2016-04-30 15:21:00

ദൈവേഷ്ടം അന്വേഷിക്കുന്നവരും ക്രിസ്തുവിന്‍റെ കാരുണ്യം തേടുന്നവരും


ഇന്നത്തെ സുവിശേഷഭാഗത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട വചനം ആദ്യത്തെ വചനംതന്നെയാണ്. ഈശോ പ്രതിവചിച്ചു. “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും.” യേശുവിനെ സ്നേഹിക്കുന്നവന്‍ അവിടുത്തെ വചനം പാലിക്കുന്നു.

ക്രിസ്തുവിനോടുള്ള സ്നേഹം ചരിത്രത്തില്‍ ഉടനീളം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. ക്രിസ്തീയ  ചരിത്രത്തില്‍ ക്രിസ്തുവിനോടുള്ള സ്നേഹമെന്താണ്? ഇത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി നടത്തിയിട്ടുള്ള യുദ്ധങ്ങള്‍,  അതില്‍ ഏറ്റവും ‘ക്ലാസിക്കലാ’യിട്ടുള്ളത് അല്ലെങ്കില്‍ ശ്രദ്ധേയമാകുന്നത് കുരിശുയുദ്ധങ്ങളാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി മറ്റുള്ളവരെ കൊല്ലുകയായിരുന്നു. കൊല്ലുന്നത് ക്രിസ്തുവിനെപ്രതിയുള്ള സ്നേഹത്താലാണെന്നു പറയുന്നതിലുള്ള വൈരുദ്ധ്യം ശ്രദ്ധേയം. അതുകൊണ്ട്, ക്രിസ്തുവിനോടുള്ള സ്നേഹം എന്താണ്? അത് ഇന്നത്തെ സുവിശേഷം വിവരിക്കുന്നുണ്ട്.

“എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനങ്ങള്‍ പാലിക്കുന്നു.” വചനം എന്നു പറഞ്ഞാല്‍ - ക്രിസ്തുവിന്‍റെ വചനമാണ്. അവിടുത്തെ തിരുഹിതം ഒളിഞ്ഞിരിക്കുന്നത് ദൈവവചനത്തിലാണ്. അവിടുത്തെ തിരുഹിതം ക്രിസ്തുവിന്‍റെ ഇഷ്ടംതന്നെ! ക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍ ക്രിസ്തുവിന്‍റെ ഇഷ്ടം അനുദിനജീവിതത്തില്‍ കൃത്യമായി അനുഷ്ഠിക്കും. യേശുവിന്‍റെ ഇഷ്ടമെന്താണ്, ദൈവേഷ്ടമെന്താണ് എന്നുള്ള അന്വേഷണവും, ദൈവേഷ്ടം ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള ശ്രമവുമാണ് ക്രിസ്തുവിനോടുള്ള യഥാര്‍ത്ഥ സ്നേഹമെന്നു പറയുന്നത്. അതാണ് ക്രിസ്തുവിന്‍റെ സ്നേഹിതന്‍ ചെയ്യുന്നത്. രസകരമായ കാര്യം, ക്രിസ്തുവോടുള്ള സ്നേഹം, അല്ലെങ്കില്‍ ക്രിസ്തുവിന്‍റെ തിരുവിഷ്ടം നിറവേറ്റാനുള്ള തീക്ഷ്ണതയാണ് ചരിത്രത്തില്‍ ഇന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും അടുത്തിടയ്ക്കുള്ള ഒരു ഉദാഹരണം പറയട്ടെ! സോഷ്യല്‍ മീഡിയയില്‍ ‘വൈറലാ’യിട്ട്, ധാരാളമായിട്ട് പടര്‍ന്നുകയറിയ ഒരു ധ്യാനഗുരുവിന്‍റെ പ്രസംഗം!! സ്ത്രീകളുടെ അല്ലെങ്കില്‍  പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു പ്രസംഗം. സ്ത്രീകള്‍ ‘ജീന്‍സി’ടുന്നതിനെയും അതിനോടനുബന്ധിച്ചുള്ള വസ്ത്രധാരണങ്ങളെയും കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു. അച്ചന്‍ ചോദിക്കുന്നത്, ഈ വസ്ത്രങ്ങളൊക്കെ ഇട്ടുകൊണ്ട് കുര്‍ബ്ബാന സ്വീകരിക്കാന്‍ വന്നുനില്ക്കുമ്പോള്‍, കുര്‍ബാന കൊടുക്കണമോ, ഇറക്കിവിടണമോ? എന്നുള്ള ആകുലതയിലാണ്. എന്നിട്ട് അടുത്ത ചോദ്യം, ഇത്തരം വസ്ത്രങ്ങള്‍ ഇടാന്‍ തിരുസഭ നിങ്ങളെ അനുവദിക്കുന്നുണ്ടോ? അടുത്ത ചോദ്യം, വിശുദ്ധ ബൈബിള്‍ അനുവദിക്കുന്നുണ്ടോ? എന്നിട്ട് അദ്ദേഹം ഉടനെതന്നെ ഉദ്ധരിക്കുന്നത് നിയമാവര്‍ത്തന ഗ്രന്ഥത്തില്‍നിന്നുമാണ്. ആണുങ്ങളുടെ വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഇടരുതേ, എന്ന വചനമാണ്. പഴയനിയമത്തിലെ നിയമാവര്‍ത്തന പുസ്തകത്തിലെ വചനമാണത് (നിയമാവര്‍ത്തനം 22, 5). അതിന്‍റെ ചുവടുപിടിച്ചുകൊണ്ടാണ് കര്‍ശനമായിട്ട് ഈ കല്പന, തീട്ടുരം പ്രാസംഗികന്‍ ഇറക്കുന്നത്.

