2016-05-04 12:12:00

മോണ്‍സീഞ്ഞോര്‍ കുരിയന്‍ വയലുങ്കല്‍ : പാപ്പുവാ ന്യൂഗ്വിനിയിലെ അപ്പസ്തോലിക സ്ഥാനപതി


മോണ്‍സീഞ്ഞോര്‍ കുരിയന്‍ മാത്യു വയലുങ്കലിനെ പാപ്പാ ഫ്രാന്‍സിസ് പാപ്പുവാ ന്യൂഗ്വിനിയിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതിയായി നിയോഗിച്ചു. മെയ് 3-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രസിദ്ധപ്പെടുത്തിയ നിയമന പത്രികയിലൂടെയാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുപോരുന്ന മോണ്‍സീഞ്ഞോര്‍ കുരിയന്‍ വയലുങ്കലിന്‍റെ നിയമനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. ബള്‍ഗേറിയയിലെ റൊത്താരിയയുടെ (Rataria) സ്ഥാനിക മെത്രാപ്പോലീത്ത പദവി നല്‍കിക്കൊണ്ടാണ്, പാപ്പുവാ ന്യൂഗ്വിനിയിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതിയായി മോണ്‍സീഞ്ഞോര്‍ വയലുങ്കലിനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.

കേരളത്തില്‍ വടവാതൂര്‍ സ്വദേശിയായ മോണ്‍സീഞ്ഞോര്‍ വയലുങ്കല്‍ കോട്ടയം കനാനയ അതിരൂപതാംഗമാണ്.

1998-മുതല്‍ വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഈജിപ്തിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയത്തിലെ കൗണ്‍സിലറായി സേവനമനുഷ്ഠിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ ദക്ഷിണ ശാന്തസമുദ്രന്‍ രാജ്യമായ പാപ്പാ ന്യൂഗ്വീനിയയിലേയ്ക്കുള്ള (Papa New Guinea) വത്തിക്കാന്‍റെ സ്ഥാനപതിയായി നിയമിച്ചത്.

ഗ്വീനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹങ്കറി, ഈജിപ്ത് എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളിലെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയ സമ്പത്തുമായിട്ടാണ് നിയുക്തമെത്രാപ്പോലീത്ത കുരിയന്‍ വയലുങ്കല്‍ പാപ്പുവാ ന്യൂഗ്വിനിയിലെ വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

1966-ല്‍ വടവാതൂര്‍ വയലുങ്കല്‍ മത്തായി അന്ന ദിമ്പതികളുടെ മകനായി ജനിച്ചു. കോട്ടയം അതിരൂപതയുടെ സെമിനാരിയിലും, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കി, 1991-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. റോമിലെ സാന്താക്രൂസ് യൂണിവേഴ്സിറ്റിയില്‍ കാനോന നിയമപഠനം പൂര്‍ത്തിയാക്കിയശേഷം പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാഡമിയില്‍ പഠിച്ചുകൊണ്ടാണ് നയതന്ത്രവിഭാഗത്തിലെ സേവനത്തിലേയ്ക്ക് പ്രവേശിച്ചത്.








All the contents on this site are copyrighted ©.