2016-04-30 07:04:00

വൈദ്യശാസ്ത്രം കരുണയുള്ള പ്രതിബദ്ധത പ്രകടമാക്കണം : പുനര്‍ജീവന വൈദ്യശാസ്ത്രസംഗമം


ഏപ്രില്‍  29-ാം തിയതി വെള്ളിയാഴ്ച രാവിലെ പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രാജ്യാന്തര സംഗമത്തെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. വത്തിക്കാന്‍റെ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഏപ്രില്‍ 28-മുതല്‍  30-വരെ  നീണ്ട സമ്മേളനം സംഘടിപ്പിച്ചത്. 

ലോകത്ത് ഇന്ന് വ്യാപകമായിരിക്കുന്ന അത്യപൂര്‍വ്വ രോഗങ്ങള്‍ക്ക് (Rare Diseases) പ്രതിവിധിയായി പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വികസിപ്പിച്ചെടുക്കുന്ന രോഗപ്രതിവിധികളെയും ചികിത്സാക്രമങ്ങളെയും പാപ്പാ പ്രഭാഷണത്തില്‍ ആമുഖമായി ശ്ലാഘിച്ചു.

പുനര്‍ജനകമായതും വേദനിക്കുന്ന മനുഷ്യര്‍ക്ക് പുതുജീവന്‍ പകരുന്നതുമായ നൂതന ചികിത്സാസമ്പദായം ഇന്നത്തെ ലോകത്തിന് പ്രത്യാശ പകരുന്നതാണ്. വേദനിക്കുന്ന മനുഷ്യന്‍റെ കണ്ണുകളിലേയ്ക്ക് ആത്മാര്‍ത്ഥമായി നോക്കുന്ന വ്യക്തിയുടെ ഹൃദയത്തില്‍ ഉണരുന്ന അടിസ്ഥാനഭാവം കാരുണ്യമാണെന്ന്, സഭ ആചരിക്കുന്ന ജൂബിലവത്സരത്തിന്‍റെ അരൂപിയില്‍ പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ വിദഗ്ദ്ധരെ  പാപ്പാ ഉദ്ബോധിപ്പിച്ചു (mv.2).  ലോകത്ത് വ്യക്തിതലത്തിലും സാമൂഹികതലത്തിലും വളര്‍ന്നുവരുന്ന നിസ്സംഗത വലുതാണ്. ആഗോളവത്കൃതമാകുന്ന നിസ്സംഗതയെ നേരിടാന്‍ രാജ്യാന്തര തലത്തില്‍ വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ വളര്‍ത്തിയെടുക്കുന്ന പരിചരണത്തിന്‍റെയും, സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും മനുഷ്യരോടുള്ള പ്രതിബദ്ധതയ്ക്കു സാധിക്കും.

 

ഇന്നു ലോകത്തുള്ള നിസ്സംഗതയെ മറികടക്കാന്‍ ഉതകുന്ന മൂന്നു പ്രതിബദ്ധതയുടെ പ്രായോഗിക ചിന്തകള്‍ സമ്മേളത്തില്‍ പാപ്പാ പങ്കുവച്ചു:

വേദനിക്കുന്നവരോട് കാണിക്കേണ്ട വര്‍ദ്ധിച്ച സഹാനുഭാവം. രോഗത്തിനും വേദനയ്ക്കും സമ്പൂര്‍ണ്ണ പ്രതിവിധി കണ്ടെത്താനായില്ലെങ്കിലും പ്രതിബദ്ധതയോടെ എത്രയും വേഗം രോഗിക്കു നല്കുന്ന കരുണയുള്ള പരിചരണം പ്രതിബദ്ധതയുടെ ആദ്യ ഘടകമായി  പാപ്പാ വിശദീകരിച്ചു.

സൂക്ഷ്മായ ശാസ്ത്രപഠനത്തിലൂടെ പുരോഗമിക്കുന്ന പുനര്‍ജീവന ചികിത്സയുടെ ഗവേണങ്ങളില്‍   വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യത്തിന്‍റെ സാമര്‍ത്ഥ്യവും,  അറിവിന്‍റെ സമഗ്രതയും നിലനിറുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ ജീവന്‍റെ പരിചരണത്തില്‍ പാലിക്കേണ്ട ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ തനിമയും സവിശേഷതയുമായിരിക്കണമെന്ന് , രണ്ടാമത്തെ ഘടകമായി പാപ്പാ  ഉദ്ബോധിപ്പിച്ചു.

മൂന്നാമതായി, ശുശ്രൂഷയുടെ മേഖലയില്‍ ഇന്ന് ആവശ്യമായിരിക്കുന്ന കലവറയില്ലാത്ത ‘ശ്രദ്ധ’യെക്കുറിച്ചായിരുന്നു പാപ്പാ പരാമര്‍ശിച്ചത്.  നന്മയിലുള്ള മാനവപുരോഗതി, വിശിഷ്യാ അത് വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അനിവാര്യമായ ഘടകമാണ്, ആശ്രിതരോട് ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കേണ്ട ശ്രദ്ധയും കരുതലും. ജീവന്‍റെ മൂല്യത്തിനും മുകളില്‍ നില്ക്കുന്ന ലാഭേച്ഛയും ഉപഭോഗസംസ്ക്കാരവും കച്ചവടമനഃസ്ഥിതിയും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ മേഖലയില്‍ എവിടെയും കണ്ടുവരുന്നത് പാപ്പാ ചൂണ്ടിക്കാട്ടി.  ഈ സമ്പ്രദായത്തിന്‍റെ ഇരകള്‍ ആദ്യം, പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണ്. ഒപ്പം അത്  അസമത്വത്തിന്‍റെയും ‘വലിച്ചെറിയലി’ന്‍റെയും സംസ്ക്കാരം (culture of inequality and exclusion) സമൂഹത്തില്‍ വളര്‍ത്തുന്നുമുണ്ടെന്ന് പാപ്പാ വിശദമാക്കി.

മറ്റെന്തിനെക്കാളും മനുഷ്യജീവനെ മാനിക്കുന്ന പുനര്‍ജീവന ചികിത്സാ സമ്പ്രദായവും, അതിനെ പിന്‍താങ്ങുന്ന ധാര്‍മ്മികതയും ശ്രദ്ധയുമുള്ള മാതൃകാരീതിയും (paradigm shift), സത്യസന്ധവും സമഗ്രവുമായ ഗവേഷണ പഠനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കട്ടെയെന്ന്  500-ല്‍ അധികംപേര്‍ പങ്കെടുത്ത സമ്മേളനത്തെ പാപ്പാ ആശംസിച്ചു. ‘പുനര്‍ജനകമായ’  (Regenerative),  വാക്കു സൂചിപ്പിക്കുന്നതുപോലെ തന്നെ നവജീവന്‍ നല്കുന്നൊരു ചികിത്സാരീതി വികസിപ്പിച്ച് സമൂഹത്തിനു കാഴ്ചവയ്ക്കാന്‍ ഈ മേഖലയിലെ ‍ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും കഴിയട്ടെ!  ജീവിന്‍റെയും നന്മയുടെയും പാതിയിലെ ഈ പ്രയാണത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം താന്‍ കൂടെയുണ്ടാകുമെന്ന വാഗ്ദാനത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.