തിരിച്ചൊന്നു ചോദിക്കട്ടെ, സ്ത്രീകളും പുരുഷന്മാരും ഏതെല്ലാം വസ്ത്രങ്ങള്‍ എങ്ങനെയെല്ലാം ഇടണമെന്ന് പഠിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ പഠനമുണ്ടോ, Dogma-യുണ്ടോ? ഇല്ലല്ലോ!   പിന്നെ നിയമാവര്‍ത്തന പുസ്തകത്തിലെ നിര്‍ദ്ദേശം ​അനുഷ്ഠിക്കാന്‍ ക്രിസ്തു പഠിപ്പിക്കുന്നുണ്ടോ? ഇല്ലല്ലോ! സഭ പഠിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ കണ്ണുകളിലൂടെ പഴയനിയമത്തെ കാണാനും വ്യാഖ്യാനിക്കുവാനുമാണ്. അല്ലാതെ പഴയനിയമത്തിലെ വചനങ്ങള്‍ അതേപടിയെടുത്തു സ്വീകരിക്കാനല്ല. ക്രിസ്തോന്മുഖമായ Christo-centric ആയിട്ടുള്ളൊരു വ്യാഖ്യാനമാണ് കത്തോലിക്കാ സഭയുടെ ബൈബിളിന്‍റെ, വചനത്തിന്‍റെ താക്കോല്‍ എന്നു പറയുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യം ക്രിസ്തുവിന്‍റെ ഇഷ്ടമാണെന്നു ധ്യാനഗുരു പറഞ്ഞു പോകുന്നതാണ്. അവസാനം ചെന്നു നില്ക്കുന്നത് ക്രിസ്തുവിന്‍റെ വിരുദ്ധപക്ഷത്തല്ലേ...!

