2016-05-20 08:18:00

സമാധാനത്തിന്‍റെ പാതയില്‍ അവകാശങ്ങള്‍ മാനിക്കപ്പെടണം : അംബാസിഡര്‍മാരോട് പാപ്പാ ഫ്രാന്‍സിസ്


വ്യക്തികളുടെ അവകാശങ്ങള്‍ മാനിച്ചാല്‍ സമാധാനമുള്ള സാമൂഹങ്ങള്‍ വളര്‍ത്താമെന്ന് വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  തായിലണ്ട്, എസ്തോണിയ, മലാവി, സാംമ്പിയ, നമീബിയ, സെഷേല്‍സ് എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ മെയ് 19-ാം തിയതി വ്യാഴാഴ്ച കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

രാഷ്ട്രങ്ങളുടെയം സംസ്ക്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിദ്ധ്യങ്ങള്‍ക്കപ്പുറം പൊതു മാനവികതയിലും വിശ്വസാഹോദര്യത്തിലും മനുഷ്യകുലത്തെ ഒരുമിപ്പിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. സമൂഹത്തോടും പൊതുഭവനമായ ഭൂമിയോടും നമുക്കുള്ള കടപ്പാട്  സമാധാന ദൗത്യമാണെന്നും,  അത് കൂട്ടുത്തരവാദിത്വവുമാണെന്നും പാപ്പാ രാഷ്ട്രപ്രതിനിധകളെ അനുസ്മരിപ്പിച്ചു.

അഭ്യന്തരകലാപങ്ങളും യുദ്ധവും, നിര്‍ബന്ധിത കുടിയേറ്റവും തീര്‍പ്പില്ലാത്തിരിക്കുന്ന സാമ്പത്തിക മാന്ദ്യവും മനുഷ്യകുലത്തെ ഇന്നും വീര്‍പ്പുമുട്ടിക്കുമ്പോള്‍ രാഷ്ട്രങ്ങളുടെ സമാധാനദൗത്യത്തിന് ഇന്നൊരു അടിയന്തിര സ്വഭാവമുണ്ട്. രാഷ്ട്രങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്‍റെ സേവനം ഫലവത്താകണമെങ്കില്‍ എവിടെയും വ്യക്തികളുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയും, അവര്‍ക്ക് സമഗ്രമായ വികസനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. അതിന് നാം ഓരോരുത്തരും സമാധാനത്തിന്‍റെ സംവാഹകരും, സാമൂഹ്യനീതിയുടെ പ്രയോക്താക്കളും, പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തില്‍ തല്പരരുമായിരിക്കണം. ഭിന്നിപ്പും വിഭജനവും കാരണമാക്കുന്ന നിസ്സംഗത  ഏറിവരുന്ന ലോകത്ത് സമാധാനത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും വഴികള്‍ ഇന്ന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം, മനുഷ്യക്കടത്ത്, ആയുധവിപണനം, മയക്കുമരുന്നു കച്ചവടംപോലുള്ള സമൂഹ്യപ്രതിസന്ധികളോട് നിസ്സംഗഭാവമോ നിഷേധാത്മകമായ നിലപാടോ അല്ല രാഷ്ട്രങ്ങള്‍ എടുക്കേണ്ടത്. അവയെ മറച്ചുപിടിക്കാനോ നിസ്സാരമെന്നു നടിച്ചു തള്ളിക്കളയുവാനോ സാദ്ധ്യമല്ല. മറിച്ച് ഏറെ വിവേകത്തോടും ആത്മസംയമനത്തോടും ക്രിയാത്മകമായും നേരിടേണ്ടതാണ്.  

സമൂഹത്തിലെ സകലരുടെയും, വിശിഷ്യാ എളിയവരും പാവങ്ങളുമായവരുടെ അവകാശങ്ങളും ആവശ്യങ്ങളും ആദരിക്കുന്ന ഒരു പൊതുസംസ്ക്കാരം വളര്‍ത്തണമെന്നും പാപ്പാ അംബാസിഡര്‍മാരെ ഉദ്ബോധിപ്പിച്ചു.

ഔദ്യോഗിക രേഖകള്‍ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ച് സ്ഥാനമേറ്റ ആറു രാഷ്ട്രപ്രതിനിധികള്‍ (Ambassidors)  : Thomas Selby Pillay  - Seychelles, Nopadol Gunavibool – Thailand,  Väino Reinart – Estonia,  Michael Barth Kamphambe Nkhoma – Malawi, Muyeba Shichapwa Chikonde – Zambia, Andreas B. D. Guibeb – Namibia








All the contents on this site are copyrighted ©.