2016-04-22 07:48:00

സമാധാനത്തിന്‍റെ പാതയില്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ അനിവാര്യം


പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ദൈവരാജ്യത്തിന്‍റെ സാന്ത്വനവും രക്ഷയും നല്കിക്കൊണ്ടാണ് ക്രിസ്തു ഭൂമിയില്‍ ദൈവരാജ്യം തുറന്നതും സ്ഥാപിച്ചതും. അതിനാല്‍ പാവപ്പെട്ടവരോട് സഭയ്ക്ക് പ്രത്യേക പ്രതിബദ്ധതയുണ്ടെന്ന് ‘കാരിത്താസ്’ പ്രവര്‍ത്തകരെ  പാപ്പാ ഉദ്ബോധിപ്പിച്ചു. സമൂഹത്തിലെ എളയവരില്‍ നാം കണ്ടുമുട്ടുന്ന ക്രിസ്തുസാന്നിദ്ധ്യമാണ് യഥാര്‍ത്ഥത്തില്‍ ദൈവരാജ്യത്തിന്‍റെ സാക്ഷാത്ക്കാരമെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

പാവങ്ങളെ പുറംതള്ളുന്നവര്‍ ക്രിസ്തുവിനെയാണ് പുറംതള്ളുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഇറ്റലിയിലെ ‘കാരിത്താസ്’ ഉപവിപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരെ ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ആയിരത്തോളം ‘കാരിത്താസ്’ പ്രവര്‍ത്തകരും സന്നദ്ധസേവകരും പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാനായി വത്തിക്കാനില്‍ സമ്മളിച്ചിരുന്നു. ഏപ്രില്‍ 19, 20 തിയതികളില്‍ റോമില്‍ സംഗമിച്ച ദേശീയ സമ്മേളനത്തിന് സമാപ്തിയായിട്ടാണ് പ്രസ്ഥാനത്തിലെ അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്.

കാരിത്താസിന്‍റെ വിദ്യാഭ്യാസ ദൗത്യത്തെയും മതബോധനപരമയ പ്രവര്‍ത്തനങ്ങളെയും ശ്ലാഘിച്ച പാപ്പാ, വെല്ലുവിളികള്‍ നിറഞ്ഞതും വൈരുദ്ധ്യപൂര്‍ണ്ണവുമായ ഇന്നിന്‍റെ സാമൂഹ്യചുറ്റുപാടുകളെക്കുറിച്ചും പ്രഭാഷണത്തില്‍ പ്രതിപാദിച്ചു. വിശ്വാസത്തില്‍നിന്നും ഉതിരുന്ന സല്‍പ്രവൃത്തികളായിരിക്കും സമഗ്രവും മേന്മയാര്‍ന്നതുമായ ഉപവിയുടെയും ക്രിസ്തുസ്നേഹത്തിന്‍റെയും സാക്ഷ്യമെന്ന് പാപ്പാ പ്രസ്തിവിച്ചു. കാലികമായ വെല്ലുവിളികള്‍ക്കും ജീവിത വൈരുദ്ധ്യങ്ങള്‍ക്കും ഇടയിലും ഉപവിപ്രവര്‍ത്തനം ഓരോ ക്രൈസ്തവന്‍റെയും മുഖമുദ്രയാക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സമകാലീന സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ പ്രതിഭാസം, യുദ്ധവും കലാപങ്ങളും, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ ആഗോളതലത്തില്‍ പൂര്‍വ്വോപരി ശക്തിയോടെയാണ് ഇന്ന് തലപൊക്കുന്നത്. ഇങ്ങനെയുള്ളൊരു ജീവിതചുറ്റുപാടില്‍ സമഗ്രമായ പാരിസ്ഥിക സന്തുലിതാവസ്ഥ നിലനിറുത്താന്‍ ഉപവി പ്രവര്‍ത്തനങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കുന്ന അനുരഞ്ജനത്തിന് കരുത്തുണ്ട്. അങ്ങനെ സമൂഹത്തില്‍ സമാധാനം ആര്‍ജ്ജിക്കുവാന്‍  സാധിക്കുമെന്നും ‘കാര്‍ത്താസ്’ പ്രവര്‍ത്തകരെ പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.