2016-05-11 08:18:00

മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ നിഷേധാത്മകമെന്ന് വത്തിക്കാന്‍


ലോകത്തുള്ള അതിക്രമങ്ങളെ ന്യായീകരിക്കാന്‍ മതനിരപേക്ഷത ആയുധമാക്കരുതെന്ന് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.   മെയ് 9-ാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യൂഎന്‍ ആസ്ഥാനത്തു ചേര്‍ന്ന മതാന്തരസംവാദത്തെ സംബന്ധിച്ച ചര്‍ച്ചാ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ അഭിപ്രായം ഇങ്ങനെ പ്രകടമാക്കിയത്.

മതനിരപേക്ഷവാദവും, ‘ദൈവത്തിന്‍റെ മരണ’വും പ്രഖ്യാപിക്കുന്നവര്‍ ലോകത്തുണ്ടെങ്കിലും അത് തൂലോം നിസ്സാരമാണ്. ലോകത്തുള്ള മതങ്ങളുടെയും ഈശ്വര വിശ്വാസികളുടെയും ബൃഹത്തായ സംഖ്യ പരിഗണിക്കുമ്പോള്‍ മതത്തിന്‍റെ പേരില്‍ നടമാടുന്ന അതിക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ന്യായീകരിക്കാനാവില്ലെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമര്‍ത്ഥിച്ചു.

വിവിധ മതങ്ങള്‍ തമ്മിലും ഈശ്വരവിശ്വാസികള്‍ തമ്മിലും രമ്യതയില്‍ ജീവിച്ചുകൊണ്ട് ഭൂമിയിലെ ജീവിതം സമാധാനപൂര്‍ണ്ണമാക്കാന്‍ രാഷ്ട്രങ്ങളും ഇതര സമൂഹങ്ങളും ശ്രമിക്കുമ്പോള്‍, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ ചെറിയൊരു കൂട്ടമാണെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്ലില്‍ ഇന്നവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളും തിന്മകളും മനുഷ്യസംസ്ക്കാരത്തിന് ഇണങ്ങാത്തതും, അടിയന്തിരമായി ദുരീകരിക്കേണ്ടുതുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

മതത്തിന്‍റെ പേരില്‍ നടത്തപ്പെടുന്ന എല്ലാ അതിക്രമങ്ങളും നിഷേധിക്കുക, അവയുടെ ആസൂത്രകരാവുകയോ, അവ നടപ്പാക്കുകയോ ചെയ്യുന്നവരെ ഒരിക്കലും മതവിശ്വാസികളായി പരിഗണിക്കാതിരിക്കുക. മതത്തിന്‍റെ പേരില്‍ ഇന്ന് എവിടെയും ഭീകരാക്രമണങ്ങളില്‍ വ്യാപൃതരാകുന്നവരെ അതേ മതത്തിലെ വിശ്വാസികള്‍ ആദ്യം നിഷേധിക്കുകയും, മതത്തെ തിന്മയുടെ ഉപകരണമാക്കുന്ന ഭീകരവാദത്തെയും ആക്രമണങ്ങളെയും അപലപിക്കുകയും വേണം, എന്നിങ്ങളെയുള്ള പ്രയോഗിക നിഗമനങ്ങള്‍ വത്തിക്കാന്‍റെ വക്താവ് സമ്മേളനത്തില്‍ ശ്രദ്ധയില്‍പ്പെടുത്തി. മതസൗഹാര്‍ദ്ദവും, മതാന്തരസംവാദവും വളര്‍ത്തുവാനുള്ള ഐക്യാരാഷ്ട്ര സംഘടയുടെ – മതങ്ങള്‍ സമാധാനത്തിന് – എന്ന ത്രിദിന ചര്‍ച്ചാ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂടെ ഇക്കാര്യങ്ങള്‍ രാഷ്ട്രപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ന്യൂയോര്‍ക്ക്, സരേവോ, തിരാനാ, ബാംഗ്വി എന്നിവിടങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രകളില്‍ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിച്ച കാര്യങ്ങളാണ് സമന്വയിപ്പിച്ചും ക്രോഡീകരിച്ചും യൂഎന്നിന്‍റെ ചര്‍ച്ചാ സമ്മേളനത്തില്‍ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷ്പ്പ് ഔസാ പ്രബന്ധത്തിലൂടെ അവതരിപ്പിച്ചത്.

 

 








All the contents on this site are copyrighted ©.