പ്രത്യേക വസ്ത്രവിദാനം ചെയ്തുവന്ന യുവതികളെക്കുറിച്ച് ധ്യാനഗുരു ഉപയോഗിക്കുന്ന പ്രയോഗം അല്ലെങ്കില്‍ വാക്ക് ശ്രദ്ധിക്കേണ്ടതാണ്. ‘സാധന’മെന്നാണ്, ഈ സാധനം വന്ന് മുന്നില്‍ നില്ക്കുമ്പോള്‍...! ‘സാധനം’ എന്ന പദം സാധാരണഗതിയില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നത് സ്മാര്‍ത്ത വിചാരത്തില്‍, വ്യഭിചാരശങ്കയില്‍ പിടിക്കപ്പെട്ടശേഷം ശിക്ഷിക്കപ്പെടാവുന്ന സ്ത്രീകളെ, പ്രത്യേകിച്ച് നമ്പൂതിരി സ്ത്രീകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് - സാധനം! പള്ളിയില്‍ ദൈവസന്നിധിയില്‍ വന്നുനില്ക്കുന്നവളെക്കുറിച്ച് വൈദികന്‍ പറയുന്ന വാക്കാണിത്!?  ഉറപ്പായിട്ടും ക്രിസ്തുവിന്‍റെ എതിര്‍പക്ഷത്താണ് ഈ ധ്യാനഗുരു നില്ക്കുന്നത്. സംശയം വേണ്ട!

യോഹന്നാന്‍റെ സുവിശേഷത്തില്‍ 8-ാം അദ്ധ്യായത്തില്‍ ഏഴാമത്തെ വചനത്തിലാണ് ക്രിസ്തു സമാനമായിട്ട് പറയുന്നത്, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെക്കൊണ്ടുവന്നു മുന്നില്‍ നിറുത്തുമ്പോള്‍ ഈശോ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്, നിങ്ങളില്‍ പാപംചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ! (യോഹ. 8, 7). എല്ലാവരും കല്ലു താഴെയിട്ടിട്ട് പോകുമ്പോള്‍ ഈശോ പറയുന്ന വചനം ഹൃദയസ്പര്‍ശിയാണ്, “മകളേ, ഞാനും നിന്നെ വിധിക്കുന്നില്ല!” ഇതാണ് ക്രിസ്തുപക്ഷം.  ക്രിസ്തുവിന്‍റെ ഇഷ്ടമിതാണെന്നു പറഞ്ഞുവച്ച ധ്യാനപ്രസംഗകന്‍ നല്ക്കുന്നത് നേരെ എതിര്‍പക്ഷത്താണ്. അതില്‍ സംശയമൊന്നും വേണ്ട! അല്പംപോലും കരുണയില്ലാത്ത  വിധി പ്രസ്താവനയായിട്ടു നില്ക്കുമ്പോള്‍..!  ക്രിസ്തുവിനെക്കുറിച്ച്... അവിടുത്തെ ഇഷ്ടം ഏതാണ്, എന്താണ് എന്ന കാര്യത്തിലുള്ള അമിതമായ ഉറപ്പാണ് ഇവിടെ പ്രകടമാക്കുന്നത്. ഈ അമിതമായ ഉറപ്പ് അപകടകരമാണ്. ഇതിനെയാണ് പാപ്പാ ഫ്രാന്‍സിസ് ‘ക്ലെരിക്കലിസം’ clericalism, വൈദിക മേല്‍ക്കോയ്മ എന്നു വിളിക്കുന്നത്. പൗരോഹിത്യത്തിന്‍റെ അധികാരപ്രമത്തത എന്നു വിളിക്കുന്നത്. ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്ന് എനിക്ക് കൃത്യമായിട്ടും അറിയാമെന്നുള്ള ധാര്‍ഷ്ട്യമുണ്ടല്ലോ! ദൈവം, ഈ പറയുന്ന ധ്യാനഗുരുവിന്‍റെയോ, എന്‍റെയോ പ്രൈവറ്റ് സെക്രട്ടറിയാണോ!? നമ്മളാണോ ദൈവേഷ്ടത്തിന്‍റെ കുത്തവകാശക്കാര്‍!? അതുകൊണ്ടുതന്നെ ഈ ദൈവേഷ്ടം, ക്രിസ്തുവിന്‍റെ ഇഷ്ടം എന്നു പറയുന്നത് തെറ്റിദ്ധരിക്കപ്പെടാന്‍ ഏറെ സാദ്ധ്യതയുണ്ട്. ആത്മീയമേഖലയില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്ന ധ്യാനഗുരുക്കന്മാര്‍ക്കും ദൈവശാസ്ത്രജ്ഞന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും, അല്ലെങ്കില്‍ നേതൃസ്ഥാനത്തിരിക്കുന്ന ആര്‍ക്കും പറ്റാവുന്ന അബദ്ധമാണിത്. ദൈവഹിതം, ദൈവപക്ഷം ഇതാണെന്ന് ഉറപ്പിച്ച്, തറപ്പിച്ചു പറഞ്ഞു നില്ക്കുന്ന ഒരവസ്ഥ! അവിടെയാണ് ഈശോ പറഞ്ഞ വചനം മനസ്സിലാക്കേണ്ടത്, “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കുന്നു, എന്‍റെ ഇഷ്ടമെന്താണെന്ന് തിരിച്ചറിഞ്ഞ്, അതു പാലിച്ചു ജീവിക്കുന്നു” (യോഹ. 14, 21).

