2016-05-12 19:06:00

പരദൂഷണക്കാരിക്കു കുമ്പസാരക്കാരന്‍ നല്കിയ പ്രായശ്ചിത്തം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചിന്തനം


വാക്കാല്‍ ഉണ്ടാകുന്ന ഭിന്നതയാണ് സമൂഹത്തെ വിഭജിക്കുന്നതും, നശിപ്പിക്കുന്നതും. ഐക്യത്തിനായി പരിശ്രമിക്കേണ്ടവരാണ് ക്രൈസ്തവര്‍, അവര്‍ ഐക്യത്തിന്‍റെ സാക്ഷികളാകേണ്ടവരാണ്. മെയ് 12-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷ വിചിന്തനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിശുദ്ധ ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍നിന്നും പാപ്പാ ഒരു സംഭവം വിവരിച്ചുകൊണ്ടാണ് കുര്‍ബ്ബാനയിലെ വചനചിന്ത തുടങ്ങിയത്. പരദൂഷണക്കാരിയായ സ്ത്രീക്ക് കുമ്പസാരത്തിനുശേഷം സിദ്ധന്‍ പാപപരിഹാരം കൊടുത്തത്, കോഴിയെ കൊന്ന് അതിന്‍റെ പപ്പുംപൂടയും അയല്‍പക്കത്തെല്ലാം വിതറാനായിരുന്നു. പോരാ, പിന്നീട് അത് പെറുക്കിയെടുക്കുകയും വേണം!  സ്ത്രീ പറഞ്ഞു, അത് നടക്കില്ല! ആ പ്രായശ്ചിത്തം വേണ്ടെന്ന്! ഇതുപോലെയാണ് പരദൂഷണം, തേജോവധം ചെയ്യല്‍..!. പറഞ്ഞ പരദൂഷണമൊന്നും തിരിച്ചെടുക്കാനാവില്ല. പാപ്പാ വചനചിന്തയില്‍ സ്ഥാപിച്ചു.

പിറുപിറുക്കലും പരദൂഷണവും നീചവും, നിന്ദ്യവും നാശോത്മുഖവുമാണ്. അത് സമയം കൊല്ലുക മാത്രമല്ല, ജീവിതം നശിപ്പിക്കുന്നു. കുടുംബങ്ങളില്‍ അന്തഃഛിദ്രം വിതയ്ക്കുന്നു. കാരണം, സത്യത്തിനു വിരുദ്ധമാണത്, പരദൂഷണം അസത്യവും, അത് യുക്തിക്കു നിരക്കാത്തതുമാണ്.

പീഡാസഹനത്തിനുമുന്‍പ് ശിഷ്യന്മാരുടെ ഐക്യത്തിനായി ക്രിസ്തു ആദ്യം പ്രാര്‍ത്ഥിച്ചു (യോഹ. 17, 21-23).  ലോകം ക്രിസ്തുശിഷ്യരില്‍ വിശ്വസിക്കണമെങ്കില്‍ അടിസ്ഥാനപരമായി അവരുടെമദ്ധ്യേ ആദ്യം ഐക്യമുണ്ടാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. “ഞാനും പിതാവും ഒന്നായിരിക്കന്നതുപോലെ...,” എന്ന് പറഞ്ഞ ക്രിസ്തു പിതൃസന്നിധിയിലെ തന്‍റെ ഐക്യവും കൂട്ടായ്മയുമാണ് മാതൃകയായി ശിഷ്യന്മാര്‍ക്കു നല്‍കുന്നത്.   ക്രൈസ്തവ സമൂഹങ്ങളും കുടുംബങ്ങളും ഐക്യത്തിന്‍റെ മാതൃകകളാകണം. (യോഹന്നാന്‍ 17, 21). പിതാവിനാല്‍ അയക്കപ്പെട്ടവനാണ് ക്രിസ്തു എന്നുള്ളതിനു തെളിവായിരിക്കത്തക്ക വിധത്തില്‍ പിതാവും പുത്രനും തമ്മിലുള്ള ഐക്യംപോലെ ക്രൈസ്തവ ജീവിതത്തിലെ ഐക്യം എന്നും കാത്തുപാലിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

എന്നാല്‍ ക്രൈസ്തവ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, മെത്രാസന മന്ദിരങ്ങള്‍, കുടുംബങ്ങള്‍.. എന്നിവയിലെ കൂട്ടായ്മയുടെ അന്തരീക്ഷം ഇന്നു കുറ‍ഞ്ഞും ക്ലേശകരമായുമാണ് കാണപ്പെടുന്നത്. അവിടങ്ങളിലെ പ്രശ്നം ഐക്യമില്ലായ്മയാണ്. ചരിത്രത്തില്‍ ക്രിസ്തീയത ഐക്യത്തിന്‍റെ എതിര്‍ സാക്ഷ്യം ഏറെ നല്‍കിയിട്ടുണ്ട്.  നാണംകെടുത്തുന്ന തരത്തിലുള്ള കലഹത്തിന്‍റെയും തമ്മിലടിയുടെയും പോര്‍ക്കളമായിട്ടുണ്ട് ചില ക്രൈസ്തവസമൂഹങ്ങള്‍! പാപ്പാ തുറന്നു പ്രസ്താവിച്ചു. 30 വര്‍ഷക്കാലം നീണ്ട കുരിശുയുദ്ധത്തിന്‍റെ കഥ വചനചിന്തയില്‍ പാപ്പാ ഗോപ്യമായി പരാമര്‍ശിച്ചു.

