2016-05-17 08:43:00

സഭ ലോകത്തിന് കാരുണ്യത്തിന്‍റെ സാക്ഷിയാവണം : മിഷന്‍ ഞായര്‍ സന്ദേശം


പ്രേഷിതയായ സഭ ലോകത്തിന് കാരുണ്യത്തിന്‍റെ സാക്ഷിയാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പെസന്തക്കോസ്താ മഹോതസവത്തില്‍ പ്രസിദ്ധപ്പെടുത്തിയ  2016-ാമാണ്ടിലേയ്ക്കുള്ള ആഗോള മിഷന്‍ ഞായര്‍ (Message for the World Mission Day) സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  അനിതരസാധാരണമായ കാരുണ്യത്തിന്‍റെ ജൂബിലിയോടനുബന്ധിച്ച് സഭയ്ക്ക് ജനതകളോടും ലോകത്തോടുമുള്ള പ്രേഷിതദൗത്യം ആത്മീയ ഭൗതിക മേഖലകളിലുള്ള ബൃഹത്തായ കാരുണ്യ പ്രവൃത്തനങ്ങളുടേതാണെന്ന് സന്ദേശത്തിന്‍റെ ആരംഭത്തില്‍തന്നെ പാപ്പാ അനുസ്മരിപ്പിക്കുന്നു.

അറിവും അനുഭവവും കഴിവുകളും ക്രിയാത്മകതയും ഉപയോഗപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിന്‍റെ ശിഷ്യര്‍ ദൈവിക കാരുണ്യത്തിന്‍റെ മിഷണറിമാരായി ജീവിക്കണം. ഓരോ ക്രൈസ്തവനും ജീവിതത്തില്‍ പ്രകടമാക്കേണ്ടത് ദൈവത്തിന്‍റെ കാരുണ്യവും അനുകമ്പയുമാണെന്ന് ജൂബിലവത്സരത്തില്‍ന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ ആമുഖമായി പ്രസ്താവിച്ചു. എല്ലാ ജനതകളോടും സംസാക്കാരങ്ങളോടും രക്ഷയുടെ സന്ദേശവും സുവിശേഷവും അറിയിക്കണം എന്ന ക്രിസ്തുവിന്‍റെ ആഹ്വാനമാണ് ആഗോള മിഷന്‍ ദിനാചാരണത്തിന് അടിസ്ഥാനമായ ബലതന്ത്രമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

ഇക്കുറി ആഗോളസഭയുടെ പ്രേഷിതദിനാചരണം അതിന്‍റെ 90-ാം വാര്‍ഷികം ആചരിക്കുകയാണ്. ഭാഗ്യസ്മരണാര്‍ഹനായി 11-ാം പിയൂസ് പാപ്പാ 1926-ലാണ് ആദ്യമായി ലോക പ്രേഷിതദിനം ആരംഭിച്ചത്. എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചായാണ് സഭ ആഗോളമിഷന്‍ ദിനം ആചരിക്കുന്നതെന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു  (16 ഒക്ടോബര്‍ 2016). മിഷന്‍ ഞായറാഴ്ച ഇടകകളിലും സ്ഥാപനങ്ങളിലും ഭക്തസംഘടനകളിലും എടുക്കുന്ന പണപ്പിരിവ് സഭയുടെ ആഗോളപ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷ പ്രഘോഷണ ജോലിക്കുമായി പ്രത്യേകം ഉപയോഗിക്കുവാനുള്ളതാണ്. നമുക്ക് മനസ്സും ഹൃദയവും സ്വന്തം ആവശ്യങ്ങളില്‍ മാത്രം മുഴുകിപ്പോകാതെ മാനവികതയുടെയും അടുത്തുള്ള സഹോദരങ്ങളുടെയും ആവശ്യങ്ങളിലേയ്ക്കും തിരിയേണ്ടതാണ്. നാം ചുറ്റുമുള്ള ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളോടു കാണിക്കുന്ന കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെ പ്രതീകമാകട്ടെ മിഷനുവേണ്ടിയുള്ള ത്യാഗപൂര്‍ണ്ണമായ നമ്മുടെ കാഴ്ചയെന്ന് പാപ്പാ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായി പരിശുദ്ധ കന്യകാനാഥയെ നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത് : സമുദ്ധരിക്കപ്പെട്ട മാനവികതയുടെ സമുന്നത മാതൃകയാണ് പരിശുദ്ധ കന്യകാമറിയം. ലോകത്ത് സാഹോദര്യവും കൂട്ടായ്മയും നവജീവനും വളര്‍ത്തുന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ നിഗൂഢവും സജീവവുമായ സാന്നിദ്ധ്യം വളര്‍ത്തുന്നതിനും അനുഭവ വേദ്യമാക്കുന്നതിനും സകലരെയും, ഓരോ വ്യക്തിയെയും കുടുംബങ്ങളെയും ആത്മീയാനന്ദമുള്ള കാരുണ്യംകൊണ്ടു ഈ അമ്മ നിറയ്ക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.








All the contents on this site are copyrighted ©.