ക്രിസ്തുവിന്‍റെ ഇഷ്ടം, ദൈവേഷ്ടം എന്താണെന്നു തിരിച്ചരിയുന്നത് ഒരു തുടര്‍പ്രകൃയയാണ്. ജീവിതത്തിന്‍റെ ഓരോ ദിവസവും ഓരോ നിമിഷങ്ങളിലും ഓരോരുത്തനും അന്വേഷിച്ചുകൊണ്ടിരിക്കേണ്ടതാണത്. ഇക്കാര്യത്തില്‍ ക്രിസ്തുവിന്‍റെ ഇഷ്ടമെന്താണ്?  ആ ഇഷ്ടം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതാണ് ക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍, സനേഹിക്കുന്നവള്‍ ചെയ്യേണ്ടത്. അങ്ങനെ ക്രിസ്തിവിന്‍റെ ശിഷ്യന്‍ അല്ലെങ്കില്‍ ശിഷ്യ ചെയ്യേണ്ടത് അനുദിനജീവിത്തില്‍ അവിടുത്തെ ഇഷ്ടം കണ്ടെത്തുകയാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ ഇഷ്ടം ഇന്നതാണെന്ന അമിതമായ ഉറപ്പ് ഒരുവനെ കൊണ്ടുനിറുത്തുന്നത്, ക്രിസ്തിവിന്‍റെ എതിര്‍ പക്ഷത്തായിരിക്കും!

ഈശോയുടെ കാലത്ത് നിലനിന്നിരുന്ന മതാനുഷ്ഠാനങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്ന ഫരിസേയര്‍ക്കു പറ്റിയതെന്താണ്, നിയമജ്ഞര്‍ക്കു പറ്റിയതെന്താണ്? ദൈവത്തിന്‍റെ ഹിതമെന്താണെന്നു തങ്ങള്‍ക്ക് നന്നായിട്ട് അറിയാമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ദൈവത്തിന്‍റെ ഇഷ്ടം തങ്ങള്‍ക്കറിയാം. ദൈവവചനവും ദൈവികകല്പനകളും കര്‍ശനമായി പഠിച്ചിരിക്കുന്നവരാണ്. അതുകൊണ്ട് എന്തുപറ്റി? എല്ലാത്തിനെക്കുറിച്ചും നൂറുതരം ഉറപ്പുണ്ടായിരുന്നവര്‍ ഇതാ, ക്രിസ്തുവിന്‍റെ ശത്രുപക്ഷത്തു നില്ക്കുന്നു! ഇതാണ് ഇന്നു ക്രൈസ്തവ മതമേഖലയിലും സംഭവിക്കുവുന്ന, സംഭവിക്കുന്ന അപകടം.  ആത്മീയ നേതാക്കന്മാര്‍, ധ്യാനഗുരുക്കന്മാര്‍ ദൈവേഷ്ടം തങ്ങള്‍ക്ക് അറിയാമെന്ന അമിതമായ ഉറപ്പുമായി നില്ക്കുകയാണ്. ഇക്കൂട്ടര്‍ അറിയാതെതന്നെ ചെന്നു നില്ക്കുന്നത് ഫരീസേയരുടെയും നിയമജ്ഞന്മാരുടെയും സ്ഥാനത്താണ്. എന്നാല്‍ അവര്‍ നില്ക്കുന്നത് ക്രിസ്തിവിന്‍റെ എതിര്‍പക്ഷത്തുമാണ്. ഇവിടെയാണ് ഈശോ പറയുന്നത്, “എന്‍റെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം ജീവിതത്തില്‍ അനുഷ്ഠിക്കും,” എന്ന്.

