2016-05-05 08:39:00

കാരുണ്യത്തിന്‍റെ അനുഭാവമാണ് സഹകരണം : സഹകരണ പ്രസ്ഥാനങ്ങളോട് പാപ്പാ ഫ്രാന്‍സിസ്


മെയ് 4-ാം തിയതി ബുധനാഴ്ച റോമില്‍ സംഗമിച്ച ഇറ്റലിയിലെ സഹകരപ്രസ്ഥാനങ്ങളുടെ  39-ാമത് ദേശീയസംഗമത്തെ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ അഭിസംബോധനചെയ്തത്. ‘രാഷ്ട്രസേവനത്തിന്‍റെ പാതയിലെ പ്രയോക്താക്കള്‍,’ എന്ന ആപ്തവാക്യവുമായി സംഗമിച്ചിരിക്കുന്ന  ഇറ്റലിയുടെ National ConfCooperative ദേശീയ സഹകരണക്കൂട്ടായ്മ മെയ് 5-ാം തിയതി വ്യാഴാഴ്ചവരെ നീണ്ടുനില്ക്കും.

സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ തിങ്ങിനില്ക്കുന്ന ഇന്നിന്‍റെ ആഗോളചുറ്റുപാടില്‍ തൊഴിലിന്‍റെയും സാമൂഹിക സാമ്പത്തിക സുസ്ഥിതിയുടെയും മേഖലയില്‍ സമൂഹങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമാകാന്‍ വിവിധ മേഖലകളിലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ കൂട്ടായ്മയ്ക്കും സാധിക്കട്ടെ! പാപ്പാ ആമുഖമായി ആശംസിച്ചു. സമൂഹത്തിന്‍റെ ദുര്‍ബലരെ തുണയ്ക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനമാവട്ടെ സഹകരണ സംഘങ്ങളെന്നും, പരസ്പര സഹകരണത്തിന്‍റെ മനോഭാവത്തില്‍ തൊഴിലിന്‍റെയും ചെറുകിട ഉല്പാദനത്തിന്‍റെയും പദ്ധതികളിലൂടെ രാജ്യത്തിന്‍റെ സുസ്ഥിതിയിലും സാമ്പത്തിക വളര്‍ച്ചയിലും പങ്കുചേരുവാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. അടിസ്ഥാനപരമായി കുടുംബങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സഹകരണപ്രസ്ഥാനങ്ങള്‍ക്ക് കെട്ടുറപ്പും ഭദ്രതയും ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഉത്തരവാദിത്ത്വപൂര്‍ണ്ണമായി കുടുംബങ്ങളെ പിന്‍തുണയ്ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കായാല്‍ സമൂഹങ്ങളും രാഷ്ട്രവും ‘സ്നേഹത്തിന്‍റെ ആനന്ദം’  അനുഭവിക്കാന്‍ ഇടയാകുമെന്ന് ചാക്രികലേഖനം Amoris Laetitia ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ഫ്രാ‍ന്‍സിസ് പ്രസ്താവിച്ചു.


മൗലികമായ വീക്ഷണത്തിലൂടെ ആര്‍ജ്ജിക്കുന്ന ക്രിയാത്മകതയ്ക്കൊപ്പം ഔദാര്യവും കാരുണ്യവും ജനങ്ങളോടു കാണിക്കണമെന്ന്, സഭ ആചരിക്കുന്ന ജൂബിലിവര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ സംഗമത്തെ ഉദ്ബോധിപ്പിച്ചു. സത്യസന്ധത, നീതി, സമാധാനം എന്നീ മൂല്യങ്ങളും സഹകരണ പ്രസ്ഥാനങ്ങളുടെ അടിത്തറയാകണമെന്ന് പാപ്പാ പ്രസ്ഥാവിച്ചു. കാരണം വ്യാജമായ സഹകരണ പ്രസ്ഥനങ്ങളിലൂടെ അല്ലെങ്കില്‍ കൂട്ടുകെട്ടുകളിലൂടെ ലോകത്ത് തിന്മയും അധോലോക പ്രവര്‍ത്തനങ്ങളും ഭീകരതയും വളര്‍ന്നുവരുന്നുണ്ടെന്ന് പാപ്പാ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. മനുഷ്യന്‍റെയും സമൂഹത്തിന്‍റെയും ആവശ്യങ്ങളും, ആവശ്യങ്ങളില്‍നിന്നു വളരുന്ന അവസരങ്ങളുമായിരിക്കണം സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് പൊതുവായ മൂല്യവും അടിസ്ഥാനവുമെന്ന് പാപ്പാ വ്യക്തമാക്കി.

മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വെമ്പല്‍കൊള്ളുന്ന പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന ലക്ഷ്യം പൊതുതന്മയായിരിക്കട്ടെ (common good). നിങ്ങള്‍ ലക്ഷ്യംവയ്ക്കുന്ന പൊതുന്മ സഹകരണ പ്രസ്ഥാനത്തിന്‍റെ മാത്രമല്ല, ഇറ്റലിയുടെ ഭാഗധേയവും ശ്രേയസ്സുമായിരിക്കും. ഈ വിശാലമായ വീക്ഷണത്തില്‍ സാഹോദര്യത്തിന്‍റെ മാനത്തിലേയ്ക്ക് സഹകരണം ഉയരുമെന്ന് (Cooperative can become fraternity) പാപ്പാ ഉദ്ബോധിപ്പിച്ചു. സഹകരണത്തിന് ആധാരം സാഹോദര്യത്തില്‍ വേരൂന്നിയ വിശ്വാസ്യതയായിരിക്കണം. പാപ്പാ ഉദ്ബോധിപ്പിച്ചു. സഹകരണത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വഴികളിലൂടെ ആര്‍ജ്ജിക്കേണ്ട നേട്ടങ്ങള്‍ക്ക് നാടിന്‍റെ ചരിത്രത്തോടും അതിന്‍റെ സജീവഘടകമായ വ്യക്തികളോടുമുള്ള പ്രതിബദ്ധതയായിരിക്കണം പ്രസ്ഥാനത്തെ നയിക്കേണ്ടതെന്ന് പാപ്പാ എടുത്തുപറഞ്ഞു. അങ്ങനെ  സഹകരണത്തിന്‍റെ പാതയിലൂടെ സമൂഹത്തില്‍  മനുഷ്യാന്തസ്സ്  മാനിക്കപ്പെടുവാനും നിലനിര്‍ത്തുവാനുംവേണ്ട സമര്‍പ്പണം പ്രസ്ഥാനത്തിന്‍റെ നേതൃസ്ഥാനത്തുള്ള സകലര്‍ക്കും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ടും അവര്‍ക്കു നന്ദിപറഞ്ഞുകൊണ്ടുമാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.