ക്രൈസ്തവര്‍ കലഹത്തിലായാല്‍ പിന്നെ ജീവിതസാക്ഷ്യം ഇല്ലാതാകും. നാം നല്കിയിട്ടുള്ള എതിര്‍ സാക്ഷ്യങ്ങള്‍ക്ക് ദൈവത്തോടു മാപ്പിരക്കേണ്ടതാണ്. ക്രൈസ്തവരുടെ എതിര്‍ സാക്ഷ്യത്തിന്‍റെയും വിഭജനത്തിന്‍റെയും സംഭവങ്ങള്‍ പഴങ്കഥകളല്ല. നാം ഇന്നും വിഭജിതരും വ്യതിരിക്തരുമാണെന്ന് പലയിടങ്ങളിലും മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു.  ക്രിസ്തുവിനെയും അവിടുത്തെ ഉത്ഥാനാചരണത്തെ സംബന്ധിച്ചും ഈ വിഭചിതഭാവം ക്രൈസ്തവര്‍ പ്രകടമാക്കുന്നുണ്ട്. ചിലര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനമഹോത്സവം ആഘോഷിച്ചു കഴിഞ്ഞ്, രണ്ടുനാള്‍ മാറിയാണ് മറ്റുപലരുടെയും ഉത്ഥാനത്തിരുനാള്‍! ഇതാണ് ക്രൈസ്തവൈക്യമെങ്കില്‍ ലോകം നമ്മില്‍ വിശ്വസിക്കാന്‍ മടിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.

വിഭാഗീയത നീചവും നാശോന്മുഖവുമാണ്. പാപത്തെ ലോകത്തില്‍ അവതരിപ്പിക്കേണ്ടതും ആവിഷ്ക്കരിക്കേണ്ടതും തിന്മയുടെ ശക്തിക്ക് ആവശ്യമാണ്. അതിന് ക്രൈസ്തസമൂഹത്തില്‍ സ്വാര്‍ത്ഥതയും അസൂയയും അഹങ്കാരവും വിഭിന്നതയും പിശാച് വിതയ്ക്കുന്നു. അതാണ് നമ്മുടെ സമൂഹങ്ങളില്‍ ‘പിറുപിറുക്കലും, വാഗ്വാദവും പോരു’മായി മാറുന്നതെന്ന് പാപ്പാ പരാമര്‍ശിച്ചു. പിറുപിറുക്കല്‍ കലഹമായി പരിണമിക്കുന്നു! അങ്ങിനെ വാക്കാല്‍ ആരംഭിക്കുന്ന കലഹം, സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ജീവിതയാഥാര്‍ത്ഥ്യങ്ങളിലെ അന്തഃഛിദ്രമായും അനൈക്യത്തിന്‍റെ വ്യഥയായും മാറുന്നു. ക്രൈസ്തവ ജീവിത തകര്‍ച്ചയുടെ പിന്നില്‍ ഇന്നു ദൃശ്യമാകുന്ന സിദ്ധാന്തമാണിതെന്ന് പാപ്പാ വ്യക്തമാക്കി.

കുടുംബത്തെയും കൂട്ടായ്മയെയും സമൂഹത്തെയും നശിപ്പിക്കാന്‍ കരുത്തുള്ള വാളാണ് സ്നേഹവുമില്ലാത്ത നിസ്സംഗതയുടെ വാക്കുകള്‍! സ്വാര്‍ത്ഥതയുടെ വാക്കുകള്‍!! നിഷേധാത്മകമായ വാക്കുകള്‍ കലഹവും യുദ്ധവും വിതയ്ക്കും! ആരോപണങ്ങളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി അന്വേഷിക്കുകയോ ചേദിക്കുകയോ, സംവദിക്കുകയോ ചെയ്യുന്നതിനു പകരം, പരദൂഷണം പറയുകയും, കെട്ടുകഥകള്‍ പറഞ്ഞുപരത്തുകയും ചെയ്യുന്നു – Gossiping! മറ്റുള്ളവരെ തേജോവധംചെയ്യുന്നു!! അവരെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നു.

ഐക്യത്തിനായി പ്രാര്‍ത്ഥിക്കാം – നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഇടവകകളിലും ഐക്യവും സമാധാനവും വളരുന്നതിനായി പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിനെപ്പോലെ - പിതാവും അവിടുന്നും ഒന്നായിരിക്കുന്നതുപോലെ - നാമും ഒന്നായിരിക്കുന്നതിനായി എന്നും പ്രാര്‍ത്ഥിക്കാം. ഐക്യത്തിന്‍റെ കൃപയും പ്രയോജകരുമായ ദൈവാത്മാവിനെ ഞങ്ങള്‍ക്കു നല്കണമേ.... ആ അരൂപിയുടെ വരദാനം ഞങ്ങളുടെ നാവുകള്‍ക്ക് കടിഞ്ഞാണാവട്ടെ, എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.