയെടുക്കുന്നത് (c.600 years).

കാരുണ്യത്തിന്‍റെ അമ്മയായും പാവങ്ങളുടെ അമ്മയുമായും ലോകം ആദരിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധ പദപ്രഖ്യാപനം സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച രാവിലെ 10-മണിക്ക് വത്തിക്കാനില്‍ നടത്തും. തുടര്‍ന്ന് രണ്ടു ലാറ്റിനമേരിക്കന്‍ വാഴ്ത്തപ്പെട്ടവരെയും പാപ്പാ ഫ്രാന്‍സിസ് ജൂബിലിവത്സരത്തിലെ ഒക്ടോബര്‍ മാസം  വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തും. വാഴത്തപ്പെട്ട ബ്രൊചേരോ, യുവ രക്തസാക്ഷി റിയോ സാഞ്ചസ് എന്നിവരാണവര്‍.








All the contents on this site are copyrighted ©.