ലളിതമായൊരു ചോദ്യം ചോദിക്കേണ്ടത്, ക്രിസ്തുവിന്‍റെ ഇഷ്ടത്തിന്‍റെ അല്ലെങ്കില്‍ ‍ദൈവഹിതത്തിന്‍റെ ആത്മാവ് എന്നു പറഞ്ഞാല്‍ എന്താണ്? ദൈവഹിതത്തിന്‍റെ ആത്മാവ് എന്നു പറയുന്നത്, ക്രൂശിതനാണ്. ക്രൂശിതനായ ക്രിസ്തുവാണ്! എന്നു പറഞ്ഞാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാം കൊടുക്കുന്നവന്‍, കൊടുത്തു കൊടുത്ത് അവസാനം തന്‍റെ ജീവന്‍പോലും കുരിശില്‍ യാഗമായി സമര്‍പ്പിച്ചവന്‍! അതാണ് ദൈവഹിതത്തിന്‍റെ ഏറ്റവും വലിയ കൊടുമുടി. ക്രിസ്തുവിനെക്കുറിച്ച് ബൊനെഫര്‍ പറഞ്ഞത്, മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളവന്‍, മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവന്‍... A man for others എന്നാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളവന്‍ the other-centeredness !  ക്രിസ്തുവിന്‍റെ ഇഷ്ടത്തിന്‍റെ ആത്മാവ് അല്ലെങ്കില്‍ കേന്ദ്രം... മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ജീവിതം, പരോന്മുഖതയാണ്, പരസ്നേഹമാണ് എന്ന് പറയാന്‍ പറ്റും. അതായിരിക്കണം നമ്മുടെയും ജീവിതത്തിന്‍റെ അളവുകോല്‍.

