2016-05-05 17:40:00

‘കാറള്‍മാന്‍ പുരസ്ക്കാരം’ പാപ്പാ ഫ്രാന്‍സിസിന് - പരിപാടികള്‍ വത്തിക്കാനില്‍


2016-ലെ ‘കാറള്‍മാന്‍ രാജ്യാന്തര പുരസ്ക്കാരം’ പാപ്പാ ഫ്രാന്‍സിസിന് സമ്മാനിക്കും!   പുരസ്ക്കാരദാനം വത്തിക്കാനില്‍ മെയ് 6-ാം തിയതി വെള്ളിയാഴ്ച!! യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും!!! യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ പ്രസി‍ഡന്‍റ് മാര്‍ട്ടിന്‍ ഷൂള്‍സ്, കമ്മിഷന്‍ പ്രസിഡന്‍റ് ഷോണ്‍ ക്ലോഡ് ജുങ്കര്‍, കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക്ക്, ഇറ്റലിയുടെ പ്രധാനമന്ത്രി മത്തെയോ റിന്‍സി എന്നിവര്‍ പാപ്പായെ ആദരിക്കാന്‍ വത്തിക്കാനിലെത്തും.

വെള്ളിയാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 12-മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ഹാളില്‍ ചേരുന്ന സമ്മേളനത്തിലായിരിക്കും യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ പ്രസി‍ഡന്‍റ്, മാര്‍ട്ടില്‍ ഷൂള്‍സ് പാപ്പാ ഫ്രാന്‍സിസിന് പുരസ്ക്കാരം സമ്മാനിക്കുന്നത്. തുടര്‍ന്ന് പാപ്പാ സമ്മേളനത്തെ അഭിസംബോധനചെയ്യും. സാധാരണ ഗതിയില്‍ പുരസ്ക്കാരങ്ങള്‍ സ്വീകരിക്കാത്ത പാപ്പാ ഫ്രാന്‍സിസ് യൂറോപ്പിന്‍റെ ബഹുമതി സ്വീകരിക്കുന്നത് സകലരെയും ആശ്ചര്യപ്പെടുത്തുന്ന പ്രതികരണമാണ്.

മാനവിക പുരോഗതിക്കായി, വിശിഷ്യാ യൂറോപ്പിന്‍റെ ഏകീകരണത്തിനായി പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കുന്ന അതുല്യസമര്‍പ്പണം മാനിച്ചുകൊണ്ടാണ് വിഖ്യാതമായയ കാറള്‍മാന്‍ പുരസ്ക്കാരം പാപ്പാ ഫ്രാന്‍സിസിന് നല്കുന്നത്. ലോകത്ത് ഇന്ന് ധാര്‍മ്മികയുടെ ശബ്ദമാണ് ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ പാപ്പാ ഫ്രാന്‍സിസെന്ന്, പുരസ്ക്കാരകമ്മിറ്റി ​​അംഗവും വത്തിക്കാനിലേയ്ക്കുള്ള ജര്‍മ്മനിയുടെ അമ്പാസിഡറുമായ അനെറ്റ് ഷവാന്‍ മെയ് 5-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

‘യൂറോപ്പിന്‍റെ പിതാവെ’ന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫ്രാന്‍സിന്‍റെ 8-ാം നൂറ്റാണ്ടിലെ ഭരണാധിപനായിരുന്ന, മഹാനായ കാറള്‍മാന്‍ ചക്രവര്‍ത്തിയുടെ നാമത്തില്‍ സ്ഥാപിതമാണ് ഈ രാജ്യാന്തര  പുരസ്ക്കാരം. 2015 ഡിസംബറില്‍ ജര്‍മ്മനിയിലെ ആയ്ഹനില്‍ ചേര്‍ന്ന പുരസ്ക്കാരത്തിനുള്ള യൂറോപ്യന്‍ യൂണിയന്‍റെ പ്രത്യേക കമ്മറ്റിയാണ് പാപ്പാ ഫ്രാന്‍സിസിനെ യൂറോപ്യന്‍ യൂണിയന്‍റെ പേരില്‍ ആദരിക്കുവാന്‍ ഏകകണ്ഠേന തീരുമാനിച്ചത്.

ഈ രാജ്യാന്തര പുരസ്ക്കാരം സ്വീകരിക്കുന്ന 58-ാമത്തെ മഹല്‍വ്യക്തിയും, 2004-ല്‍ പുരസ്ക്കാരം സ്വീകരിച്ചിട്ടുള്ള വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം രണ്ടാമത്തെ സഭാതലവനുമാണ് പാപ്പാ ഫ്രാന്‍സിസ്.

ലോക സമാധാനത്തിന്‍റെ പാതയില്‍ കാരുണ്യവും സഹാനുഭാവവും, ഐക്യദാര്‍ഢ്യവും സൃഷ്ടിയോടുള്ള സമഗ്രമായ സമീപനവും തന്‍റെ വിനീത ശുശ്രൂഷിയിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയും പ്രബോധിപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗോള ആത്മീയ വീക്ഷണത്തില്‍ പങ്കുചേരുവാനും, അദ്ദേഹത്തെ അനുമോദിക്കുവാനും ആദരിക്കുവാനുള്ള യൂറോപ്യന്‍ പാര്‍ലിയമെന്‍റിന്‍റെ അതിയായ ആഗ്രഹമാണ് ഈ പുരസ്ക്കാര ദാനത്തിനു പിന്നിലെന്ന് അനറ്റ് ഷവാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.  








All the contents on this site are copyrighted ©.