2016-05-25 17:33:00

ജീസസ് യൂത്ത് പൊന്തിഫിക്കല്‍‍ അംഗീകാരത്തിന് കൊച്ചിയിലൊരു നന്ദിപ്രകടനം


നന്ദി സൂചകമായി കേരളത്തിലെ ‘ജീസസ് യൂത്ത്’ കൊച്ചിയില്‍ സംഗമിച്ചു. പ്രസ്ഥാനത്തിന്‍റെ  രൂപീകരണ പരിപാടികളുടെ രാജ്യാന്തര കോര്‍ഡിനേറ്റര്‍, മോനജ് സണ്ണി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.  മെയ് 22-ാം തിയതി ഞായറാഴ്ചയാണ് ‘ജീസസ് യൂത്ത്’ അല്‍മായ പ്രസ്ഥാനത്തിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളുമായി 11,000-ത്തോളം യുവജനങ്ങള്‍ അങ്കമാലിയിലെ പ്രത്യേക വേദിയില്‍ സംഗമിച്ചതെന്ന്, മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കേരളസഭയുടെ മൂന്നു റീത്തുകളെയും പ്രതിനിധാനംചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നിവര്‍ പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ച ജീസസ് യൂത്ത് അല്‍മായ പ്രസ്ഥാനത്തിന്‍റെ അങ്കമാലിയിലെ ആഘോഷത്തില്‍ പങ്കെടുത്തു.  പ്രാര്‍ത്ഥനയും ധ്യാനവും ആരാധനയുമായി മുഴുദിനം ചെലവഴിച്ച യുവജനങ്ങള്‍ അവസാനം ആത്മീയാഘോഷത്തിന്‍റെ സംഗീത-കലാ വിരുന്നില്‍ പങ്കെടുത്തുകൊണ്ടാണ് കൃതജ്ഞാസമ്മേളനം ഉപസംഹരിച്ചത്.

ഭാരതത്തില്‍നിന്നും ആദ്യമായി ഒരു അല്‍മായ പ്രസ്ഥാനത്തിന് പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചതിലുള്ള ആനന്ദത്തിന്‍റെ ആത്മീയാഘോഷണമായിരുന്നു കൊച്ചിയിലെ സംഗമമെന്ന്  പ്രസ്ഥാനത്തിന്‍റെ ആരംഭംമുതല്‍ മൂന്നു പതിറ്റാണ്ടിലേറെ അതിന്‍റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച മനോജ് സണ്ണി സംതൃപ്തിയോടെ പ്രസ്താവനയിലൂടെ അറിയിച്ചു.    അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ റോമിലെ ഓഫിസില്‍ മെയ് 20-ാം തിയതി വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് ‘ജീസസ് യൂത്ത്’ ആഗോള അല്‍മായ യുവജനപ്രസ്ഥാനം പൊന്തിഫിക്കല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. വത്തിക്കാന്‍റെ പ്രതിനിധി കര്‍ദ്ദിനാള്‍ സ്റ്റനിസ്ലാവ് റയില്‍ക്കോയുടെ ആഭാവത്തില്‍, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് പ്രിന്‍സാണ് പൊന്തിഫിക്കല്‍ അംഗീകാരത്തിന്‍റെ ഔദ്യോഗിക രേഖകള്‍ കൈമാറിയത്.

കൊച്ചു കേരളത്തില്‍നിന്നും ഭാരതത്തിലെ ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും മൂന്നു പതിറ്റാണ്ടുകളിലൂടെ പ്രസ്ഥാനം (Jesus Youth Movement)  വ്യാപിച്ചു . അഞ്ചു ഭൂഖണ്ഡങ്ങളിലും എത്തപ്പെടുമാറ് 30 രാജ്യങ്ങളിലായി ഇന്ന് ‘ജീസസ് യൂത്ത് ല്‍മാ പ്രസ്ഥാനം വളര്‍ന്നു വലുതായി.  പ്രാര്‍ത്ഥന, ദൈവവചനം, കൂദാശകള്‍,  കൂട്ടായ്മ , പരസേവനം, പാവങ്ങളോടുള്ള പക്ഷംചേരല്‍  എന്നിങ്ങനെയുള്ള ആറ് ആത്മീയ തൂണുകളില്‍  പടുത്തുയര്‍ത്തപ്പെട്ട യുവജനക്കൂട്ടായ്മയാണ് ‘ജീസസ് യൂത്ത്! ‘യുവജനങ്ങള്‍ യുവജനങ്ങള്‍ക്കുവേണ്ടി...!’ ഇത് പ്രസ്ഥാനത്തിന്‍റെ  പ്രവര്‍ത്തന രീതിയാണ്. പഠിക്കുന്നിടത്തും, പണിയുന്നിടത്തും - എവിടെയായിരുന്നാലും ജീവിതപരിസരങ്ങളില്‍  യുവതീയുവാക്കള്‍  സുവിശേഷമൂല്യങ്ങള്‍ പങ്കുവയ്ക്കുന്നു, ക്രിസ്തുസാക്ഷികളായി ജീവിക്കുന്നു!!

വെറുമൊരു കൂട്ടായ്മ എന്നതിലുമുപരി ഒരു ക്രിസ്തീയ യുവജന ജീവിതശൃംഖലയാണ് ‘ജീസസ് യൂത്ത്! ആധുനിക മാധ്യമങ്ങള്‍,  ആശയ വിനിമോയപാധികള്‍,  യാത്രാസൗകര്യങ്ങള്‍,  മറ്റു സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ എന്നിവയുടെ കരുത്തും കഴിവും ഉപയോഗപ്പെടുത്തിക്കൊണ്ട് അവയിലൂടെ സുവിശേഷ സന്തോഷം പങ്കയ്ക്കുന്ന നവമായൊരു പ്രതിഭാസമാണിത -  ‘ജീസസ് യൂത്ത്!

1970-നു ശേഷമുള്ള രണ്ടു പതിറ്റാണ്ടുകളില്‍  ഭാരതമെമ്പാടും എത്തിയ പ്രസ്ഥാനം 1990-മുതല്‍ അംഗങ്ങളിലൂടെതന്നെ ലോകത്തിന്‍റെ  നാല് അതിര്‍ത്തികളിലേയ്ക്കു വ്യാപിച്ചു. “നിങ്ങള്‍  എന്‍റെ  സുവിശേഷത്തിന്‍റെ സാക്ഷികളാകുവിന്‍!” ദിവ്യഗുരുവായ യേശുവിന്‍റെ  ആഹ്വാനം ഉള്‍ക്കൊള്ളുന്ന ‘ജീസസ് യൂത്തിന്  ലോകമെമ്പാടുമായി ഇപ്പോള്‍ മുപ്പതിനായിരത്തില്‍പ്പരം അംഗങ്ങളുണ്ട്.








All the contents on this site are copyrighted ©.