ഞാന്‍ ചിന്തിക്കുന്നതും, ഞാന്‍ പറയുന്നതും, ഞാന്‍ ചെയ്യുന്നതും ക്രിസ്തുവിന്‍റെ ഇഷ്ടമാണോ?  ഇത് പറയാന്‍ എളുപ്പമുണ്ട്. എന്നാല്‍ ഞാന്‍ ചെയ്യുന്നതില്‍, പറയുന്നതില്‍ പരസ്നേഹത്തിന്‍റെ ചൈതന്യമുണ്ടോ, ആത്മാവുണ്ടോ? ഉണ്ടെങ്കില്‍ മാത്രമേ, അത് ക്രിസ്തുവിന്‍റെ ഇഷ്ടമായിട്ട് മാറുന്നുള്ളൂ. ദൈവഹിതമായിട്ടു മാറുന്നുള്ളൂ. ക്രിസ്തുവിന്‍റെ ഹിതം നിറവേറ്റുന്നവന്‍ മാത്രമാണ് ക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍. “എന്നെ സ്നേഹിക്കുന്നവന്‍‍ എന്‍റെ വചനം പാലിക്കും,” എന്നാണ് ഈശോ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതം എന്നു പറയുന്നത് ഒരുന്വേഷണമായിരിക്കണം. ഓരോ ദിവസവും, ഓരോ പ്രാവശ്യവും ഞാന്‍ചെയ്യുന്ന കാര്യങ്ങളില്‍ ദൈവത്തിന്‍റെ ഹിതമെന്താണ്? ക്രിസ്തിവിന് ഇതിനെക്കുറിച്ചുള്ള ഇഷ്ടമെന്താണ്. അത് അന്വേഷിക്കുവാനും, അത് എന്‍റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുമ്പോഴാണ് ഞാന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍, സ്നേഹിക്കുന്നവള്‍ ആയിത്തീരുന്നത്. അതുകൊണ്ടുതന്നെ അമിതമായ ഉറപ്പ് ഇല്ലാതിരിക്കുക. അത് കൈവെടിയുക. കാരണം അത്, എല്ലാറ്റിനെയും കുറിച്ചുള്ള ഉറപ്പ് തമ്പുരാനു മാത്രമല്ലേയുള്ളൂ! അതുകൊണ്ടുതന്നെ ക്രിസ്തു ആവശ്യപ്പെടുന്നത്,  ഒരു അന്വേഷകന്‍റെ സ്ഥാനത്ത് നിലക്കുക. എന്നിട്ട് ദൈവിഹിതം കണ്ടെത്തുക. ഓരോ ശിഷ്യനോടും ശിഷ്യയോടും ഈശോ ആവശ്യപ്പെടുന്നത് ഇതാണ്.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് പഠിപ്പിച്ചതുപോലെ ജീവിക്കുവാനും, എന്നും ദൈവഹിതം അന്വേഷിക്കുന്നവനും, അന്വേഷിക്കുന്നവളും ആയിത്തീരുവാനുള്ള എളിമ തരിക! അമിതമായ ഉറപ്പിന്‍റെ അഹങ്കാരത്തിലേയ്ക്ക് വീഴാന്‍ ഈശോയേ, അങ്ങിടയാക്കരുതേ... ! അങ്ങിനെയൊരു വഴിയിലേയ്ക്കു പോകാന്‍ അങ്ങെന്നെ അനുവദിക്കരുതേ!! എനിക്കെല്ലാം അറിയാമെന്ന അമിതമായ ഉറപ്പുതരുന്ന അഹങ്കാരത്തിലേയ്ക്ക് ഒരിക്കലും അങ്ങെന്നെ വീഴ്ത്തരുതേ! അതിനുപരിയായിട്ട് എളിമയോടെ എന്നും അങ്ങേ ഹിതം അന്വേഷിക്കാന്‍ പഠിപ്പിക്കണേ!  അറിയില്ല, അറിയാന്‍ ശ്രമിക്കുന്നതേയുള്ളൂ, അന്വേഷിക്കുന്നതേയുള്ളൂ! എന്ന ഭാവത്തില്‍ത്തന്നെ അങ്ങയോടു ചോദിക്കുവാനും അറിയുവാനുമുള്ള തുറവുതരണേ! മാത്രമല്ല, എല്ലാക്കാര്യങ്ങളിലും ക്രിസ്തുഹിത്തിന്‍റെയും അറിവിന്‍റെയും ആത്മാവ് കരുണയാണെന്ന് തിരിച്ചറിയുവാനുള്ള വലിയ മനസ്സ്, മനസ്സിന്‍റെ ശക്തി തരേണമേ! നാഥാ, അങ്ങേ കരങ്ങളില്‍ എന്‍റെ ജീവിതവും, ജീവിതത്തിന്‍റെ തീരുമാനങ്ങളും സമര്‍പ്പിക്കുന്നു. എല്ലായിടത്തും അങ്ങേ ഹിതമന്വേഷിക്കാന്‍, അങ്ങേ വചനം പാലിക്കാന്‍ അതിലൂടെ അങ്ങയെ ഇഷ്ടപ്പെടുന്നവനും ഇഷ്ടപ്പെടുന്നവളും ആയിത്തീരുവാനുള്ള കൃപതരണമേ! ആമേന്‍.

 








All the contents on this site are copyrighted ©.