2016-05-03 11:28:00

ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട് : കസാഖ്സ്ഥാനിലെയും താജികിസ്ഥാനിലെയും വത്തിക്കാന്‍റെ സ്ഥാനപതി


ഇറ്റലിയിലെ ഓസ്ട്രായുടെ സ്ഥാനിക മെത്രാനും, ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ മുന്‍സ്ഥാനപതിയുമായിരുന്ന ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ടിനെ മദ്ധ്യേഷ്യന്‍ രാജ്യങ്ങളായ കസാഖ്സ്ഥാന്‍റെയും താജികിസ്ഥാന്‍റെയും അപ്പസ്തോലിക സ്ഥാനപതിയായി ഏപ്രില്‍ 30-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ നിയമിച്ചത്.

2006-മുതല്‍ 2010-വരെ കാലയളവിലാണ് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ഇറാക്ക്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചത്.  തുടര്‍ന്ന് 2010-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമനാണ് അദ്ദേഹത്തെ ഐക്യരാഷ്ട്ര സംഘടയിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി നിയമിച്ചത്. ഇറാക്ക്, ജോര്‍ദാന്‍ എന്നിങ്ങനെയുള്ള പ്രശ്നസങ്കീര്‍ണ്ണമായ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായുള്ള സേവനപരിചയവുമായിട്ടാണ് കത്തോലിക്കര്‍ നാമമാത്രമായുള്ള കസാഖ്സ്ഥാന്‍, താജികിസ്ഥാന്‍ - മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലെ അപ്പസ്തോലിക സ്ഥാനപതിയായി ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പോകുന്നത്. 

ഫിലിപ്പീന്‍സ്, ഹോണ്ടൂരാസ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ ദീര്‍ഘകാലം സേവനംചെയ്തിട്ടുള്ള ആര്‍ച്ചുബിഷപ്പ് ചുട്ടിക്കാട്ടിന്‍റെ ഇറാക്കിലെയും യുഎന്നിലെയും സേവനം സ്തുത്യര്‍ഹമായിരുന്നെന്ന്, ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന് നല്കിയ യാത്രയയപ്പുസംഗമത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ കൊച്ചി നഗരപ്രാന്തത്തിലുള്ള ബോള്‍ഗാട്ടി സ്വദേശിയും വരാപ്പുഴ അതിരൂപതാംഗവുമാണ് ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട്. 1978-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2010-ലാണ് മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.








All the contents on this site are copyrighted ©.